SignIn
Kerala Kaumudi Online
Monday, 06 July 2026 6.42 AM IST

പ്രായം നസീമയ്ക്ക് വെറുമൊരു അക്കം  67ലും എവറസ്റ്റ് ബേസ് ക്യാമ്പ് കീഴടക്കി

base-camp

ഇരിങ്ങാലക്കുട: 67-ാം വയസിൽ എവറസ്റ്റിന്റെ ബേസ് ക്യാമ്പ് കീഴടക്കിയിരിക്കുകയാണ് പൊതുപ്രവർത്തകയും മുൻ കൗൺസിലറുമായ നസീമ കുഞ്ഞുമോൻ. കഠിനമായ പ്രയത്‌നത്തിലൂടെയും ദൃഢനിശ്ചയത്തിലൂടെയുമാണ് ചിരകാല അഭിലാഷം നസീമ യാഥാർത്ഥ്യമാക്കിയത്. 2020-25ൽ ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി മൂർക്കനാട് ഒന്നാം വാർഡിലെ കൗൺസിലറായിരുന്നു.കരുവന്നൂർ വലിയ പാലത്തിന് സമീപം മൂർക്കനാട് ബണ്ട് റോഡിൽ ഉള്ളുവളപ്പിൽ കുഞ്ഞുമോനാണ് ഭർത്താവ്.

ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പറായും പിന്നീട് ഇരിങ്ങാലക്കുട നഗരസഭയിൽ മൂർക്കനാട് വാർഡ് കൗൺസിലറായും നസീമ പ്രവർത്തിച്ചിട്ടുണ്ട്.ഏഴ് മുതൽ 67വയസ് വരെയുള്ള സ്ത്രീകൾ മാത്രമുള്ള 20അംഗ സംഘത്തോടൊപ്പമായിരുന്നു നസീമയുടെ യാത്ര.മേയ് 2ന് ആരംഭിച്ച യാത്രയിൽ 10ദിവസം കൊണ്ട് 65കി.മീ.ദുർഘട പാതകളാണ് ഇവർ പിന്നിട്ടത്.

 വേദനിച്ചപ്പോഴും ലക്ഷ്യം കൈവിട്ടില്ല
മുകളിലേക്ക് പോകുംതോറും മൈനസ് 3ഡിഗ്രിയിൽ നിന്നും മൈനസ് 20 ഡിഗ്രി വരെയായി തണുപ്പ്. കഠിനതണുപ്പിൽ ശരീരവും മുഖവും വിണ്ടുകീറി വേദനിച്ചപ്പോഴും, ലക്ഷ്യബോധം കൈവിട്ടില്ല.

ശാരീരിക പരിശോധനകൾക്ക് ശേഷമാണ് യാത്രാനുമതി ലഭിച്ചത്. ബംഗളൂരുവിൽ നിന്ന് വിമാനമാർഗം നേപ്പാൾ തലസ്ഥാനമായ കാഠ്മണ്ഡുവിലെത്തി, അവിടെനിന്ന് ബസ് മാർഗം കൽക്കയിലും പിന്നീട് ചെറിയ വിമാനത്തിൽ ലുക്‌ളയിലുമെത്തിയാണ് കാൽനടയാത്ര ആരംഭിച്ചത്. ഗൈഡിന്റെ സഹായത്തോടെ ദിവസേന 10കി.മീ.മലനിരകൾ താണ്ടി.നാംചേ ബസാർ,ഹെൻങ്കോച്ചി,പൻങ്കോച്ചി,ഹിലരി പാലം,ലംബോച്ചി എന്നീ ഇടത്താവളങ്ങൾ താണ്ടിയായിരുന്നു യാത്ര.

 10ാം നാൾ ബേസ്‌ക്യാമ്പിൽ
ആദ്യ ദിനം മലമുകളിലെ ചെറിയ ഗ്രാമങ്ങളിലൂടെയായിരുന്നു യാത്ര. പിന്നീട് ആൾതാമസമോ റോഡുകളോ ഇല്ലാത്ത മേഖലകളിലേക്ക് കടന്നു. കൊക്കയുള്ള പേടിപ്പെടുത്തുന്ന ഒറ്റയടിപ്പാതകളിലൂടെ, ഓക്‌സിജൻ കുറവുള്ളതും ആശുപത്രി സൗകര്യങ്ങളില്ലാത്തതുമായ ഇടങ്ങളിലൂടെ ജീവൻ പണയം വെച്ചായിരുന്നു വനിതാ സംഘം ഒടുവിൽ പത്താം ദിവസം എവറസ്റ്റ് ബേസ് ക്യാമ്പിലെത്തിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL