
വാമനപുരം: വേനൽ കടുത്തതോടെ ജലസംഭരണികളിലെയും നദികളിലെയും നീരൊഴുക്ക് കുറയുന്നു. വാമനപുരം നദിയിലും ചിറ്റാറിലും ജലമൊഴുക്ക് കുറയുന്നതോടെ ഇരു നദികളെയും ആശ്രയിച്ചുള്ള ഒരു ഡസനിലേറെയുള്ള കുടിവെള്ള പദ്ധതികളുടെ പ്രവർത്തനം നിലയ്ക്കാൻ കാരണമാകും.വാമനപുരം നദിയിലും ചിറ്റാറിലും വേണ്ടത്ര തടയണകൾ ഇല്ലാത്തതിനാൽ വെള്ളം സംഭരിച്ച് ജലവിതരണം നടത്താനും കഴിയില്ല.കരമന,അരുവിക്കര,നെയ്യാർ നദികളിൽ ഒരു ഡാം വച്ചെങ്കിലും ഉള്ളപ്പോൾ ചിറയിൻകീഴ്,വർക്കല,നെടുമങ്ങാട് താലൂക്കുകൾ വെള്ളത്തിനായി ആശ്രയിക്കുന്ന വാമനപുരം നദിയിൽ ഒരു മിനി ഡാം പോലുമില്ലാത്ത സ്ഥിതിയാണ്.ഇവിടെ തടയണ നിർമ്മിക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. വാമനപുരം നദിയിൽ പൂവൻപാറയിൽ തടയണയുണ്ടെങ്കിലും അത് കായലിലെ ഉപ്പുവെള്ളം കയറാതിരിക്കാൻ വേണ്ടിയുള്ളതാണ്.ഓരോ തവണയും താത്കാലിക തടയണ നിർമിക്കുകയും മഴക്കാലം ആകുമ്പോൾ നീരൊഴുക്കിന് തടസമുണ്ടാകാതിരിക്കാൻ പൊളിച്ചുമാറ്റാൻ ഉത്തരവ് ഇറക്കുകയുമാണെന്നാണ് ആക്ഷേപം.
വാമനപുരം നദിയിലെ കുടിവെള്ള പദ്ധതികൾ
ആനാക്കുടി,കാരേറ്റ്,കിളിമാനൂർ,നഗരൂർ,അയിലം,വക്കം,അഞ്ചുതെങ്ങ്,കടയ്ക്കാവൂർ, ആറ്റിങ്ങൽ,കട്ടപ്പറമ്പ്,കിഴുവിലം
തടയണ വേണം
താത്കാലിക തടയണ നിർമിക്കാൻ ലക്ഷങ്ങളാണ് ചെലവാക്കുന്നത്.സ്ഥിരമായുള്ള തടയണകൾ നിർമ്മിച്ചാൽ ജലക്ഷാമത്തിന് ഒരു പരിധിവരെ ആശ്വാസം ലഭിക്കും. കിളിമാനൂർ,പഴയ കുന്നുമ്മേൽ,മടവൂർ പഞ്ചായത്തില സമഗ്ര ശുദ്ധജല വിതരണ പദ്ധതിയും ജലക്ഷാമത്തെ തുടർന്ന് തടസപ്പെടുന്ന അവസ്ഥയാണ്. കാരേറ്റ് വാമനപുരം നദിയിൽ നിന്നാണ് ഈ പദ്ധതിയിലേക്ക് ആവശ്യമായ വെള്ളം പമ്പ് ചെയ്യുന്നത്. എന്നാൽ നദിയിലെ ഒഴുക്ക് നിലയ്ക്കുന്നതോടെ സമീപഭാവിയിൽ പദ്ധതി പ്രവർത്തനം മുടങ്ങാൻ ഇടയുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |