പീരുമേട്: കൊട്ടാരക്കര- ഡിണ്ടുക്കൽ ദേശീയപാതയുടെ ഇരുവശങ്ങളിലും നിൽക്കുന്ന അപകടാവസ്ഥയിലുള്ള മരങ്ങളും മരച്ചില്ലകളും വെട്ടിമാറ്റുന്നതിൽ ദേശീയപാത അതോറിറ്റി കാട്ടുന്ന ഗുരുതരമായ അനാസ്ഥ മൂലം പീരുമേട് മേഖലയിൽ അപകടങ്ങൾ വർദ്ധിക്കുന്നു. കാലവർഷം ആരംഭിച്ചതോടെ മരങ്ങൾ കടപുഴകിയും ശക്തമായ കാറ്റിലും വലിയ കൊമ്പുകൾ ഒടിഞ്ഞും റോഡിലേക്ക് വീഴുന്നത് നിത്യസംഭവമായി മാറി. ഒരു മാസത്തിനിടെ ചെറുതും വലുതുമായ നിരവധി അപകടങ്ങളാണ് ഈ ഭാഗത്തുണ്ടായത്. മുൻവർഷങ്ങളിൽ മഴക്കാലം ആരംഭിക്കുന്നതിന് മുമ്പ് തന്നെ റോഡിരുവശങ്ങളിലും അപകടഭീഷണിയുയർത്തി നിൽക്കുന്ന മരങ്ങളും അവയുടെ ശിഖരങ്ങളും വെട്ടിമാറ്റാൻ അധികൃതർ നടപടി സ്വീകരിക്കാറുണ്ടായിരുന്നു. എന്നാൽ, ഈ വർഷം കാലവർഷം ശക്തിപ്രാപിച്ചിട്ടും യാതൊരു മുൻകരുതൽ നടപടികളും സ്വീകരിക്കാൻ ദേശീയപാത അധികൃതർ തയ്യാറായിട്ടില്ല. ഓരോ തവണ വലിയ അപകടങ്ങൾ ഉണ്ടാകുമ്പോൾ മാത്രമാണ് അധികൃതർ താത്കാലികമായി എന്തെങ്കിലും നടപടി സ്വീകരിക്കുന്നതെന്നും ആക്ഷേപമുണ്ട്.
ഇന്നലെ വൈകിട്ട് ഏഴ് മണിയോടെ പെരുവന്താനം ടൗണിൽ റോഡരികിൽ നിന്ന മരത്തിന്റെ വലിയൊരു കൊമ്പ് ഒടിഞ്ഞ് റോഡിലൂടെ വന്ന പെട്ടി ഓട്ടോയ്ക്ക് മുകളിലേക്ക് വീണു. ആഘാതത്തിൽ വാഹനം മറിഞ്ഞെങ്കിലും ഉള്ളിലുണ്ടായിരുന്നവർ വലിയൊരു അപകടത്തിൽ നിന്ന് അദ്ഭുതകരമായാണ് രക്ഷപെട്ടത്. അപകടത്തെ തുടർന്ന് ദേശീയപാതയിൽ മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. ചൊവ്വാഴ്ച ഏലപ്പാറയ്ക്ക് സമീപം ചെമ്മണ്ണിൽ സ്‌കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന യുവാവിന്റെ പുറത്തേക്ക് മരത്തിന്റെ വലിയ ശിഖരം ഒടിഞ്ഞു വീണ് ദാരുണമായ മരണം സംഭവിച്ചിരുന്നു. ദേശീയപാതയോരത്തെ അപകടാവസ്ഥയിലുള്ള മരങ്ങൾ അടിയന്തരമായി നീക്കം ചെയ്യണമെന്ന് നാട്ടുകാരും യാത്രക്കാരും നിരന്തരമായി ആവശ്യപ്പെട്ടിട്ടും അധികൃതർ തികഞ്ഞ നിസംഗതയാണ് പുലർത്തുന്നത്. ഇനിയും ഒരു ദുരന്തത്തിന് കാത്തുനിൽക്കാതെ, യുദ്ധകാലാടിസ്ഥാനത്തിൽ ഈ മരങ്ങൾ വെട്ടിമാറ്റി യാത്രക്കാരുടെ ജീവന് സുരക്ഷ ഉറപ്പാക്കണമെന്ന ആവശ്യം ശക്തമാവുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |