
ബാലരാമപുരം: ചാനൽപ്പാലം-റസൽപുരം റോഡുവക്കിൽ മാലിന്യം തള്ളുന്നതിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത്. വേനൽച്ചൂടിന്റെ മറവിൽ ഹോട്ടലുകളിലും പച്ചക്കറി മാർക്കറ്റുകളിലും കെട്ടിക്കിടക്കുന്ന മാലിന്യങ്ങൾ ആൾപ്പാർപ്പില്ലാത്ത കേന്ദ്രങ്ങളിൽ രാത്രികാലങ്ങളിൽ തള്ളുകയാണ്. ബാലരാമപുരം പഞ്ചായത്തിൽ റസൽപുരം വാർഡിൽ ചാനൽപ്പാലം-റസൽപുരം റോഡിൽ കനാലിന് സമീപമാണ് മാലിന്യം തള്ളുന്നത് പതിവാകുന്നത്.
അസഹനീയമായ ദുർഗന്ധം വമിച്ചതോടെ വഴിയാത്രക്കാർക്ക് പോലും നടക്കാൻ കഴിയാത്ത സ്ഥിതിയാണ്. സ്കൂൾ വിദ്യാർത്ഥികളടക്കം ദിനവും ഇതുവഴിയാണ് സഞ്ചരിക്കുന്നത്. ഇതുവഴിയുള്ള വാഹനയാത്രക്കാരും പരാതിയുമായി രംഗത്ത് എത്തിയിട്ടുണ്ട്. സി.സി.ടിവി അടിയന്തരമായി സ്ഥാപിച്ച് മാലിന്യം കൊണ്ടിടുന്ന സാമൂഹ്യവിരുദ്ധരെ പിടികൂടണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
സഹിക്കാനാകാത്ത ദുർഗന്ധം
തെരുവ് നായ്ക്കളും ഈ ഭാഗത്ത് താവളമാക്കിയിരിക്കുകയാണ്. റസൽപുരം റോഡിൽ സിമന്റ് ഗോഡൗണിനോട് ചേർന്ന് ട്രാൻസ്ഫോമറിന് സമീപമാണ് ടൺ കണക്കിന് മാലിന്യം പ്ലാസ്റ്റിക്ക് കവറുകളിലും ചാക്കുകളിലുമായി കൊണ്ടുതള്ളുന്നത്. കാഡ പദ്ധതി പ്രകാരം കനാൽ തുരങ്കം വഴി ഒഴുകുന്ന നീരുറവക്ക് സമീപമാണ് മാലിന്യം വൻ തോതിൽ നിക്ഷേപിക്കുന്നത്. മാംസാവശിഷ്ടം ചീഞ്ഞളിഞ്ഞ് പരിസരമാകെ ദുർഗന്ധം വമിക്കുകയാണ്. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും തിരിഞ്ഞ് പോലും നോക്കുന്നില്ലെന്നാണ് പരാതി.
മാലിന്യസംസ്കരണ പ്ലാന്റ് അനിവാര്യം
എൽ.ഡി.എഫ് നേതൃത്വം നൽകുന്ന പുതിയ പഞ്ചായത്ത് ഭരണസമിതി അധികാരത്തിലേറി മൂന്ന് മാസം പിന്നിട്ടപ്പോൾ ബാലരാമപുരത്ത് പ്രധാന മാലിന്യനിക്ഷേപ കേന്ദ്രങ്ങളായ മൂന്നിടത്ത് സി.സി.ടിവി ക്യാമറ സ്ഥാപിച്ചിരുന്നു. എന്നാൽ മാലിന്യം കൊണ്ടിടുന്ന സാമൂഹ്യവിരുദ്ധരെ പിടികൂടാൻ ഇതുവരെ സാധിച്ചിട്ടില്ല.
പഞ്ചായത്തിൽ മാലിന്യ നിക്ഷേപിക്കുന്ന പ്രധാന കേന്ദ്രങ്ങളിൽ കൂടുതൽ സി.സി.ടിവി ക്യാമറകൾ സ്ഥാപിക്കണമെന്ന ആവശ്യമുയർന്നിട്ടുണ്ട്. മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിക്കാതെ ബാലരാമപുരം പഞ്ചായത്തിലെ മാലിന്യ പ്രതിസന്ധിക്ക് പരിഹാരം കാണാനാകാത്ത സ്ഥിതിയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |