SignIn
Kerala Kaumudi Online
Saturday, 20 June 2026 4.15 AM IST

തലസ്ഥാനത്തിന് കൈനിറയെ

 ലൈറ്റ് മെട്രോയും രണ്ടാമത്തെ മെഡിക്കൽ കോളേജും വരുന്നു

തിരുവനന്തപുരം: വി.ഡി.സതീശൻ സർക്കാരിന്റെ കന്നി ബഡ്ജറ്റിൽ തലസ്ഥാന ജില്ലയുടെ വികസനത്തിന് ആക്കം കൂട്ടുന്ന വിവിധ പദ്ധതികൾ. തലസ്ഥാന നഗരിയുടെ മുഖച്ഛായ മാറ്റുന്നതോടൊപ്പം ജില്ലയുടെ സാമ്പത്തിക വളർച്ചയ്‌ക്ക് ഊർജ്ജം പകരുന്നതാണ് പുതിയ പ്രഖ്യാപനങ്ങൾ.

നഗരത്തിലെ യാത്രാക്ലേശത്തിന് പരിഹാരമായി തിരുവനന്തപുരം ലൈറ്റ് മെട്രോ പദ്ധതി നടപ്പിലാക്കും. നിലവിൽ പദ്ധതിയുടെ വിശദമായ പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കിവരികയാണ്. പ്രാരംഭ പ്രവർത്തനങ്ങൾക്കായി ബഡ്ജറ്റിൽ 20 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഇതിന് പുറമെ നഗരത്തിലെ വിവിധ ഗതാഗത സംവിധാനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ജില്ലയിൽ യൂണിഫൈഡ് മെട്രോപ്പൊളിറ്റൻ ട്രാൻസ്‌പോർട്ട് അതോറിട്ടിയും സ്ഥാപിക്കും. ജില്ലയിലെ പൊതുജന ആരോഗ്യരംഗം ശക്തമാക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരത്ത് രണ്ടാമത്തെ മെഡിക്കൽ കോളേജ് പ്രവർത്തന ക്ഷമമാക്കും. ഉമ്മൻ‌ചാണ്ടി സർക്കാർ ജനറൽ ആശുപത്രിയിൽ മെഡിക്കൽ കോളേജിനായി ഒരുക്കിയ അടിസ്ഥാന സൗകര്യങ്ങൾ ഉപയോഗപ്പെടുത്തും.

ചരിത്രപ്രസിദ്ധമായ തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രം തിരുപ്പതി മോഡലിൽ വികസിപ്പിച്ച് ദേശീയ തീർത്ഥാടന കേന്ദ്രമാക്കും. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ വികസനവുമായി ബന്ധപ്പെട്ട് ഭൂഗർഭ റെയിൽവേ,വിഴിഞ്ഞം-നാവായിക്കുളം ഔട്ടർ റിംഗ് റോഡ് എന്നിവയ്ക്കായുള്ള സ്ഥലമേറ്റെടുക്കലും നിർമ്മാണവും വേഗത്തിലാക്കും. ഗ്രീൻ ബങ്കറിംഗ് സേവനം നൽകുന്ന ഇന്ത്യയിലെ ആദ്യ തുറമുഖമായി വിഴിഞ്ഞത്തെ മാറ്റുന്നതിനൊപ്പം മദർ ഷിപ്പുകളുടെ നിർമ്മാണവും അറ്റകുറ്റപ്പണികളും ലക്ഷ്യമിട്ട് ഇവിടെ പുതിയൊരു കപ്പൽ നിർമ്മാണ കേന്ദ്രവും സ്ഥാപിക്കും. ബാലരാമപുരം-നാവായിക്കുളം റിംഗ് റോഡ് പദ്ധതിക്കായി 100 കോടി രൂപയും ബഡ്ജറ്റിൽ അനുവദിച്ചിട്ടുണ്ട്.

തിരുവനന്തപുരം,കൊല്ലം,ആലപ്പുഴ ജില്ലകളെ ബന്ധിപ്പിച്ച് സതേൺ കേരള ഇക്കണോമിക് കോറിഡോർ രൂപീകരിക്കും. അതിന്റെ ഭാഗമായി തിരുവനന്തപുരത്തെ പ്രധാന 'നോളജ് ആൻഡ് സ്‌പേസ് ടെക്‌നോളജി ഹബ്ബ്' ആയി വികസിപ്പിക്കും. ഇതിനായി റയർ എർത്ത് കോറിഡോറിന് 100 കോടിയും സാമ്പത്തിക ഇടനാഴിക്ക് 50 കോടിയും അനുവദിച്ചു. തിരുവനന്തപുരം ഗവൺമെന്റ് എൻജിനിയറിംഗ് കോളേജിന് കോൺസ്റ്റിറ്റ്യൂവന്റ് കോളേജ് ഒഫ് ദി യൂണിവേഴ്‌സിറ്റി പദവി നൽകും. അതിലൂടെ സാങ്കേതിക പരിജ്ഞാനമുള്ള യുവജനങ്ങളുടെ സേവനം സംസ്ഥാനത്തിന് പ്രയോജനപ്പെടുത്താനും തൊഴിൽ തേടിയുള്ള കുടിയേറ്റം തടയാനും സാധിക്കും.

സെക്രട്ടേറിയറ്റിനെ രാജ്യത്തെ ഏറ്റവും മികച്ചതാക്കി മാറ്റുന്നതിനുള്ള പ്രത്യേക നടപടികളുമുണ്ടാകും. മത്സ്യത്തൊഴിലാളികളുടെ പ്രധാന ആവശ്യമായിരുന്ന മുതലപ്പൊഴി ഹാർബറിന്റെ അശാസ്ത്രീയ നിർമ്മാണത്തിലെ അപാകതകൾ പരിഹരിക്കും. പൂന്തുറയിൽ പുതിയ ഫിഷിംഗ് ഹാർബറും പൂന്തുറ-ഇടയാർ പാലവും നിർമ്മിക്കും. ടൂറിസ്റ്റ് കേന്ദ്രമായ കോവളത്ത് പരീക്ഷണാടിസ്ഥാനത്തിൽ 'ഗ്രീൻ മാർഷൽ' പദ്ധതി ആരംഭിക്കും. ഇതിലൂടെ സ്ത്രീകളെ ഗ്രീൻ മാർഷൽമാരായി പരിശീലിപ്പിച്ച് ശുചിത്വവും പരിസ്ഥിതി അവബോധവും ഉറപ്പാക്കും. ജലവിതരണ കാര്യക്ഷമത ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി നെയ്യാർ ജലസേചന പദ്ധതിയുടെ അടിസ്ഥാന സൗകര്യങ്ങളും കനാൽ സംവിധാനങ്ങളും നവീകരിക്കും. നെട്ടുകാൽത്തേരിയിൽ പുതിയ സംസ്ഥാന തീറ്റപ്പുൽ ഫാമും മാതൃകാ ക്ഷീര യൂണിറ്റും സ്ഥാപിക്കുമെന്നും പ്രഖ്യാപനമുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL