
തൃശൂർ: ആവേശം വിതറി റോഡ് ഷോകൾ ആരംഭിച്ചതോടെ പ്രചാരണരംഗം കൊഴുത്തു. ജില്ലയിൽ മൂന്ന് മുന്നണികളെയും പ്രഖ്യാപിച്ച മൂന്ന് മണ്ഡലങ്ങളിലും സ്ഥാനാർത്ഥികൾ ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിക്കഴിഞ്ഞു. വ്യാപാരസ്ഥാപനങ്ങൾ, തൊഴിൽശാലകൾ, മണ്ഡലത്തിലെ പ്രധാന വ്യക്തികൾ എന്നിവ കേന്ദ്രീകരിച്ചുള്ള പ്രവർത്തനമാണ് നടക്കുന്നത്. ഭൂരിഭാഗം സ്ഥലങ്ങളിലും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസുകൾ നിയോജക മണ്ഡലാടിസ്ഥാനത്തിലും പ്രാദേശിക തലങ്ങളിലും ആരംഭിച്ചു. പ്രഖ്യാപനം വന്നപ്പോൾ വിവിധയിടങ്ങളിൽ ഫ്ള്കസ് ബോർഡ് ഉയർന്നു. പ്രചാരണത്തിന് ചുരുങ്ങിയ ദിവസം മാത്രം ഉള്ളൂവെന്നത് കണക്കിലെടുത്ത് പരമാവധി പ്രവർത്തനം നടത്തി ജനങ്ങളെ കൈയിലെടുക്കാനുള്ള ശ്രമത്തിലാണ് മുന്നണികൾ.
സോഷ്യൽ മീഡിയയിൽ പോരാട്ടം
സ്ഥാനാർത്ഥി പ്രഖ്യാപനം വരും മുമ്പ് സോഷ്യൽ മീഡിയ തിരഞ്ഞെടുപ്പ് പോരാട്ടം തുടങ്ങിയിരുന്നു. ഓരോ സ്ഥാനാർത്ഥികളും ഇതിനായി പ്രത്യേക എജൻസികളെ നിയമിച്ചിരിക്കുകയാണ്. സ്ഥാനാർത്ഥിയുടെ പര്യടനങ്ങളും വോട്ടർമാരെ കാണുന്നതുമെല്ലാം സോഷ്യൽ മീഡിയയിൽ നിറയുകയാണ്.
ആവേശത്തോടെ പര്യടനം
സ്ഥാനാർത്ഥികളുടെ റോഡ് ഷോകൾ സജീവമായി. ഇന്നലെ വൈകിട്ട് തൃശൂർ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി രാജൻ പല്ലന്റെ റോഡ് ഷോയിൽ നൂറുക്കണക്കിന് പേർ പങ്കെടുത്തു. ഡി.സി.സിയിൽ നിന്നാരംഭിച്ച റോഡ് ഷോയിൽ ഡി.സി.സി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ്, മേയർ ഡോ. നിജി ജസ്റ്റിൻ, ഡെപ്യൂട്ടി മേയർ എ.പ്രസാദ്, ടി.വി.ചന്ദ്രമോഹൻ, എം.പി.വിൻസന്റ് തുടങ്ങിയവർ നേതൃത്വം നൽകി. യു.ഡി.എഫ് കൊടുങ്ങല്ലൂർ മണ്ഡലം സ്ഥാനാർത്ഥി ഒ.ജെ.ജനീഷ്, ഒല്ലൂരിലെ ഷാജി കോടങ്കണ്ടത്ത്, ഗുരുവായൂരിൽ സി.എച്ച്.റഷീദ് എന്നിവരും പ്രചാരണരംഗത്തുണ്ട്.
മണലൂരിൽ ബി.ജെ.പി സ്ഥാനാർത്ഥി അഡ്വ.കെ.കെ.അനീഷ് കുമാറും ഇരിങ്ങാലക്കുടയിലെ സന്തോഷ് ചെറാക്കുളവും പ്രചാരണം സജീവമാക്കിക്കഴിഞ്ഞു.
പര്യടനത്തിൽ മുന്നണികൾ
എൽ.ഡി.എഫ് - തൃശൂർ
തൃശൂർ: എൽ.ഡി.എഫ് തൃശൂർ നിയോജക മണ്ഡലം സ്ഥാനാർത്ഥി ആലങ്കോട് ലീലാകൃഷ്ണൻ പ്രചാരണരംഗത്ത് സജീവമായി. ഇന്നലെ രാവിലെ അയ്യന്തോളിൽ നിന്ന് പര്യടനം ആരംഭിച്ചു. ബൂത്ത് സെക്രട്ടറിമാരെയും അവരുടെ വീടുകളും കുടുംബാംഗങ്ങളെയും സന്ദർശിച്ചു. തുടർന്ന് അയ്യന്തോൾ കാർത്ത്യായനി ക്ഷേത്ര പരിസരത്തും സമീപത്ത് സാഹിത്യകാരൻ സന്തോഷ് ഏച്ചിക്കാനത്തിന്റെ വസതിയിലുമെത്തി. തുടർന്ന് ഇടശ്ശേരി സ്മാരക സമിതി, നിർമ്മല കോൺവെന്റ്, അയ്യന്തോൾ ബാങ്ക്, മദർ ആശുപത്രി എന്നിവിടങ്ങളിലെത്തി പിന്തുണ അഭ്യർത്ഥിച്ചു. ഉച്ചയ്ക്കുശേഷം പുല്ലഴി മേഖലയിൽ സന്ദർശനം നടത്തിയ സ്ഥാനാർത്ഥി കൊക്കാലെ, ഒളരി, ഒല്ലൂക്കര, പടിഞ്ഞാറേകോട്ട എന്നിങ്ങനെ നാല് മേഖലാ കൺവെൻഷനുകളിലും പങ്കെടുത്തു.
യു.ഡി.എഫ് - ഒല്ലൂർ
തൃശൂർ: ഒല്ലൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ഷാജി ജെ.കോടങ്കണ്ടത്തിന്റെ റോഡ് ഷോയുടെ ഉദ്ഘാടനം ഡി.സി.സി പ്രസിഡന്റ് ജോസഫ് ടാജറ്റ് നിർവഹിച്ചു. സുന്ദരൻ കുന്നത്തുള്ളി, ജെയ്ജു സെബാസ്റ്റ്യൻ, എം.എൽ.ബേബി, കെ.സി.അഭിലാഷ്, സജീവൻ കുരിയച്ചിറ, വിജയകുമാർ, ബ്ലിസൺ വർഗീസ്, ബിന്ദു കാട്ടുങ്കൽ, ശ്രീനിവാസൻ, ലീലാമ്മ ടീച്ചർ, സിനോജ് സുബ്രഹ്മണ്യൻ, അനിരുദ്ധൻ, ആന്റോ ചീനിക്കൽ, ബിനു, ഡേവിസ് ചക്കാലക്കൽ, ഏലിയാസ്, റോയ് പെരിഞ്ചേരി തുടങ്ങിയവർ പങ്കെടുത്തു.
എൻ.ഡി.എ - മണലൂർ
പാവറട്ടി: മണലൂർ എൻ.ഡി.എ സ്ഥാനാർത്ഥി അഡ്വ. കെ.കെ.അനീഷ് കുമാർ റോഡ് ഷോ നടത്തി. ഗണേശമംഗലത്ത്
നിന്നാരംഭിച്ച് കേച്ചേരി സെന്റർ വരെ പര്യടനം നടത്തി. പ്രവീൺ പനങ്ങാട്ട്, സേവ്യൻ പള്ളത്ത്, ജസ്റ്റിൻ ജേക്കബ്, ഭഗീഷ് പൂരാടൻ, സബിഷ് മരതയൂർ, എം.ആർ.വിശ്വൻ, സുജിത് പണ്ടാരിക്കൽ, ഗിനിഷ്, ബിജു പാലുവായ്, ഷൈജു, മനോജ് മാനിന, സർജു തൊയക്കാവ്, സന്തോഷ് കോലാരി തുടങ്ങിയവർ നേതൃത്വം നൽകി.
എൻ.ഡി.എ - തൃശൂർ
തൃശൂർ: എൻ.ഡി.എ സ്ഥാനാർത്ഥി പത്മജ വേണഗോപാൽ തൃശൂരിൽ വ്യാപാര സ്ഥാപനങ്ങളിൽ സന്ദർശനം നടത്തിയും പൗരപ്രമുഖരെ കണ്ടും പ്രചാരണം നടത്തി. രാവിലെ ശങ്കരൻകുളങ്ങര ക്ഷേത്രം, ധനലക്ഷ്മി ബാങ്ക് ഹെഡ് ഓഫീസ്, പുങ്കുന്നം പള്ളി എന്നിവിടങ്ങളിൽ സന്ദർശിച്ചു. തുടർന്ന് എൻ.ഡി.എ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. നേതാക്കളയ അഡ്വ. കെ.ആർ.ഹരി, രഘുനാഥ് സി.മേനോൻ, മനു പള്ളത്ത് എന്നിവരും ഒപ്പമുണ്ടായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |