
തൃശൂർ: കർക്കടകത്തിന്റെ വരവറിയിച്ച് തിമിർത്തുപെയ്ത മഴയെ സാക്ഷിയാക്കി വടക്കുന്നാഥ ക്ഷേത്രത്തിൽ ആനയൂട്ട് നടന്നു. തിരുവമ്പാടി ലക്ഷ്മിക്കുട്ടിക്ക് ആദ്യ ഉരുള നൽകി വടക്കുന്നാഥൻ ക്ഷേത്രം മേൽശാന്തി പയ്യപ്പിള്ളി മാധവൻ നമ്പൂതിരി ആനയൂട്ടിന് തുടക്കംകുറിച്ചു. ക്ഷേത്രം തന്ത്രി പുലിയന്നൂർ ശങ്കരനാരായണന്റെ നേതൃത്വത്തിൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തിന് ശേഷമാണ് ചടങ്ങുകൾ തുടങ്ങിയത്.
നടുവിലാൽ ഗണപതിക്ക് അഭിമുഖമായുള്ള പടിഞ്ഞാറെ നടയിലൂടെ അകത്തേക്കെത്തിയ കരിവീരൻമാർ ഊട്ടിന് ശേഷം കിഴക്കേനടയിലൂടെയാണ് പുറത്തേക്കിറങ്ങിയത്. ആനകൾക്ക് നിൽക്കാനായി പ്രത്യേക റാമ്പുകളും ഭക്തർക്കും ആനപ്രേമികൾക്കും നിൽക്കുന്നതിന് പ്രത്യേക സൗകര്യവും ഒരുക്കിയിരുന്നു.
മന്ത്രി ഒ.ജെ.ജനീഷ്, രാജൻ ജെ.പല്ലൻ എം.എൽ.എ, ചാണ്ടി ഉമ്മൻ എം.എൽ.എ, മേയർ നിജി ജസ്റ്റിൻ, ഡെപ്യൂട്ടി മേയർ എ.പ്രസാദ്, കളക്ടർ ശിഖ സുരേന്ദ്രൻ, കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.രവീന്ദ്രൻ, ദേവസ്വം അംഗങ്ങളായ കെ.പി.അജയൻ, കെ.കെ.സുരേഷ് ബാബു, ഉപദേശക സമിതി സെക്രട്ടറി കെ.എ.മനോജ് കുമാർ, പ്രസിഡന്റ് സുരേഷ് കുന്നത്ത്, ദേവസ്വം സെക്രട്ടറി പി.ബിന്ദു, ഡെപ്യൂട്ടി കമ്മിഷണർ കെ.സുനിൽകുമാർ, തൃശൂർ ഗ്രൂപ്പ് അസി.കമ്മിഷണർ എം. മനോജ് കുമാർ,വടക്കുന്നാഥൻ ദേവസ്വം മാനേജർ ലക്ഷ്മി കെ.പ്രകാശ് തുടങ്ങിയവർ പങ്കെടുത്തു.
49 ഗജവീരന്മാർ, 35ലക്ഷം ചെലവ്
കൊച്ചിൻ ദേവസ്വം ബോർഡിന്റെ എറണാകുളം ശിവകുമാർ,പെരുമ്പറപ്പ് കാവേരി, പുതുപ്പള്ളി കേശവൻ, കുട്ടൻകുളങ്ങര അർജുൻ, ഊക്കൻസ് കുഞ്ചു, പുതുപ്പള്ളി സാധു, പാമ്പാടി സുന്ദരൻ, പാറമേക്കാവ് കാശിനാഥൻ, പുതൃക്കോവിൽ പാർത്ഥസാരഥി,ചെമ്പുക്കാവ് വിജയകണ്ണൻ, ഗുരുവായൂർ രാജശേഖരൻ, കാളകുത്തൻ കണ്ണൻ, മച്ചാട് ഗോപാലൻ, മയ്യനാട് അരുണിമ പാർത്ഥസാരഥി,ചെമ്മരപ്പിള്ളി ഗംഗാധരൻ തുടങ്ങി 49കരിവീരന്മാരാണ് ഊട്ടിനെത്തിയത്. 12008 നാളികേരവും പൈനാപ്പിൾ, കക്കിരി, തണ്ണിമത്തൻ, നേന്ത്രപ്പഴം,ചോളം,ആപ്പിൾ,മുന്തിരി,കരിമ്പ്,പനമ്പട്ട തുടങ്ങിയവയാണ് നൽകിയത്. ചോറുരുളയും ദഹനചൂർണവും ഒപ്പം നൽകി. 35ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് വടക്കുന്നാഥ ക്ഷേത്രം ഉപദേശക സമിതിയുടെ നേതൃത്വത്തിൽ ആനയൂട്ട് സംഘടിപ്പിച്ചത്. ഭക്തർക്കുള്ള പ്രസാദഊട്ടും ഒരുക്കിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |