SignIn
Kerala Kaumudi Online
Monday, 11 May 2026 11.06 AM IST

കെ.മുരളീധരനെ തുണച്ചത് ക്രൈസ്തവ വോട്ടുകൾ

Increase Font Size Decrease Font Size Print Page

തിരുവനന്തപുരം :എൽ.ഡി.എഫിന്റെ സിറ്റിംഗ് സീറ്റായ വട്ടിയൂർക്കാവ് പിടിച്ചെടുക്കാൻ കെ.മുരളീധരനെ തുണച്ചത് ക്രൈസ്തവ വോട്ടുകൾ.നന്തൻകോട്,നാലാഞ്ചിറ,കണ്ണമ്മൂല,പട്ടം,മുട്ട,കുറവൻകോണം എന്നിവിടങ്ങളിലെ ക്രൈസ്തവ വോട്ടുകൾ ഒന്നടങ്കം യു.ഡി.എഫിലേക്ക് എത്തിയെന്നാണ് പ്രതിപക്ഷ പാർട്ടികളുടെ ഉൾപ്പെടെ വിലയിരുത്തൽ.124 ബൂത്തുകളുള്ള വട്ടിയൂർക്കാവിൽ ഇ‌ഞ്ചോടിഞ്ച് പോരാട്ടത്തിൽ യു.ഡി.എഫ് കൈ ഉയർത്തിയതും ഈ ബലത്തിലാണ്.സി.എസ്.ഐ സഭാ തർക്കത്തിൽ സർക്കാർ ഔദ്യോഗിക പക്ഷത്തിന് ഒപ്പം നിന്നപ്പോൾ എതിർവിഭാഗം എതിരായി.വട്ടിയൂർക്കാവ് മണ്ഡലത്തിലെ പലഭാഗങ്ങളിലും എതിർവിഭാഗമായിരുന്നു കൂടുതൽ.ഈ വോട്ടുകൾ എൽ.ഡി.എഫിൽ നിന്ന് അകന്നു. സഭാതർക്കം തീർന്നതോടെ സി.എസ്.ഐ ഔദ്യോഗിക പക്ഷം യു.ഡി.എഫിന് അനുകൂലമായി.

അവസാന നിമിഷം വരെ ലീഡ് മാറിമറിഞ്ഞ വട്ടിയൂർക്കാവിൽ അവസാന റൗണ്ടുകളിലാണ് യു.ഡി.എഫിന്റെ കെ. മുരളീധരൻ വിജയം ഉറപ്പിച്ചത്.കിണവൂർ മേഖലയിൽനിന്ന് വോട്ട് എണ്ണിത്തുടങ്ങിയപ്പോൾ 97 വോട്ടുകളുടെ ലീഡുമായി വി.കെ.പ്രശാന്തായിരുന്നു മുന്നിൽ.പാതിരപ്പള്ളി, ചെട്ടിവിളാകം മേഖലയിലേക്ക് കടന്ന ഏഴ് റൗണ്ടുകളിൽ യു.ഡി.എഫ് ലീഡ് 500 മുതൽ 700 വരെ നിലനിർത്തി.ശാസ്തമംഗലം,വാഴോട്ടുകോണം,മുക്കോല,നെട്ടയം മേഖലകൾ പ്രതീക്ഷിച്ചതുപോലെ വി.കെ.പ്രശാന്തിനൊപ്പം നിന്നു.കടുപ്പനക്കുന്ന് മേഖല ഉൾപ്പെട്ട ഒൻപതാം റൗണ്ടിൽ 1874 വോട്ടുകൾക്കാണ് എൽ.ഡി.എഫ് ലീഡ് ഉയർത്തിയത്.പക്ഷേ തൊട്ടുത്ത റൗണ്ടിൽ 10 വോട്ടിന്റെ ലീഡുമായി മുരളീധരൻ തിരിച്ചുവന്നു.പട്ടം,കുറവൻകോണം,നന്തൻകോട് മേഖലാണ് തുടർന്ന് കെ.മുരളീധരനെ കൈപിടിച്ചുയർത്തിയത്.ഈ പ്രദേശങ്ങൾ എണ്ണിക്കഴിഞ്ഞപ്പോൾ മുരളീധരൻ ലീഡ് 2796 ആയി ഉയർന്നു.അവസാന റൗണ്ടിൽ കണ്ണമ്മൂലയും യു.ഡി.എഫിനൊപ്പം നിന്നു.ഇവിടെ രണ്ടു ബൂത്തുകളിൽ മാത്രമാണ് യു.ഡി.എഫ് പിറകിലായത്. അവസാന ബൂത്തായ കുന്നുകുഴിയും ഒപ്പം നിന്നതോടെ 5425 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ യു.ഡി.എഫ് വിജയക്കൊടി പാറിച്ചു.

TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL