വിതുര: മലയോരമേഖലയിൽ ഇഴജന്തുക്കളുടെ ശല്യം വർദ്ധിക്കുന്നതായി പരാതി.വിതുര, തൊളിക്കോട്, ആര്യനാട് പഞ്ചായത്തുകളിലെ ആദിവാസി മേഖലകളിലും, തോട്ടം മേഖലകളിലുമാണ് പാമ്പുകൾ ഭീതി പരത്തുന്നത്. കടുത്ത ചൂട് വ്യാപിച്ചതോടെ പാമ്പുകൾ കൂട്ടത്തോടെ മാളം വിട്ടിറങ്ങി തുടങ്ങി.
പൊൻമുടി, കല്ലാർ മേഖലകളിലാണ് നിലവിൽ കൂടുതൽ പാമ്പുകളുടെ ശല്യമുള്ളത്. വനമേഖലയോട് ചേർന്നുള്ള ജനവാസമേഖലകളിലെ അവസ്ഥയും വിഭിന്നമല്ല. പാമ്പ് ശല്യം രൂക്ഷമായതോടെ തൊഴിലുറപ്പ് തൊഴിലാളികളും, ടാപ്പിംഗ് തൊഴിലാളികളും മറ്റും ഭീതിയിലാണ്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും വനംവകുപ്പ് പിടികൂടുന്ന രാജവെമ്പാല ഉൾപ്പടെയുള്ള പാമ്പുകളെ പൊൻമുടി വനമേഖലയിലാണ് തുറന്നുവിടാറുള്ളത്. പാമ്പുകൾ പിന്നീട് ജനവാസമേഖലകളിലെത്തി ഭീതിപരത്തും. മാത്രമല്ല അനവധി പേരെ കടിക്കുകയും ചെയ്തിട്ടുണ്ട്.
ഏതാനും മാസങ്ങൾക്ക് മുൻപ് തലസ്ഥാനത്ത് നിന്നും പിടികൂടിയ പാമ്പിനെ പൊൻമുടിയിൽ കൊണ്ടുവന്ന് തുറന്നുവിടുന്നതിനിടയിൽ വനംവകുപ്പ് ജീവനക്കാരനെ കടിക്കുകയും മരണപ്പെടുകയും ചെയ്തിരുന്നു.
ജാഗ്രത പാലിക്കണം
പാമ്പ് ശല്യത്തിനെതിരെ ജാഗ്രത പാലിക്കണമെന്നും പക്ഷികൾക്കായി പുറത്ത് വെള്ളം വെയ്ക്കുന്നത് ഒഴിവാക്കണമെന്നും, വീടും, പരിസരവും വൃത്തിയായി സൂക്ഷിക്കണമെന്നും, ഫിഷ് ടാങ്കുകൾ തറയിൽ വെയ്ക്കരുതെന്നും, ഭക്ഷ്യാവശിഷ്ടങ്ങൾ കൂട്ടിവെയ്ക്കരുതെന്നും, എലിശല്യം ഒഴിവാക്കണമെന്നും, പാമ്പ് പിടുത്ത വിദഗ്ദ്ധൻ വാവാസുരേഷ് പറയുന്നു.
പാമ്പ് ശല്യം വർദ്ധിച്ചത് മുൻനിർത്തി മലയോരമേഖലയിലെ ഭൂരിഭാഗം ആശുപത്രികളിലും ആന്റിവെനം ലഭ്യമാക്കിയിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.
ആന്റിവെനം ലഭ്യമാണ്
പാമ്പ് കടിയേറ്റാൽ എത്രയും വേഗം ആശുപത്രിയിൽ ബന്ധപ്പെടണം. വിതുര ഗവൺമെന്റ് താലൂക്ക് ആശുപത്രി, നെടുമങ്ങാട് ജില്ലാആശുപത്രി, പാലോട് സാമൂഹികാരോഗ്യകേന്ദ്രം, ആനാട്, കുറ്റിച്ചൽ, പനവൂർ കുടുംബാരോഗ്യകേന്ദ്രം എന്നീ ആശുപത്രികളിൽ ആന്റിവെനം ലഭ്യമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |