
ആറ്റിങ്ങൽ: ദേശീയ പാതയിലെ ആറ്റിങ്ങൽ മേഖലയിൽ മഴക്കാലത്തെ സ്ഥിരം വെള്ളക്കെട്ടിന് ശാശ്വത പരിഹാരമായി സമഗ്രമായ മഴക്കാല പൂർവ ശുചീകരണം വേണമെന്ന ആവശ്യം ശക്തം.ദേശീയ പാതയിൽ ടി.ബി ജംഗ്ഷൻ മുതൽ മാമം മൂന്നുമുക്ക് വരെയുള്ള ഭാഗം നാലുവരി പാതയാക്കിയതോടെയാണ് വിവിധയിടങ്ങളിൽ സ്ഥിരം വെള്ളക്കെട്ടായി മാറുന്നത്. നാലുവരി പാതയുടെ നിർമ്മാണപ്പിഴവാണ് വെള്ളക്കെട്ടിന് കാരണമെന്നും പരക്കെ ആക്ഷേപമുണ്ട്. മഴക്കാലമായാൽ ഇവിടെ സ്ഥിരം വെള്ളക്കെട്ടാണെന്നാണ് യാത്രക്കാർ പറയുന്നത്.വാഹന,കാൽനടയാത്ര പോലും ദുസഹമായ അവസ്ഥയാണ്.ആറ്റിങ്ങൽ പട്ടണത്തിലെ ഗതാഗതക്കുരിക്കിന് താത്കാലിക പരിഹാരമായാണ് റോഡ് നവീകരണം നടത്തിയത്. പൂവമ്പാറ മാടൻനട ക്ഷേത്രത്തിന് മുന്നിൽ ദേശീയപാതയുടെ നാലുവരിപ്പാതയുടെ മുക്കാൽ ഭാഗവും മഴക്കാലത്ത് വെള്ളം നിറഞ്ഞ് കെട്ടിക്കിടക്കും.ഈ മഴവെള്ളം മിക്കപ്പോഴും സമീപത്തെ ക്ഷേത്രത്തിനുള്ളിൽ കയറും.ഇതുവഴി വാഹനങ്ങൾ കടന്നുപോകുമ്പോൾ മലിനജലം വാഹനങ്ങളിലും,കാൽനട യാത്രക്കാരുടെ മേൽ വീഴുന്നതും പതിവാണ്.
ഓട നിർമ്മിക്കണം
പരിഹാരമായി ഓട നിർമ്മിക്കുമെന്ന് അറിയിപ്പ് ഉണ്ടായെങ്കിലും നടപടി ഇരുവരെ ഉണ്ടായില്ല.രണ്ട് വർഷം മുമ്പ് റോഡരികിലെ നടപ്പാതയുടെ ഇന്റർ ലോക്ക് പൊളിച്ചുമാറ്റി ചെറിയ ഓടയാക്കി മഴവെള്ളം പഴയ ദേശീയപാതയിലെക്ക് തിരിച്ചുവിട്ടെങ്കിലും ഇനിയും ശാശ്വത പരിഹാരമായിട്ടില്ല. ടി.ബി ജംഗ്ഷൻ മുതൽ എൽ.എം.എസ് റോഡ് വരെയുള്ളത് നിരന്നതാണെങ്കിലും മഴ പെയ്താൽ ഈ മേഖലയിൽ സ്ഥിരം വെള്ളക്കെട്ടാണ്.
പ്രധാന കാരണങ്ങൾ
റോഡിൽ അധികമായെത്തുന്ന മഴവെള്ളം ഒഴുകി ഓടയിലെത്താനുള്ള വഴികൾ മണ്ണും പാഴ് വസ്തുക്കളും കൊണ്ട് അടയുന്നതാണ് ഈ മേഖലയിലെ വെള്ളക്കെട്ടിന് പ്രധാനകാരണം.യഥാസമയങ്ങളിൽ റോഡിലെ മഴക്കാലപൂർവ ശുചീകരണങ്ങൾ നടത്താത്തതും പ്രശ്നത്തിന്റെ വ്യാപ്തി കൂട്ടുന്നു.ഇതേ അവസ്ഥയാണ് മുനിസിപ്പൽ ബസ് സ്റ്റാൻഡ് മേഖലയിലും എൽ.ഐ.സി റോഡിലും.അതുകൊണ്ട് ദേശീയപാതയുടെ സ്ഥിരം വെള്ളക്കെട്ട് മേഖലകൾ കണ്ടെത്തി ശാസ്ത്രീയമായി പരിഹരിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
മഴക്കാലം ആരംഭിക്കുന്നതിന് മുമ്പ് ദേശീയ പാതയിൽ മഴക്കാലപൂർവ ശുചീകരണം ആരംഭിക്കണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |