
പാലോട്: നന്ദിയോട്,പെരിങ്ങമ്മല പഞ്ചായത്തുകളിൽ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമായിട്ടും നടപടിയെടുക്കാത്തതിൽ പ്രതിഷേധം ശക്തമാവുന്നു.
കഴിഞ്ഞ ദിവസം പ്രഭാതസവാരിക്കിറങ്ങിയ എസ്.എൻ.ഡി.പി നന്ദിയോട് ശാഖാ മുൻ സെക്രട്ടറിയും പാലിയേറ്റീവ് കെയർ പ്രവർത്തകനുമായ നന്ദിയോട് ഗോപിനാഥൻ ഉൾപ്പെടെ തെരുവുനായ്ക്കളുടെ ആക്രമണത്തിന് ഇരയായവർ 8 പേരാണ്, നന്ദിയോട് ജംഗ്ഷനിൽ മാത്രം. പഞ്ചായത്ത് ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ കായിക പരിശീലനത്തിനെത്തിയ നിരവധി പേരാണ് കഴിഞ്ഞ ഒരു മാസത്തിനിടെ തെരുവുനായ്ക്കളുടെ കടിയേറ്റ് ചികിത്സയിലുള്ളത്.
ശല്യമുള്ള ഇടങ്ങൾ
പെരിങ്ങമ്മല ജംഗ്ഷൻ,ആശുപത്രി കോമ്പൗണ്ട്,കുശവൂർ,തെന്നൂർ,കോളേജ് ജംഗ്ഷൻ,പാലോട് ആശുപത്രി ജംഗ്ഷൻ,നന്ദിയോട് മാർക്കറ്റ് ജംഗ്ഷൻ,പച്ച ശാസ്താക്ഷേത്ര പരിസരം,ഓട്ടുപാലം,പച്ച, കാലൻകാവ്,പൊട്ടൻചിറ,വട്ടപ്പൻകാട്,ആലുംമ്മൂട്,പെരിങ്ങമ്മല മാർക്കറ്റ് ജംഗ്ഷൻ,എക്സ് കോളനി, ചല്ലിമുക്ക്
കൂടുതലും ആക്രമണകാരികൾ
രാത്രിയായാൽ നായ്ക്കൂട്ടം കൂടുതൽ ആക്രമണകാരികളാകുന്നതിനാൽ നിരവധി ഇരുചക്രവാഹന യാത്രക്കാരാണ് അപകടത്തിൽപ്പെടുന്നത്. പൊതുജനങ്ങളെ ഉപദ്രവിക്കുന്നതോടൊപ്പം വളർത്തുമൃഗങ്ങളെയും ആക്രമിക്കുന്നുണ്ട്. നഗരത്തിൽ നിന്നു പിടികൂടിയ നായ്ക്കളെ ഗ്രാമീണ ജനവാസ മേഖലയിൽ കൊണ്ടുതള്ളുന്നതായും ആക്ഷേപമുണ്ട്. ഒഴിഞ്ഞ പറമ്പുകൾ,പണി പൂർത്തിയാകാത്ത കെട്ടിടങ്ങൾ, ഇടവഴികൾ എന്നിവിടങ്ങളാണ് പ്രധാന താവളം. പൊതുനിരത്തിലൂടെ നടക്കാൻപറ്റാത്ത സാഹചര്യമാണ് നിലവിൽ.
ഷെൽറ്റർ ഒരുങ്ങിയില്ല
വാമനപുരം ബ്ലോക്ക് പഞ്ചായത്തിന്റെ നിയന്ത്രണത്തിൽ തെരുവുനായ്ക്കൾക്കായി ഷെൽറ്റർ ഒരുക്കുന്നതിനുള്ള സ്ഥലം കണ്ടെത്തിയത് പാങ്ങോട് പഞ്ചായത്തിലാണ്. ഒരേക്കർ സ്ഥലമാണ് പദ്ധതി നടത്തിപ്പിനായി വേണ്ടത്. എന്നാൽ പ്രഖ്യാപനം നടന്ന് മാസങ്ങൾ കഴിഞ്ഞിട്ടും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനായിട്ടില്ല. ഓരോ പഞ്ചായത്തും നിശ്ചിത തുക പദ്ധതിയിലേക്കായി നൽകണമെന്ന് നിർദേശമുണ്ടായിരുന്നതാണ്.
പ്രതിരോധ കുത്തിവയ്പും
നാട്ടിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്ന തെരുവുനായ്ക്കൾക്കായി നൽകുന്ന പ്രതിരോധ കുത്തിവയ്പിന് നന്ദിയോട് പഞ്ചായത്തിൽ തുടക്കമായെങ്കിലും ഫലപ്രദമാകാത്ത അവസ്ഥയിലാണ്. നിലവിൽ 400ലധികം തെരുവുനായ്ക്കൾക്ക് വാക്സിൻ നൽകിയതായും ശേഷിക്കുന്നവയെ കൂടി കണ്ടെത്തി വാക്സിൻ നൽകുമെന്നുമാണ് അധികാരികൾ പറയുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |