
പൂവാർ: ദിവസവും നൂറുകണക്കിന് ടൂറിസ്റ്റുകൾ വന്നു പോകുന്ന ഇടമായ പൂവാർ പൊഴിക്കരയിൽ ടൂറിസ്റ്റുകൾക്ക് പ്രാഥമിക കൃത്യ നിർവഹണത്തിനോ, വിശ്രമിക്കാനോ ആവശ്യമായ സൗകര്യമില്ല. കുടിവെള്ളം പോലും ലഭ്യമല്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്. പൊഴിക്കരയുടെ നവീകരണത്തിനായും സൗന്ദര്യവത്കരണത്തിനായും നടപ്പാക്കിയ എല്ലാ പദ്ധതികളും പാളി.
പാറശാല ബ്ലോക്ക് പഞ്ചായത്ത് 2018ൽ ആരംഭിച്ച മിനി പാർക്ക് നിർമ്മാണം അവതാളത്തിലാണ്. ഒന്നാം ഘട്ടമായി 6ലക്ഷം രൂപ മുടക്കി നിർമ്മിച്ച ബെയ്സ്മെന്റ് ഇളകിത്തുടങ്ങി. സോളാർ ലാമ്പുകൾ ദ്രവിച്ച് ഇളകിപ്പോയി. തുടർപ്രവർത്തനങ്ങൾ നടക്കാതായതോടെ പൊഴിക്കരയിലെ വ്യാപാരികൾ ചപ്പും ചവറും മറ്റ് മാലിന്യങ്ങളും കൊണ്ടിടുന്ന ഇടമായി അവിടം മാറി. മിനി പാർക്കിന്റെ രണ്ടും മൂന്നും ഘട്ടം പ്രവർത്തികൾ നടപ്പാക്കാൻ കഴിഞ്ഞിരുന്നുവെങ്കിൽ വിനോദ സഞ്ചാരികൾക്ക് പ്രയോജനമാകുമായിരുന്നു.
ഫലവൃക്ഷതൈകളും പച്ചപിടിച്ചില്ല
സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി 2020-21 സാമ്പത്തിക വർഷത്തിൽ പൂവാർ പഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തി ഫലവൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു. പരിപാലനം ഉൾപ്പെടെ 71000 രൂപയാണ് ചെലവായത്. 2021-22 സാമ്പത്തിക വർഷത്തിൽ 90,000രൂപ ചെലവഴിച്ച് തൊഴിലുറപ്പ് തൊഴിലാളികൾ ഒരിക്കൽ കൂടി ഫലവൃക്ഷതൈകൾ നട്ടുപിടിപ്പിച്ചു. എന്നാൽ പൊഴിക്കരയിൽ അവശേഷിക്കുന്നത് 5തെങ്ങിൻ തൈകൾ മാത്രമാണ്. നൂറുകണക്കിന് തെങ്ങിൻ തൈകൾ പരിപാലനമില്ലാതെ നശിച്ചുപോയി.
പരിസ്ഥിതി ദിനാചരണങ്ങളുടെ ഭാഗമായി സ്കൂൾ കുട്ടികളെയും മറ്റും ഉൾപ്പെടുത്തി പൊഴിക്കരയിൽ കാറ്റാടി, പുളി തുടങ്ങിയ വൃക്ഷത്തൈകൾ നട്ടെങ്കിലും പരിപാലനം കാര്യക്ഷമമായില്ല.
മാലിന്യം കുന്നുകൂടുന്നു
പൊഴിക്കരയിൽ ദിനംപ്രതി മാലിന്യം കുന്നുകൂടുകയാണ്.കച്ചവടക്കാർ ഉപേക്ഷിക്കുന്ന പാഴ്വസ്തുക്കളും, സഞ്ചാരികൾ ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളും പുഴയോരത്ത് കിടക്കും. കച്ചവടക്കാർ ഈ മാലിന്യങ്ങൾ തീയിട്ട് നശിപ്പിക്കുന്നത് പതിവാണെന്ന് നാട്ടുകാർ പറയുന്നു. ഫലപ്രദമായ രീതിയിൽ മാലിന്യങ്ങൾ നിർമാർജ്ജനം ചെയ്യുന്നതിന് അധികൃതർ നടപടിയെടുക്കുന്നില്ല.
കള്ളക്കടൽ പ്രതിഭാസത്താൽ തകർന്നടിഞ്ഞ പൊഴിക്കരയിലെ ഗോൾഡൻ ബീച്ചിന്റെ സൈഡ് വാൾ പുനർനിർമ്മിക്കാനും കഴിഞ്ഞിട്ടില്ല. ടൂറിസ്റ്റുകളുടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനുള്ള സൗകര്യവുമില്ല. കാലപ്പഴക്കം കൊണ്ടും പരിപാലനം ഇല്ലാതെയും നാശത്തിന്റെ വക്കിലായ ആയോധന കലാ പരിശീലന കേന്ദ്രം പൊളിച്ചു മാറ്റണമെന്ന നാട്ടുകാരുടെ ആവശ്യവും പരിഗണിച്ചിട്ടില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |