
തൃശൂർ: ചൊവ്വാഴ്ച രാത്രി 11ഓടെ കനത്ത മഴയോടൊപ്പം വീശിയടിച്ച ചുഴലിക്കാറ്റിൽ വൻനാശനഷ്ടം. മരം വീണ് മതിലുകൾ ഇടിഞ്ഞും മേൽക്കൂര തകർന്നും വിവിധയിടങ്ങളിൽ കനത്ത നാശനഷ്ടമുണ്ടായി. നഗരത്തിൽ പലയിടത്തും വൈദ്യുതി തടസവും നേരിട്ടു. അയ്യന്തോൾ ഗവ.വി.എച്ച്.എസ് സ്കൂളിന്റെ രണ്ടാം നിലയിലുള്ള ഷീറ്റിന് മുകളിലേക്ക് മരം വീണു. തൃശൂരിലെ ഫയർഫോഴ്സെത്തിയാണ് മരം മുറിച്ചുമാറ്റിയത്. സ്കൂളിന് സമീപം നിന്നിരുന്ന പഴയ മരങ്ങൾ മുറിച്ചുനീക്കാൻ ഫയർഫോഴ്സ് നിർദ്ദേശം നൽകിയിട്ടുണ്ട്.അയ്യന്തോൾ പുതൂർക്കരയിലുള്ള ഈച്ചരത്ത് വീട്ടിൽ ലളിതയുടെ ഓടുവീടിന് മീതെ മരം വീണ് ഭാഗിക നാശനഷ്ടമുണ്ടായി. പുത്തൂർ മരാശ്ശേരി വീട്ടിൽ ധനേഷിന്റെ വീടിന് പിറകിലെ ഷീറ്റും മതിലും മരം വീണ് തകർന്നു. അരിമ്പൂർ പഴൂർ വീട്ടിൽ ലീലയുടെ ഓടുവീടിന്റെ മേൽക്കൂരയും മരം വീണ് തകർന്നിട്ടുണ്ട്. കൂടാതെ കോലഴി തവളക്കുളത്ത് ചിറ്റത്തുപറമ്പിൽ ഗോപാലന്റെ വീടിന് മുകളിലുള്ള ട്രസ്സ് പറന്നുപോയി. ഇതേത്തുടർന്ന് സമീപത്തെ തെങ്ങുകൾക്കും നാശമുണ്ടായി.
വൈദ്യുതി തടസവും
ചുഴലിക്കാറ്റിൽ കോർപ്പറേഷൻ വൈദ്യുതി വിഭാഗത്തിന്റെ നാല് എച്ച്.ഡി ഫീഡറുകളും തകരാറിലായി. ചെമ്പുക്കാവ്, വിവേകോദയം, കേരളവർമ്മ കോളേജ്, അരണാട്ടുകര എന്നിവിടങ്ങളിലാണ് വൈദ്യുതി നിലച്ചത്. അരണാട്ടുകരയിലെ ചുങ്കം ഫാമിലി നഗറിൽ തെങ്ങ് വീണ് വൈദ്യുത കമ്പികൾ പൊട്ടി. ചെമ്പുക്കാവ് ഭാഗത്ത് എച്ച്.ഡി ഫീഡർ തകരാറിലായെങ്കിലും ഫീഡർ നിലച്ചില്ല. ഇന്നലെ രാവിലെയാണ് തകരാർ കണ്ടെത്തി പരിഹരിച്ചത്. ഇതിനാൽ മ്യൂസിയം മുതൽ കിഴക്കെകോട്ട വരെയുള്ള പ്രദേശത്ത് ചൊവ്വാഴ്ച രാത്രി 11 ഓടെ നിലച്ച വൈദ്യുതി ഇന്നലെ രാവിലെയാണ് പുനഃസ്ഥാപിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |