SignIn
Kerala Kaumudi Online
Tuesday, 30 June 2026 5.10 AM IST

നാഥനില്ലാതെ വെള്ളറട പൊലീസ് സ്റ്റേഷൻ

vld-1

വെള്ളറട: മലയോര അതി‌ർത്തി പൊലീസ് സ്റ്റേഷനായ വെള്ളറടയിൽ എസ്.ഐയും പൊലീസുകാരും ഇല്ലാതെയായിട്ട് നാളുകൾ ഏറെയായി. പരാതികൾ അന്വേഷിച്ച് പരിഹരിക്കാൻ കഴിയാത്ത അവസ്ഥയിലാണ് അതിർത്തി സ്റ്റേഷൻ. ദിനം പ്രതി നൂറുകണക്കിന് പരാതികളാണ് ഇവിടെ എത്തുന്നത്. പരാതി അന്വേഷിക്കാനോ അടിയന്തര ഘട്ടങ്ങളിൽ വിളിച്ചാൽ പോകാൻ പോലും പൊലീസുകാരില്ലാത്ത അവസ്ഥയാണ്. രണ്ട് എസ്.ഐ ഉൾപ്പെടെ 48പൊലീസുകാർ ജോലി ചെയ്തിരുന്ന സ്ഥലത്ത് ഇപ്പോൾ 22പേർ മാത്രമാണുള്ളത്. എസ്.ഐ ഉൾപ്പെടെയുള്ളവർ സ്ഥലം മാറിപോയിട്ടും പകരം ആളെ ഇതുവരെയും നിയമിച്ചിട്ടില്ല. ഉണ്ടായിരുന്ന പൊലീസുകാരിൽ പലരും പെൻഷനായും സ്ഥലം മാറിയും പോയവരാണ്.

പൊലീസുകാർ കുറവ്

22പേരിൽ ഏതാനും പേർ കോടതി ഡ്യൂട്ടിയും മറ്റ് ഡ്യൂട്ടികൾക്കും പോയി കഴിഞ്ഞാൽ സി.ഐയും ബാക്കിയുള്ള പൊലീസുകാരുമാണ് ക്രമസമാധാന ചുമതലക്കുള്ളത്. അതിർത്തിയായതിനാൽ എപ്പോഴും ക്രമസമാധാന പ്രശ്നങ്ങളുള്ള സ്റ്റേഷനാണ്. മുൻ കാലങ്ങളിൽ വെള്ളറട സ്റ്റേഷനിൽ ഡ്യൂട്ടി ലഭിക്കാൻ എസ്.ഐമാരുടെയും പൊലീസുകാരുടെയും തിരക്കായിരുന്നു. അടുത്തകാലത്തായി വെള്ളറടയിൽ പോസ്റ്റിംഗ് ലഭിച്ചാൽ ജോലി ഭാരം കാരണം പലരും ട്രാൻസ്ഫർ വാങ്ങി സൗകര്യ പ്രഥമായ സ്റ്റേഷനുകളിലേക്ക് പോവുകയാണ്.

ജോലിഭാരവും

ക്രമസമാധാന പ്രശ്നങ്ങൾ അടിയന്തര ഘട്ടത്തിൽ നേരിടാൻ ഏറെ ബുദ്ധിമുട്ട് അനുഭവിക്കുകയാണ് ഇപ്പോഴുള്ള ഉദ്യോഗസ്ഥർ. ജോലി ഭാരം കൂടിയതോടെ ഇപ്പോൾ ജോലിചെയ്യുന്നവർ സ്ഥലം മാറ്റത്തിനായി കാത്തിരിക്കുകയാണ്. അടിന്തരമായി ആഭ്യന്തരവകുപ്പ് ഇടപെട്ട് വെള്ളറടയിൽ ഉദ്യോഗസ്ഥരെ നിയമിക്കാൻ നടപടി സ്വീകരിക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL