
പാലോട്: ശാന്തമായി ഒഴുകുന്ന വാമനപുരം നദിയിലെ ചെല്ലഞ്ചിയാറ് വീണ്ടും മരണക്കയമാകുന്നു. കഴിഞ്ഞ ദിവസം ഉച്ചക്ക് 1.30ഓടെ കൂട്ടുകാരുമൊത്ത് കുളിക്കാനെത്തിയ ഇരിഞ്ചയം വേട്ടമ്പള്ളി പത്രംകോട് കിഴക്കുംകര വീട്ടിൽ അഖിൽ (34) ആണ് ഇവിടത്തെ ഒടുവിലെ ഇര. ചെല്ലഞ്ചിയാറ്റിലെ ചെല്ലഞ്ചി പാലത്തിനു സമീപം സപ്തപുരം കുളിക്കടവിന് സമീപത്തായിരുന്നു അപകടം. വെൽഡിംഗ് തൊഴിലാളിയായ അഖിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനെത്തിയപ്പോൾ കയത്തിൽ മുങ്ങി മരിക്കുകയായിരുന്നു. അഖിലിന്റെ രണ്ട് സുഹൃത്തുക്കളും ഒഴുക്കിൽപ്പെട്ടുവെങ്കിലും അത്‌ഭുതകരമായി രക്ഷപ്പെട്ടു.ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്.
മാസങ്ങൾക്ക് മുൻപ് മുങ്ങി മരിച്ച കല്ലറ പാകിസ്ഥാൻമുക്ക് സ്വദേശിയും സ്കൂൾ വിദ്യാർത്ഥിയുമായ 15കാരൻ അസ്ഹൽ, എൻജിനിയറിംഗ് കോളേജ് വിദ്യാർത്ഥിയായിരുന്ന മഹാദേവ്, മാസങ്ങൾക്ക് മുമ്പ് പുല്ലമ്പാറ വില്ലേജ് അസിസ്റ്റന്റ് സജി എന്നിവർ ഇവിടെ മുങ്ങി മരിച്ചിരുന്നു. മകനുമൊത്ത് നീന്തൽ പരിശീലനത്തിനെത്തിയപ്പോഴായിരുന്നു സജി അപകടത്തിൽപ്പെട്ടത്. സ്ഥലത്തെക്കുറിച്ച് വ്യക്തമായി അറിയാമായിരുന്ന നീന്തൽ വശമുള്ള ആളുമായിരുന്നു സജി. വർഷങ്ങൾക്ക് മുമ്പ് വിവാഹത്തിൽ പങ്കെടുക്കാനെത്തിയവർ സഞ്ചരിച്ച വള്ളം മറിഞ്ഞ് മൂന്നു പേർ മരിച്ചിരുന്നു. ചെല്ലഞ്ചി പാലം നിർമ്മാണത്തിനെത്തിയ നിർമ്മാണ തൊഴിലാളിയും ഈ ആറ്റിലാണ് വീണു മരിച്ചത്.
മുന്നറിയിപ്പ് ബോർഡുകളില്ല
ചെല്ലഞ്ചിയാറ്റിൽ മരണക്കയങ്ങൾ നിരവധിയാണ്. പുതുതായി എത്തുന്നവർക്ക് ഇതേകുറിച്ച് മുന്നറിയിപ്പ് നൽകുന്ന സൂചനാ ബോർഡുകളൊന്നും പരിസരത്ത് അധികാരികൾ സ്ഥാപിച്ചിട്ടില്ല. സുരക്ഷയ്‌ക്കായുള്ള നടപടികളും സ്വീകരിച്ചിട്ടില്ല. പാലം കാണാനും കുളിക്കാനുമാണ് കൂടുതൽ ആളുകൾ ഇവിടെയെത്തുന്നത്.
അപകടം പിന്നാലെ
സമീപത്തുതന്നെയുള്ള മീൻമുട്ടി ഡാമിന്റെ ഷട്ടറുകൾ ഉയർത്തുന്ന സമയത്ത് ആറ്റിലെ ജലനിരപ്പ് ക്രമാതീതമായി ഉയരും. ഒരു മണിക്കൂറോളം ഇത് തുടരും. ഇതറിയാതെ എത്തുന്നവരാണ് അപകടത്തിൽപ്പെടുന്നവരിൽ ഭൂരിഭഗവും.
ചെല്ലഞ്ചിയിലെത്തുന്ന സഞ്ചാരികളുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് ഉണ്ടാകുന്നത്. ഇവരിൽ പലരും അപകടത്തിൽപ്പെടുന്നതും പതിവാണ്. നാട്ടുകാരുടെ സമയോചിതമായ ഇടപെടലാണ് നിരവധി പേരുടെ ജീവൻ രക്ഷിച്ചിട്ടുള്ളത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |