നെടുമങ്ങാട്: പോക്സോ കേസിൽ ജാമ്യാപേക്ഷയുമായെത്തിയ വാറണ്ട് പ്രതി റിമാൻഡിലാകുമെന്നായപ്പോൾ കോടതിയെ വെട്ടിച്ച് മുങ്ങി. ഇന്നലെ ഉച്ചയോടെ നെടുമങ്ങാട് പോക്സോ കോടതിയിലാണ് സംഭവം. അരശുപറമ്പ് അയണിവിള കിരൺ ഭവനിൽ നിതിൻ രാജ് (ജിത്തു–31) ആണ് കോടതിയെയും ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെയും കബളിപ്പിച്ച് മുങ്ങിയത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച സംഭവത്തിൽ 2022-ൽ നെടുമങ്ങാട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ നാലാം പ്രതിയാണ് ഇയാൾ. അറസ്റ്റ് രേഖപ്പെടുത്തി കുറ്റപത്രം വായിച്ച് കേൾപ്പിച്ച് വിചാരണ ഘട്ടത്തിലാണ് പ്രതി കോടതിയിൽ നിന്ന് ഇറങ്ങിയോടിയത്. കേസ് പരിഗണിക്കുന്നതിനിടെ കോടതിയിൽ ഹാജരാകാൻ വൈകിയതെന്തെന്ന് ജഡ്ജി ചോദിച്ചു. മുമ്പ്,കാപ്പ കേസിൽ പ്രതിയായിരുന്ന പ്രതിക്ക് ജില്ലയിൽ പ്രവേശിക്കുന്നതിന് വിലക്കുള്ള കാര്യം അഭിഭാഷകൻ ധരിപ്പിച്ചു. പിന്നാലെ ജഡ്ജി പ്രതിയെ റിമാൻഡ് ചെയ്യുകയും ജാമ്യാപേക്ഷ നാളെ പരിഗണിക്കാമെന്ന് അറിയിക്കുകയും ചെയ്തു. ഇതുകേട്ടയുടൻ എല്ലാവരുടെയും കണ്ണുവെട്ടിച്ച് പുറത്തിറങ്ങിയ പ്രതി ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെ ഭീഷണിപ്പെടുത്താനും മറന്നില്ല. പൊലീസ് പിൻതുടർന്നെങ്കിലും പിടികൂടാനായില്ല. കേസിൽ അരശുപറമ്പ് സ്വദേശികളായ ഒന്നാം പ്രതി ജിബിൻ,രണ്ടാം പ്രതി ജോൺസൻ എന്നിവർ ഇപ്പോൾ ജയിലിലാണ്. മൂന്നാം പ്രതി മണികണ്ഠൻ ഒളിവിലുമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |