
ശാസ്ത്രജ്ഞൻ ഡോ.അനക്‌സ് ജോസ്
തൃശൂർ:കോശങ്ങളിൽ ഓക്‌സിജൻ ഊർജ്ജമായി മാറുന്ന പ്രക്രിയയുടെ ആണവതല രഹസ്യങ്ങൾ വ്യക്തമാക്കുന്ന ഗവേഷണങ്ങളിലൂടെ അന്താരാഷ്ട്ര ശാസ്ത്രലോകത്ത് തിളങ്ങി തൃശൂർ സ്വദേശി ഡോ.അനക്‌സ് ജോസ്. ജീവകോശങ്ങളിലെ പ്രോട്ടോൺ പമ്പിംഗിനെക്കുറിച്ച് 40വർഷമായി നിലനിന്നിരുന്ന ശാസ്ത്രീയ നിഗൂഢതകൾക്കാണ് അനക്സിന്റെ പഠനം മറുപടി നൽകിയത്. സ്റ്റാൻഫോർഡ് സർവകലാശാലയിലെ പി.എച്ച്.ഡി.ഗവേഷണത്തിനിടെ അദ്ദേഹം നടത്തിയ പഠനങ്ങൾ ലോകപ്രശസ്ത ശാസ്ത്ര ജേർണലുകളായ 'സയൻസ്' (2021), പ്രൊസീഡിംഗ്സ് ഒഫ് ദ നാഷണൽ അക്കാഡമി ഒഫ് സയൻസസ് (പി.എൻ.എ.പി.എസ്) എന്നിവയിൽ പ്രസിദ്ധീകരിച്ചു വന്നു. നിലവിൽ അമേരിക്കയിലെ ലോറൻസ് ബെർക്ക്‌ലി നാഷണൽ ലബോറട്ടറിയിൽ പോസ്റ്റ് ഡോക്ടറൽ ഫെലോയാണ് ഡോ.അനക്‌സ്.
തൃശൂർ കാൽഡിയൻ സിറിയൻ സ്‌കൂളിലെ പഠനത്തിന് ശേഷം കൊൽക്കത്ത ഐസറിൽ നിന്നും ഗോൾഡ് മെഡലോടെയാണ് അനക്‌സ് ബി.എസ്.എം.എസ് ബിരുദം പൂർത്തിയാക്കിയത്. തുടർന്ന് സ്റ്റാൻഫോർഡിൽ നിന്ന് പി.എച്ച്.ഡി നേടി. കല്ലൂർ സ്വദേശിയായ ഇദ്ദേഹം കർഷകനും വ്യാപാരിയുമായ ജോസ് തെക്കേത്തലയുടെയും ജെസിയുടെയും മകനാണ്. ഭാര്യ:എൽസ റോസ് അമേരിക്കയിൽ ഉപരിപഠനം നടത്തുന്നു. അനീന ജോസ് സഹോദരിയാണ്.
'പ്രോട്ടോൺ പമ്പിംഗി'ന്റെ പ്രവർത്തനം
കോശങ്ങളിൽ ഓക്‌സിജൻ ഉപയോഗിച്ച് ഊർജ്ജം ഉത്പാദിപ്പിക്കുന്ന പ്രക്രിയയിലെ 'പ്രോട്ടോൺ പമ്പിംഗ്' ആണവതലത്തിൽ എങ്ങനെ പ്രവർത്തിക്കുന്നുവെന്നതാണ് ഡോ.അനക്സിന്റെ ഗവേഷണം. ജീവശാസ്ത്രത്തിലെ അടിസ്ഥാന ഊർജ്ജ ഉത്പാദനത്തെക്കുറിച്ചുള്ള അറിവ് വികസിപ്പിക്കുന്നതിനൊപ്പം, പുതിയ ഊർജ്ജ പരിവർത്തന സാങ്കേതികവിദ്യകൾക്കും സംഭരണ സംവിധാനങ്ങൾക്കും കണ്ടെത്തൽ സഹായകരമാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |