SignIn
Kerala Kaumudi Online
Sunday, 05 July 2026 7.37 AM IST

പൊൻമുടി വികസന സ്വപ്നങ്ങളുമായി

വിതുര: പൊൻമുടിയിൽ വികസനപ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നതിനായി ബഡ്ജറ്റിൽ 4 കോടി രൂപ വകയിരുത്തി. വിനോദസഞ്ചാരികളുടെ സ്വപ്നഭൂമിയായ പൊൻമുടിയിൽ നടപ്പിലാക്കേണ്ട വികസന പ്രവർത്തനങ്ങളുടെ രൂപ രേഖതയ്യാറാക്കുന്നതിനായി ടൂറിസം വകുപ്പ് ഉടൻ യോഗം ചേരും. വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനായി ടൂറിസം കേന്ദ്രങ്ങളിൽ ബൃഹദ് പദ്ധതികൾ നടപ്പിലാക്കാൻ മുൻസർക്കാർ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി രണ്ട് വ‌ഷം മുമ്പ് ഹെലിടൂറിസം പദ്ധതിക്ക് രൂപം നൽകിയിരുന്നു. വിനോദസഞ്ചാരികളുടെ സ്വപ്നഭൂമികളായ പൊൻമുടിയും മൂന്നാറും ഉൾപ്പെടെ കേരളത്തിലെ 11 ടൂറിസം മേഖലകളിലാണ് ഹെലികോപ്ടർ ടൂറിസം നടപ്പിലാക്കാൻ തീരുമാനിച്ചിരുന്നത്. ഇതിനായി ആദ്യം കേന്ദ്രസർക്കാരിന്റെ അനുമതി തേടിയിരുന്നു.വനമേഖലയായതിനാൽ വന്യമൃഗങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. കാടിന് മുകളിലൂടെ ഹെലികോപ്ടർ പറത്തിയാൽ ശബ്ദം കേട്ട് വന്യമൃഗങ്ങൾ നാട്ടിലേക്കിറങ്ങുമെന്ന് വനംവകുപ്പ് ചൂണ്ടിക്കാട്ടിയിരുന്നു.

അവഗണനമാത്രം

മാറിമാറിവരുന്ന സർക്കാരുകൾ പൊൻമുടിയെ അവഗണിക്കുകയാണെന്ന പരാതി ഉയർന്നിട്ട് കാലങ്ങളേറെയായി. ബഡ്ജറ്റിൽ കോടിക്കണക്കിന് രൂപയുടെ വികസനപ്രവർത്തനങ്ങൾ നടപ്പിലാക്കുമെന്ന് പ്രഖ്യാപിക്കാറുണ്ടെങ്കിലും ഭൂരിഭാഗവും കടലാസിലൊതുങ്ങുകയാണ് പതിവ്.

റോപ്പ് വേ നിർമ്മിച്ച് സഞ്ചാരികളുടെ എണ്ണം വർദ്ധിപ്പിക്കുമെന്ന് പ്രഖ്യാപനം നടത്തി ബഡ്ജറ്റിൽ തുക വകയിരുത്തി പത്ത് വർഷമായിട്ടും ഒന്നുമായില്ല.

അടിസ്ഥാനസൗകര്യങ്ങളില്ല

പൊൻമുടിയിലെത്തുന്ന സഞ്ചാരികൾക്ക് അടിസ്ഥാനസൗകര്യങ്ങൾ പോലും ലഭ്യമാകാതെ നട്ടംതിരിയുന്ന അവസ്ഥയിലാണ്. മഴയത്ത് കയറിനിൽക്കാൻ ഒരു കാത്തിരിപ്പുകേന്ദ്രവും ഇവിടെയില്ല. ഡി.കെ.മുരളിയുടെ ശ്രമഫലമായി പൊൻമുടിയിൽ ഒരു പൊലീസ് സ്റ്റേഷൻ നിർമ്മിച്ചിരുന്നു. ഇവിടുത്തെ പൊതു ടൊയ്‌ലെറ്റുകളുടെ അവസ്ഥയും പരിതാപകരമാണ്.

ടൂറിസ്റ്റുകളുടെ എണ്ണം കൂടി.

അതേസമയം പൊൻമുടിയിൽ സഞ്ചാരികളുടെ എണ്ണം കുത്തനെ ഉയരുകയാണ്.കഴിഞ്ഞ വർഷം ലക്ഷകണക്കിന് ടൂറിസ്റ്റുകളാണ് പൊൻമുടിയിലെത്തിയത്. വനംവകുപ്പിന് പാസ് ഇനത്തിൽ ലക്ഷങ്ങളുടെ വരുമാനം ലഭിക്കുകയും ചെയ്തു.മുൻ ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഹെലിടൂറിസം പദ്ധതിയുമായി മുന്നോട്ടുപോയെങ്കിലും പാതിവഴിയിൽ നിലക്കുകയായിരുന്നു. നേരത്തെ പൊൻമുടി സന്ദർശനം നടത്തിയപ്പോഴും അനവധി വികസനപ്രവർത്തനങ്ങൾ സാദ്ധ്യമാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. അതേസമയം പൊൻമുടി ചുള്ളിമാനൂ‌ർ റോഡിന്റെ നിർമ്മാണപ്രവർത്തനങ്ങൾ ഇനിയും പൂർത്തീകരിച്ചിട്ടില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL