SignIn
Kerala Kaumudi Online
Tuesday, 02 June 2026 4.42 AM IST

കുട്ടിക്കൂട്ടത്തെ വരവേറ്റ് അക്ഷരമുറ്റം

ജില്ലാതല പ്രവേശനോത്സവം മന്ത്രി ഒ.ജെ. ജനീഷ് നിർവഹിച്ചു


തൃശൂർ: പുത്തൻ ബാഗും കുടയും പുതുവസ്ത്രങ്ങളുമണിഞ്ഞ് കുട്ടിക്കൂട്ടം... തോരണങ്ങളും അലങ്കാരങ്ങളും സമ്മാനങ്ങളും കൊണ്ട് വർണാഭമായി സ്‌കൂളുകൾ... ചിരിയോടെ കുട്ടികളെ വരവേറ്റ് അദ്ധ്യാപകർ... ആകാംഷയോടെ കാത്ത്‌നിന്ന് മാതാപിതാക്കൾ..

പതിവുപോലെ ഇത്തവണയും ജില്ലയിലെ സ്‌കൂൾ പ്രവേശനോത്സവം ചടങ്ങുകൾ വർണാഭമായി. മുൻവർഷങ്ങളെ അപേക്ഷിച്ച് കരച്ചിലൊഴിവാക്കി പുഞ്ചിരിയോടെ ക്ലാസുകളിലേക്ക് എത്തിയ കുട്ടികളായിരുന്നു ഇത്തവണത്തെ സവിശേഷത. കരഞ്ഞവരാകട്ടെ സമ്മാനങ്ങൾ കിട്ടിയതോടെ ഫുൾ ഹാപ്പിയും.സ്‌കൂൾ പ്രവേശനോത്സവത്തിന്റെ ജില്ലാതല ഉദ്ഘാടനം മാള കോട്ടയ്ക്കൽ എസ്.സി.ജി.എച്ച്.എസ്.എസിൽ യുവജനക്ഷേമ കായികവകുപ്പ് മന്ത്രി അഡ്വ.ഒ.ജെ. ജനീഷ് നിർവഹിച്ചു. വിദ്യാലയങ്ങൾ കേന്ദ്രീകരിച്ചുള്ള ലഹരിമാഫിയയെ തടയാൻ സംസ്ഥാന പൊലീസ് ആരംഭിച്ച 'തുഫാൻ' (ദി നാർക്കോ ഹണ്ട്) ആന്റിഡ്രഗ് ക്യാമ്പയിൻ ജില്ലാതല ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. തൃശൂർ റൂറൽ പരിധിയിലെ 500 സ്‌കൂളുകളിൽ ലഹരിവിരുദ്ധ സന്ദേശങ്ങളുള്ള നെയിം സ്ലിപ്പുകൾ വിതരണം ചെയ്യും.എസ്.സി.ജി.എച്ച്.എസ്.എസിന്റെ സുവർണ്ണ ജൂബിലി സ്മരണിക പ്രകാശനം ചെയ്ത മന്ത്രി, പ്രഥമ ഹെഡ്മിസ്ട്രസ് സി. ജാനറ്റിനെ ആദരിച്ചു. പ്ലസ് ടു പരീക്ഷയിൽ 1200ൽ 1200 മാർക്കും നേടിയ കെ.എം. അസമിനെ ആദരിച്ചു.

മാർക്കിന്റെ പേരിൽ താരതമ്യം ചെയ്യരുത്

മാർക്കിന്റെ പേരിൽ വിദ്യാർത്ഥികളെ താരതമ്യം ചെയ്യുന്ന പ്രവണത രക്ഷിതാക്കൾ അവസാനിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
226 സർക്കാർ സ്‌കൂളുകളും 664 എയ്ഡഡ് സ്‌കൂളുകളും 77 അൺഎയ്ഡഡ് സ്‌കൂളുകളുമടക്കം ജില്ലയിലെ 1007 സ്‌കൂളുകളിലാണ് പ്രവേശനോത്സവം നടന്നത്. ഒന്നാം ക്ലാസിൽ പ്രവേശനം നേടിയ കെ.എസ്. നൂർ സമാന് ഹരിശ്രീ കുറിച്ച് മന്ത്രി അക്ഷരവെളിച്ചം പകർന്നു. ഒന്നാം ക്ലാസ് വിദ്യാർത്ഥി പി.ഡി. ഡെൽവിന് പഠനകിറ്റ് നൽകി വിതരണോദ്ഘാടനവും നിർവഹിച്ചു.
പത്താം ക്ലാസിൽ കൂടുതൽ എ പ്ലസ് നേടിയ സ്‌കൂളിനുള്ള ബ്ലോക്ക് പഞ്ചായത്ത് ആദരം പ്രധാനാദ്ധ്യാപിക സി. ഗ്രേസ് മരിയ ഏറ്റുവാങ്ങി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് അദ്ധ്യക്ഷയായി. കെ.ബി. ബ്രിജി, സുഭാഷിണി രാജീവ്, പി.കെ. രാധാകൃഷ്ണൻ, സുനിത സജീവൻ, സിൽവി സേവ്യർ, ഔസേപ്പച്ചൻ ജോസ്, റോസിലി ഫ്രാൻസിസ്, സാജൻ കൊടിയൻ, കാവ്യ രഞ്ജിത്ത്, രോഹിത് നന്ദകുമാർ, സി. അനറ്റ് സി.എം.സി തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THRISSUR, SCHOOL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL