
തിരുവനന്തപുരം: രണ്ട് മാസത്തെ അവധിക്കാല തിമിർപ്പിന് വിരാമമിട്ട് കുട്ടികൂട്ടം സ്കൂളിലേക്ക് എത്തി. 42 ലക്ഷത്തോളം വിദ്യാർത്ഥികളാണ് ഇന്ന് സ്കൂളിലെത്തുന്നത്. റോസപ്പൂവും മധുരവും നൽകിയാണ് വിദ്യാർത്ഥികളെ സ്കൂളിലേക്ക് സ്വീകരിച്ചത്. ആദ്യമായി സ്കൂളിലെത്തുന്ന ഒന്നാം ക്ലാസുകാരുടെ പേടി മാറ്റാൻ ആകർഷകമായ മാറ്റങ്ങളാണ് പ്രൈമറി ക്ലാസ് മുറികളിൽ വരുത്തിയിട്ടുള്ളത്. മിക്ക സ്കൂളുകളിലും ചുവരുകളിൽ കാർട്ടൂൺ കഥാപാത്രങ്ങളും പ്രകൃതിദൃശ്യങ്ങളും വരച്ചുചേർത്തു. മൂന്നു ലക്ഷത്തിലധികം കുട്ടികളാണ് അറിവിന്റെ മധുരം നുകരാൻ ഒന്നാം ക്ലാസിലേക്ക് എത്തുന്നത്.
സംസ്ഥാനതല പ്രവേശനോത്സവം പട്ടം ഗവൺമെന്റ് മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ അദ്ധ്യക്ഷത വഹിക്കും. ജില്ലാതലത്തിലും സ്‌കൂൾ തലത്തിലും പ്രവേശനോത്സവത്തിൽ കുട്ടികളുമായി സംവദിക്കുന്ന പരിപാടികൾ സംഘടിപ്പിക്കാൻ നിർദ്ദേശമുണ്ട്. വിദ്യാർത്ഥികളും അദ്ധ്യാപകരും രക്ഷിതാക്കളും സൈബർ സുരക്ഷാ പ്രതിജ്ഞയെടുക്കും. സംസ്ഥാനതല പ്രവേശനോത്സവച്ചടങ്ങ് എല്ലാ സ്കൂളിലും തത്സമയ സംപ്രേഷണം നടത്തും.
ആകെ 197 പ്രവൃത്തിദിനങ്ങളാണുള്ളത്. ഇതിൽ എൽ.പി വിഭാഗത്തിൽ ശനിയാഴ്ചകൾ പ്രവൃത്തിദിനമല്ല. യു.പി വിഭാഗത്തിൽ മൂന്ന് ശനിയാഴ്ചകളും ഹൈസ്കൂൾ വിഭാഗത്തിൽ ഏഴ് ശനിയാഴ്ചകളും അധിക പ്രവൃത്തിദിനമായി നിശ്ചയിച്ചിട്ടുണ്ട്. പുതിയ അദ്ധ്യയനവർഷം ആരംഭിക്കുമ്പോൾ സ്കൂൾ പരിസരങ്ങളിൽ ലഹരിവസ്തുക്കളുടെ വില്പനയും ഉപയോഗവും തടയുന്നതിനായി എക്സൈസ്-പൊലീസ് വകുപ്പുകളുടെ നേതൃത്വത്തിൽ പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |