തിരുവനന്തപുരം: വിവാഹം കഴിഞ്ഞ് വോട്ട് ചെയ്യാനായി നേരെ പോളിംഗ് ബൂത്തിലെത്തിയ നവദമ്പതികൾ ഞെട്ടി. വമ്പൻ ക്യൂ.വരന്റെ ഗൃഹത്തിൽ പ്രവേശിക്കേണ്ട സമയം തെറ്റുമോ? അരമണിക്കൂറോളം ക്യൂവിൽ. ഒടുവിൽ ബി.എൽ.ഒയുടെ ഇടപെടൽ. ക്യൂവിൽ നിൽക്കുന്നവരുടെ എല്ലാം അനുവാദത്തോടെ വരനും വധുവിനും വോട്ട് ചെയ്യാൻ അവസരമൊരുങ്ങി.
വാഴമുട്ടം ലലാമത്തിൽ പരേതനായ ലംബോധരന്റെ മകൻ എൽ.ബി.അശ്വന്തും വെള്ളാർ പുളിവിള ശോഭാ മന്ദിരത്തിൽ വി.ദിലീപ് കുമാറിന്റെ മകൾ ഡോ.ഡി.ദിവ്യശ്രീയുമാണ് വാഴമുട്ടം ഗവ.ഹൈസ്കൂളിൽ വോട്ടു ചെയ്യാനെത്തിയത്.ഇവരുടെ വീടുകൾ തമ്മിൽ വലിയ അകലമില്ലാത്തതിനാൽ സ്കൂളിലെ അടുത്തടുത്ത രണ്ട് ബൂത്തുകളിലായിരുന്നു വോട്ട്.
കുന്നുംപാറ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ വിവാഹിതരായശേഷം നേരെ പോളിംഗ്ബൂത്തിലേക്ക് എത്തുകയായിരുന്നു.അപ്പോഴേക്കും രണ്ട് ബൂത്തിലും വൻ ക്യൂ രൂപപ്പെട്ടിരുന്നു.
എത്യോപ്യയിലാണ് അശ്വന്ത് ജോലി ചെയ്യുന്നത്.അതുകൊണ്ട് തന്നെ മിക്കപ്പോഴും വോട്ടു ചെയ്യാൻ കഴിയാറില്ല.ദിവ്യശ്രീയാകട്ടെ ഒരു വോട്ടും മുടക്കാറുമില്ല.വിവാഹ നിശ്ചയം ജനുവരിയിലായിരുന്നു.അതിനു ശേഷമായിരുന്നു തിരഞ്ഞെടുപ്പ് വിജ്ഞാപനം.
വിവാഹം ശേഷം ഗൃഹപ്രവേശനത്തിന് മുമ്പ് വോട്ടു ചെയ്യാമെന്നത് ഒരുമിച്ചെടുത്ത തീരുമാനമായിരുന്നുവെന്ന് ഇരുവരും പറഞ്ഞു.വോട്ട് വ്യക്തിപരമാണോ അതോ പാർട്ടി നോക്കിയാണോ എന്ന് ചോദിച്ചപ്പോൾ രണ്ടും പരിഗണിക്കുമെന്നായിരുന്നു മറുപടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |