SignIn
Kerala Kaumudi Online
Sunday, 31 May 2026 6.21 AM IST

16 വർഷം നീണ്ട പോരാട്ടം; പ്രേമലതയ്ക്കും കുടുംബത്തിനും ഒടുവിൽ നീതി

പോത്തൻകോട്: വീട് നിർമ്മാണത്തിനുള്ള കല്ലിറക്കുന്നതിന്റെ പേരിലുള്ള തർക്കത്തിൽ,കൊടിയ മർദ്ദനത്തിന് ഇരയായ കുടുംബത്തിന് 16 വർഷത്തിനുശേഷം നീതി.തേരുവിള കുന്നംപുറത്ത് മേലേവിള വാർഡിൽ പ്രേമലത,ഭർത്താവ് വേണുഗോപാൽ നായർ,മക്കളായ ശബരി,ശ്യാമ എന്നിവർക്കാണ് നീണ്ട വർഷത്തെ നിയമ പോരാട്ടത്തിനൊടുവിൽ നീതി ലഭിച്ചത്. ആക്രമിച്ചവർക്ക് കോടതി ശിക്ഷ വിധിച്ചതോടെയാണ് ഇവർക്ക് നീതി ലഭിച്ചത്.പ്രതികളായ മധുസൂദനൻ നായർ (കൊച്ചുമണി),ശശിധരൻ നായർ,സുരേന്ദ്രൻ നായർ,മനോഹരൻ (അമ്പിളി),അശോകൻ എന്നിവർ കുറ്റക്കാരാണെന്ന് കണ്ടെത്തി,വിവിധ വകുപ്പുകളിലായി 8 വർഷം തടവും പിഴയുമാണ് തിരുവനന്തപുരം പോക്‌സോ കോടതി ശിക്ഷ വിധിച്ചത്.

2010 മേയ് 6നായിരുന്നു കേസിനാസ്പദമായ സംഭവം.വേണുഗോപാൽ നായരുടെ കുടുംബത്തിന് ഇ.എം.എസ് ഭവനപദ്ധതിപ്രകാരം വീട് അനുവദിച്ചിരുന്നു.നിർമാണ സാമഗ്രികളും കല്ലുകളും സ്ഥലത്തെത്തിച്ചപ്പോൾ വീട്ടുകാർ സ്വയം ഇറക്കിയതുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. പ്രേമലതയ്ക്ക് ഗുരുതരമായി പരിക്കേറ്റു.അടിവയറ്റിൽ ചവിട്ടും കല്ലുകൊണ്ടുള്ള ഇടിയും മൂലം ദീർഘകാലം ചികിത്സ തേടേണ്ടി വന്നു.വേണുഗോപാലൻ നായർക്കും ഇരുമ്പ് കമ്പി കൊണ്ട് മർദനമേറ്റു.അന്ന് പ്രായപൂർത്തിയാകാത്ത കുട്ടികളായിരുന്ന ശബരിയെയും ശ്യാമയെയും ഉപദ്രവിക്കുകയും ചെയ്തു.

പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്‌തെങ്കിലും ജാമ്യത്തിലിറങ്ങി.പ്രേമലതയ്ക്കും കുടുംബത്തിനുമെതിരെ നൽകിയ പരാതിയിലും കേസുകൾ രജിസ്റ്റർ ചെയ്യിച്ചതോടെ കുടുംബം നിയമ പോരാട്ടത്തിലേക്ക് നീങ്ങി.
ആറ്റിങ്ങൽ മജിസ്‌ട്രേറ്റ് കോടതി,കേരള ഹൈക്കോടതി എന്നിവിടങ്ങളിലായി വർഷങ്ങളോളം കേസ് നീണ്ടു.ഒടുവിൽ തിരുവനന്തപുരം പോക്‌സോ കോടതിയുടെ പരിഗണനയിലെത്തിയ കേസിൽ പ്രതികളെ ശിക്ഷിക്കുകയായിരുന്നു.അതേസമയം പ്രേമലതയ്ക്കും,വേണുഗോപാലൻ നായർക്കുമെതിരെ പ്രതികൾ നൽകിയ കേസ് വ്യാജമാണെന്ന് കണ്ടെത്തി കോടതി ഇവരെ വെറുതെ വിടുകയും ചെയ്തു.ഇതോടെയാണ് 16വർഷമായി നീണ്ടുനിന്ന നിയമ പോരാട്ടത്തിന് വിരാമമായത്.പ്രേമലതയ്ക്കും കുടുംബത്തിനും വേണ്ടി അഡ്വ.നിസാം കണിയാപുരമാണ് കേസ് നടത്തിയത്.അസോസിയേറ്റുകളായ അഡ്വ.ഫിലിപ്.കെ.കോശി,അഡ്വ.ഷംന,അഡ്വ.സോഫിയ,അഡ്വ.ആദിത്,അഡ്വ.സുൽത്താന എന്നിവർ ഹാജരായി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL