SignIn
Kerala Kaumudi Online
Saturday, 20 June 2026 4.14 AM IST

ബഡ്ജറ്റിൽ സർക്കാരിന്റെ ഉറപ്പ് തലസ്ഥാന മെട്രോ ട്രാക്കിലാവും

metro

തിരുവനന്തപുരം: പതിനാല് വർഷമായി തലസ്ഥാനം കാത്തിരിക്കുന്ന മെട്രോ ട്രാക്കിലാവുമെന്ന് ബഡ്ജറ്റിലെ പ്രഖ്യാപനത്തോടെ ഉറപ്പായി.അടിസ്ഥാന സൗകര്യ വികസനത്തിൽ തലസ്ഥാനത്തെ മുൻപന്തിയിലെത്തിക്കുന്ന മെട്രോ നടപ്പാക്കുമെന്നാണ് 20 കോടി വകയിരുത്തിയുള്ള ബഡ്ജറ്റിലെ പ്രഖ്യാപനം.തമ്പാനൂർ,മെഡിക്കൽകോളേജ്, ടെക്നോപാർക്ക്,വിമാനത്താവളം,റെയിൽവേസ്റ്റേഷനുകൾ എന്നിവിടങ്ങളെ ബന്ധിപ്പിച്ച് മെട്രോ വരുന്നതോടെ തലസ്ഥാനത്തെ പൊതുഗതാഗതത്തിന്റെ മുഖച്ഛായ മാറും.നിലവിൽ 31കിലോമീറ്ററിലാണ് പാതയെങ്കിലും ഭാവിയിൽ ആറ്റിങ്ങലിലേയ്ക്കും നെയ്യാറ്റിൻകരയിലേക്യ്ക്കും നീട്ടാനാവും.

ഡൽഹിമെട്രോ തയ്യാറാക്കുന്ന പദ്ധതിരേഖ സ‌ർക്കാർ അംഗീകരിച്ച് കേന്ദ്രാനുമതിക്ക് അയയ്ക്കും. സ്വകാര്യപങ്കാളിത്തം നിർബന്ധമാക്കിയുള്ള കേന്ദ്രസർക്കാരിന്റെ പുതിയ മെട്രോനയത്തിന് അനുസരിച്ചാവും പദ്ധതിരേഖയുണ്ടാക്കുക.ഭൂമിയേറ്റെടുക്കൽ കുറയ്ക്കാൻ തൂണുകൾക്ക് മുകളിലുള്ള എലിവേറ്റഡ് പാതയാണ് പരിഗണനയിൽ.ദേശീയപാതയുടെ മദ്ധ്യഭാഗത്ത് വലിയ തൂണുകളുണ്ടാക്കി അതിനു മുകളിലായിരിക്കും മെട്രോയ്ക്കുള്ള ട്രാക്ക് സ്ഥാപിക്കുകയെന്നറിയുന്നു.ടെക്നോപാർക്കിന്റെ മൂന്ന് ഫേസുകളെ ബന്ധിപ്പിക്കുന്നതോടെ 31,​000ടെക്കികൾക്ക് യാത്രാസൗകര്യമാവും.

ഇതോടെ റോഡിലെ തിരക്കിൽപ്പെടാതെ അതിവേഗയാത്രയ്ക്ക് സൗകര്യമാവും.വിമാനത്താവളത്തിൽനിന്ന് റെയിൽവേ,ബസ് സ്റ്റേഷനുകളിലേയ്ക്ക് കണക്ടിവിറ്റിയുണ്ടാവും.സമീപ ജില്ലകളിൽ നിന്നെത്തുന്നവർക്ക് കഴക്കൂട്ടത്തും പാപ്പനംകോട്ടും ഇറങ്ങി നഗരത്തിലെത്താം.മെഡിക്കൽ കോളേജിലേക്കെത്തുന്ന ആയിരങ്ങൾക്കും ഗുണകരമാവും. കെ.എസ്.ആർ.ടി.സി,റെയിൽവേയടക്കം പൊതുഗതാഗത സംവിധാനങ്ങൾ മെട്രോയ്ക്കൊപ്പം ചേർക്കാൻ മൊബിലിറ്റി ഹബുകളുമുണ്ടാവും.എല്ലാ സ്റ്റേഷനുകളിലും പാർക്കിംഗും ഫീഡർസർവീസുമുണ്ടാവും.ലാഭകരവും ജനങ്ങൾക്ക് ഉപകാരപ്രദവുമായിരിക്കും മെട്രോ. ലുലുമാളിലേക്കടക്കം കണക്ഷനുമുണ്ടാവും.

പ്രഖ്യാപിച്ചത് ഉമ്മൻചാണ്ടി

കൊച്ചിക്ക് മെട്രോ നൽകിയതിനു പിന്നാലെ വികസന സന്തുലിതാവസ്ഥ ഉറപ്പാക്കാൻ ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരിക്കെ പ്രഖ്യാപിച്ച പദ്ധതിയാണിത്.നാലുവർഷം കൊണ്ട് പൂർത്തിയാക്കാൻ ഡി.എം.ആർ.സിയുമായി ധാരണാപത്രം ഒപ്പിട്ടിരുന്നു.ഡി.പി.ആറിന് 11കോടി ചെലവിട്ടതാണ്. 2014ലെ ഡി.പി.ആർ 2017ൽ വീണ്ടും പുതുക്കി.2021ഫെബ്രുവരിയിൽ സർക്കാർ അംഗീകരിച്ചു.അലൈൻമെന്റ് മാറ്റാൻ വീണ്ടും പഠനംനടത്തി. 2025നവംബറിൽ അലൈൻമെന്റ് സർക്കാർ പ്രഖ്യാപിച്ചു. ഇതുവരെ കേന്ദ്രാനുമതി തേടാനായിട്ടില്ല.

മീഡിയം മെട്രോയ്ക്ക് സാദ്ധ്യത

ലൈറ്റ് മെട്രോയെന്നാണ് ബഡ്ജറ്റിലെ പരാമർശമെങ്കിലും കൊച്ചിയിലേതുപ്പോലെ മീഡിയം മെട്രോയാണ് തിരുവനന്തപുരത്തും ഡി.എം.ആർ.സി ശുപാർശ ചെയ്തിട്ടുള്ളത്.

തൂണുകളിലൂടെ കാന്തശക്തിയിലോടുന്ന മോണോ റെയിലായിരുന്നു ആദ്യം പരിഗണിച്ചത്.പിന്നീട് ലൈറ്റ് മെട്രോയായി.തലസ്ഥാനത്തിന്റെ ഭാവി വളർച്ചകൂടി കണക്കിലെടുത്തുള്ളതാണ് മീഡിയം മെട്രോ

50നഗരങ്ങളിൽ പുതുതായി മെട്രോ ട്രെയിനുകൾ ഓടിക്കുകയാണ് വികസനസ്വപ്നമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചിട്ടുണ്ട്.അതിനാൽ തിരുവനന്തപുരത്ത് അനുമതി ലഭിക്കുമെന്നുറപ്പാണ്.

31കിലോമീറ്റർ

27 സ്റ്റേഷനുകൾ

പാപ്പനംകോട് നിന്നാരംഭിച്ച് കിള്ളിപ്പാലം,പാളയം,ശ്രീകാര്യം,കഴക്കൂട്ടം,ടെക്നോപാർക്ക്, കൊച്ചുവേളി,വിമാനത്താവളം വഴി ഈഞ്ചക്കലിൽ അവസാനിക്കുന്നതാണ് പരിഗണനയിലുള്ള മെട്രോപാത.

മെട്രോയുടെ നിർമ്മാണചെലവ്

₹10000കോടി

ഒരുകിലോമീറ്റർ നിർമ്മിക്കാൻ

₹320കോടി

കേന്ദ്ര-സംസ്ഥാന വിഹിതം

40%

വായ്പയിലൂടെ കണ്ടെത്തുന്നത്

60%

ലൈറ്റ്മെട്രോയും

മീഡിയംമെട്രോയും

മീഡിയം മെട്രോയുടെ കോച്ചിന്റെ നീളം മുപ്പത് മീറ്ററാണെങ്കിൽ ലൈറ്റിൽ 25മീറ്ററാവും.വീതി 3.5ൽനിന്ന് 2.5 ആവും. ആക്സിൽലോഡ് 16 ടണ്ണിൽ നിന്ന് 11ടണ്ണായി കുറയും.പ്ലാറ്റ്ഫോമുകളുടെയും നീളം കുറയും.നിർമ്മാണച്ചെലവ് മൂന്നിലൊന്നായി കുറയ്ക്കാനാവും.ഭാരംകുറവുള്ള,ചെറിയ കോച്ചുകളായതിനാൽ വിലകുറയും.ഭൂമിയേറ്റെടുപ്പ് കുറച്ചുമതി.ലൈറ്റിൽ ആദ്യം മൂന്ന് കോച്ചുകളാവും.പീന്നീടിത് ആറാക്കാം.രണ്ടിലും സാങ്കേതികവിദ്യ,അറ്റകുറ്റപ്പണി, പ്രവർത്തന ചെലവുകൾ,ഇരട്ടട്രാക്ക് എന്നിവയെല്ലാം ഒരുപോലെയാണ്.ലൈറ്റിൽ മണിക്കൂറിൽ 15000യാത്രക്കാരെ വഹിക്കാമെങ്കിൽ മീഡിയത്തിൽ 40000ആവും.ലൈറ്റിന്റെ പരമാവധി വേഗം 60കി.മിയും മീഡിയത്തിന്റേത് 100കി.മിയുമാണ്.ലൈറ്റിന്റെ ട്രാക്കിലൂടെ പിന്നീട് മീഡിയംമെട്രോ ഓടിക്കാനാവില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL