
വടക്കാഞ്ചേരി: ഒരു ജനകീയ ആശുപത്രിയായി വളരാൻ ജില്ലാ ആശുപത്രിക്ക് എന്തൊക്കെ വേണം. കേരളകൗമുദി പരമ്പര 'ജില്ലാ ആശുപത്രിക്ക് വേണം ചികിത്സ' ഇന്ന് മുതൽ ആരംഭിക്കുന്നു.
1940ൽ ആരംഭിച്ച ആതുരാലയമാണ് വടക്കാഞ്ചേരി ഓട്ടുപാറ ആശുപത്രി.താലൂക്ക് ആശുപത്രി നിരവധി പോരായ്മകളോടെയാണ് ജില്ലാ പഞ്ചായത്ത് ഏറ്റെടുത്തത്. തൃശൂരിലെ ജില്ലാ ആശുപത്രി ജനറൽ ആശുപത്രിയായതോടെയാണ് ജില്ലാ പഞ്ചായത്ത് വടക്കാഞ്ചേരിയിലെത്തിയത്. അന്ന് മുതൽ വലിയ മാറ്റങ്ങൾ പ്രതീക്ഷിച്ചിരുന്നവർക്ക് നിരാശ മാത്രമാണ് ഫലം. പ്രതിദിനം നൂറ്കണക്കിന് നിർദ്ധന രോഗികൾ ചികിത്സ തേടിയെത്തുന്ന 117കിടക്കകളുള്ള ആശുപത്രിയിൽ നിലവിൽ 112 എണ്ണത്തിൽ മാത്രമേ ചികിത്സയൊള്ളൂ. സൈക്യാട്രി, സൂപ്പർ സ്പെഷ്യാലിറ്റി സേവനങ്ങളാകട്ടെ നിലച്ചമട്ടാണ്. 27 ഡോക്ടർമാർ ആശുപത്രിയിലുണ്ട്. അത്യാഹിത വിഭാഗം പ്രവർത്തിക്കുന്നുണ്ടെങ്കിലും കാര്യക്ഷമമല്ല. 6ഡോക്ടർമാർ വേണ്ടിടത്ത് 2പേർ മാത്രമാണുള്ളത്. വേണ്ടത്ര ജീവനക്കാരില്ലാത്തതിനാൽ ലാബും ഫാർമസിയും പ്രതിസന്ധിയിലാണ്. ലാബിൽ ആകെ 6 ജീവനക്കാർ മാത്രം. 5പേരെ ആശുപത്രി വികസന സമിതി നിയമിച്ചാണ് പ്രവർത്തനം. ഫാർമസിയിൽ 9 പേർ വേണ്ടിടത്ത് ഉള്ളത് 3 പേർ. ഡയാലിസിസ് യൂണിറ്റും എക്സറേ യൂണിറ്റുമാണ് കാര്യക്ഷമമായി പ്രവർത്തിക്കുന്നതെന്ന് പറയാം. പരാധീനതകളുടെ നടുവിലാണ് ആതുരാലയം. അധികൃതർ ആശുപത്രിയിലേക്ക് തിരിഞ്ഞുനോക്കാറില്ലെന്ന പരാതി മാത്രമാണ് ജനങ്ങൾക്ക്.
ആധുനിക മെഷീനുകൾ കാഴ്ച വസ്തു
അത്യാധുനിക സൗകര്യങ്ങളോടെയുള്ള സ്‌കാനിംഗ് -ദന്തൽഎക്സറേ മെഷീനുകൾ ജില്ലാ ആശുപത്രിയിൽ ചിതലരിച്ചു കിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. 2മെഷീനുകളും കെട്ടി പൂട്ടിവെച്ചിരിക്കുകയാണ്. ദന്തൽ എക്‌സ്റേ മെഷീന് 4 വർഷവും സ്‌കാനിംഗ് മെഷീന് 6 വർഷവും പഴക്കമുണ്ട്. ആശുപത്രി അധികൃതർ കുറഞ്ഞ നിരക്കിൽ സ്‌കാനിങ്ങിനായി വടക്കാഞ്ചേരി ഫൊറോന പള്ളിയുടെ സമീപത്തുള്ള സ്‌കാനിങ്ങ് സെന്ററുമായി കരാർ ഉണ്ടാക്കിയിരിക്കുകയാണ്. 550 രൂപയാണ് സ്‌കാൻ ചാർജ്.നല്ലൊരു കമ്മീഷൻ ഡോക്ടർമാരുടെ പോക്കറ്റിൽ വീഴും.റേഡിയോളജിസ്റ്റ് ഇല്ലാത്തതാണ് 40 ലക്ഷത്തിലധികം രൂപ മുടക്കി വാങ്ങിയ സ്‌കാനിംഗ് മെഷീനെ കാഴ്ചവസ്തുവാക്കുന്നത്.
ജീവനക്കാരുടെ അഭാവം
ഒട്ടേറെ തവണ അപേക്ഷകൾ ക്ഷണിച്ചു. നിരവധി പേർക്ക് നിയമനം നൽകി.പ്രത്യേക ലോബിയുടെ ഇപെടലിനെ തുടർന്ന് ആരും ചുമതലയേറ്റില്ല. ദന്തൽ എക്‌സ്റേ മെഷീന്റെ കാര്യവും വിഭിന്നമല്ല. ചികിത്സയ്ക്കെത്തുന്നവർ 200രൂപ മുതൽ 300 രൂപ വരെ മുടക്കി പുറമെ നിന്ന് എക്‌സ്റേ എടുക്കണം. വാങ്ങിച്ച് വെച്ച മെഷീൻ പ്രവർത്തിപ്പിച്ചാൽ 50 മുതൽ 60 രൂപ വരെ മുടക്കിയാൽ കാര്യം നടക്കും.
(തുടരും ) നാളെ: എവിടെയുമെത്താതെ അത്യാഹിത വിഭാഗം വിപുലീകരണം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |