തിരുവനന്തപുരം:കഞ്ചാവ്, എം.ഡി.എം.എ അടക്കമുള്ള ലഹരിവസ്തുക്കളുടെ വ്യാപനം കൂടിയതോടെ പൊലീസുകാർ പട്രോളിംഗിന് ഇറങ്ങുന്നത് ജീവൻ പണയം വച്ചാണ്. ലഹരിക്കേസ് പ്രതിയുടെ ആക്രമണത്തിൽ പൂജപ്പുര എസ്.ഐ സുധീഷിന് വലതുകൈയ്ക്ക് പരിക്കേറ്റതാണ് ഒടുവിലത്തെ സംഭവം.
നഗരത്തിലെ വിവിധയിടങ്ങളിൽ വിഹരിക്കുന്ന കഞ്ചാവ്,ലഹരി മാഫിയാകളുടെ ആക്രമണങ്ങൾ ഇപ്പോൾ സ്ഥിരമായിരിക്കുകയാണ്.ആയുധങ്ങളുമായാണ് ഇവരുടെ സഞ്ചാരം. പക തോന്നുന്നവരെ ക്രൂരമായി കൊല്ലാൻ ഇത്തരക്കാർക്ക് മടിയില്ല.
കുറച്ചുനാൾ മുൻപാണ് നഗരത്തിലെ ഒരു ഹോട്ടൽ മാനേജരെ ലഹരിക്കടിമയായ പ്രതി ഹോട്ടലിനുള്ളിൽ കയറി വെട്ടിക്കൊന്നത്.അതിന് മുൻപാണ് വഴയില ആറാം കല്ലിലെ ലോഡ്ജിൽ ഒരു യുവാവിനെ ഒപ്പം മദ്യപിച്ചയാൾ വെട്ടിക്കൊലപ്പെടുത്തിയത്.സമാനമായ അടിപിടിക്കേസുകളും മാരകായുധങ്ങൾ ഉപയോഗിച്ചുള്ള അക്രമങ്ങളും ഇപ്പോൾ പതിവായിട്ടുണ്ട്.
ലഹരിക്കച്ചവടം വ്യാപകമായതോടെ അക്രമസംഭവങ്ങളും മുമ്പത്തേക്കാൾ സ്ഥിരമാകുകയാണ്. പ്രതികളെ പിടികൂടാൻ എത്തുന്ന പൊലീസുകാർക്കാകട്ടെ യാതൊരു സുരക്ഷാ സംവിധാനങ്ങളുമില്ല. ലഹരി ഉപയോഗിക്കുന്നവർ അക്രമാസക്തരാകുന്നതോടെ പലപ്പോഴും പൊലീസിന് സ്വജീവൻ രക്ഷിക്കാൻ ഓടി രക്ഷപ്പെടേണ്ട അവസ്ഥയാണ്.അതിനാൽ ഇത്തരം കേസുകളിലെ പ്രതികളെ പിടികൂടാനും പൊലീസിന് കഴിയുന്നില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |