
പാലോട്: ജൈവകൃഷിക്ക് വേറിട്ട മാതൃകയും പ്രവർത്തനങ്ങളും കൊണ്ടുവന്ന് ജില്ലയിൽ തുടർച്ചയായി ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ഗ്രാമമാണ് നന്ദിയോട്. പെരിങ്ങമ്മല,ആനാട്,നന്ദിയോട് പഞ്ചായത്തുകളിലെ കൃഷിരീതിയും മികച്ചതാണ്. പക്ഷേ പ്രധാന പ്രതിസന്ധിയാകുന്നത് വന്യമൃഗശല്യമാണ്.
നന്ദിയോട് പെരിങ്ങമ്മല പഞ്ചായത്തുകളിലെ കൃഷിയിടങ്ങളിൽ വന്യമൃഗശല്യം നിയന്ത്രണാതീതമായി തുടരുകയാണ്. സന്ധ്യയായാൽ കൃഷിയിടങ്ങൾ കാട്ടുപന്നി, ആന, മ്ലാവ്, കാട്ടുപോത്ത് എന്നിവയുടെ സ്വന്തമാണ്. വിളകളെല്ലാം ഇവർ ചവിട്ടിമെതിക്കും.കൃഷിയിടത്തിലിറങ്ങുന്ന പന്നിക്കൂട്ടം റബ്ബർ,വാഴ, മരിച്ചീനി,പച്ചക്കറികൾ തുടങ്ങി കണ്ണിൽക്കാണുന്നതെല്ലാം നശിപ്പിക്കും. പുലർച്ചെ റബർ ടാപ്പിംഗിന് എത്തുന്നവർ പന്നികളുടെ ആക്രമണത്തിന് ഇരയാകുന്നുമുണ്ട്.
നാഗര ഭദ്രംവച്ചപാറ ധന്യ ഭവനിൽ ബൈജുവിന്റെ ഒന്നര ഏക്കറോളം റബ്ബർ തൈകൾ കഴിഞ്ഞ ദിവസം കാട്ടുപോത്തിറങ്ങി പൂർണ്ണമായും നശിപ്പിച്ചിരുന്നു. മൂന്ന് വർഷം പ്രായമുള്ള റബ്ബർ തൈകളായിരുന്നു നശിപ്പിച്ചത്.
ഞാറനീലി,ഇലഞ്ചിയം,പനങ്ങോട് ഭാഗങ്ങളിൽ പന്നിയുടെ ആക്രമണത്തിന് ഇരയായ സ്കൂൾ വിദ്യാർത്ഥികളും ഏറെയാണ്. ആദിവാസി മേഖലയിൽ വാഹനസൗകര്യം കുറവായതിനാൽ കിലോമീറ്ററുകളോളം നടന്ന് സ്കൂളുകളിൽ എത്തുന്നവരാണ് വന്യമൃഗ ആക്രമണത്തിൽപ്പെടുന്നത്.
ആക്രമണവും രൂക്ഷം
ഭക്ഷണം തേടി നാട്ടിലെത്തുന്ന വന്യമൃഗങ്ങൾ ആക്രമണകാരികളാകാറുണ്ട്. കാലൻകാവ്,നാഗര, ഓട്ടുപാലം,പച്ച,വട്ടപ്പൻകാട്,കരിമ്പിൻകാല,സെന്റ് മേരീസ്,ഇടവം,പേരയം,ആനകുളം തുടങ്ങിയ ഭാഗങ്ങളിൽ പകൽ സമയങ്ങളിൽ പോലും പന്നികൾ കൂട്ടത്തോടെ എത്തുന്നതിനാൽ കുട്ടികളും മുതിർന്നവരും ഭയപ്പാടിലാണ്. ഇവിടെ അറവുമാലിന്യം നിക്ഷേപിക്കുന്നത് ഭക്ഷിക്കാൻ കാട്ടുപന്നികൾ എത്തുന്നത് പതിവാണ്.
മാലിന്യ നിക്ഷേപവും
നന്ദിയോട്-വിതുര റൂട്ടിൽ നവോദയ സ്കൂളിന് സമീപവും നാഗരയിലും അറവുമാലിന്യം സാമൂഹിക വിരുദ്ധർ തള്ളുന്നതിനാൽ പന്നികൾ കൂട്ടത്തോടെയാണ് ഇവിടെ എത്തുന്നത്. പന്നി ശല്യത്തിന് പുറമേ കുരങ്ങുകളും കൃഷി നശിപ്പിക്കുന്നുണ്ട്. അറവ്മാലിന്യം പൊതുസ്ഥലങ്ങളിൽ നിക്ഷേപിക്കുന്നത് പതിവായതോടെയാണ് പന്നികൾ ഇവിടെ തമ്പടിച്ചത്. പൊതുസ്ഥലങ്ങളിൽ അറവ്മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടാൻ തുടങ്ങിയിട്ട് കാലങ്ങളായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |