
തൃശൂർ: ഓണക്കാലത്തിന് ആവേശമേകാൻ തൃശൂർ ജില്ലയിലെ കായലുകളിൽ ഇരുട്ടുകുത്തി, ചുരുളൻ, ചുണ്ടൻ വള്ളങ്ങളൊരുങ്ങുന്നു. തൃപ്രയാർ, കണ്ടശ്ശാംകടവ് എന്നിവിടങ്ങളിലെ പ്രധാന മത്സരങ്ങൾക്കൊപ്പം കുണ്ടുവകടവ്, ചേറ്റുവ, കിഴുപ്പിള്ളിക്കര, കരാഞ്ചിറ, ഏനാമാക്കൽ തുടങ്ങി വിവിധ കേന്ദ്രങ്ങളിൽ ചെറുതും വലുതുമായ ജലോത്സവങ്ങൾ നടക്കും. വൻ സാമ്പത്തിക ബാദ്ധ്യതയും യുവാക്കളുടെ കുറഞ്ഞ പങ്കാളിത്തവും വെല്ലുവിളിയാകുന്നുണ്ടെങ്കിലും പഴയകാല പ്രൗഢി വീണ്ടെടുക്കാനുള്ള തയ്യാറെടുപ്പിലാണ് സംഘാടകർ. എറണാകുളം, ആലപ്പുഴ ജില്ലകളിൽ നിന്ന് വള്ളങ്ങൾ വാടകയ്‌ക്കെടുത്താണ് പ്രാദേശിക ക്ലബ്ബുകൾ മത്സരങ്ങളിൽ പങ്കെടുക്കുന്നത്. മാസങ്ങൾക്ക് മുമ്പ് തന്നെ കായലുകളിലും കനാലുകളിലും പരിശീലനം ആരംഭിച്ചു. പകൽ ജോലിക്ക് ശേഷം വൈകീട്ടാണ് തൊഴിലാളികളായ തുഴച്ചിലുകാർ പരിശീലനത്തിനിറങ്ങുന്നത്. കണ്ടശ്ശാംകടവിൽ ചുണ്ടൻ വള്ളങ്ങളുടെ എ, ബി ഗ്രേഡ് മത്സരങ്ങൾ നടക്കും. ഒരുകാലത്ത് ആകാശവാണി തത്സമയം പ്രക്ഷേപണം ചെയ്തിരുന്ന കണ്ടശ്ശാംകടവ് ജലോത്സവത്തിൽ നേവിയുടെ അഭ്യാസ പ്രകടനങ്ങളും പതിവായിരുന്നു.
അണിയറ സജീവം
തൃപ്രയാർ, കണ്ടശ്ശാംകടവ്, എന്നിവിടങ്ങളാണ് ജില്ലയിൽ പ്രധാനമായും ജലോത്സവങ്ങളുള്ളത്. കുണ്ടുവകടവ്, ചേറ്റുവ, കിഴുപ്പിള്ളിക്കര,കരാഞ്ചിറ, ഏനാമാക്കൽ തുടങ്ങി ജില്ലയിൽ വിവിധ കേന്ദ്രങ്ങളിൽ ചെറുതും വലുതുമായ ജലോത്സവങ്ങൾ നടക്കുന്നുണ്ട്. കൂടാതെ നാടൻ വള്ളങ്ങളുടെ മത്സരങ്ങളും വിവിധ സ്ഥലങ്ങളിൽ അരങ്ങേറും. മത്സരങ്ങളിൽ പങ്കെടുക്കുന്നത് ഭൂരിഭാഗവും ദിവസ വേതനത്തിന് ജോലി ചെയ്യുന്ന തൊഴിലാളികളാണ്.
ചെലവേറെ...
മത്സരത്തിന് വള്ളമിറക്കാൻ ലക്ഷക്കണക്കിന് രൂപ ചെലവ് വരും. ആഴ്ചകൾക്ക് മുമ്പ് വള്ളങ്ങൾ എത്തിക്കണം. പതിനായിരക്കണക്കിന് രൂപ വാടകയാകും. തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് ജലോത്സവങ്ങൾ. ചുണ്ടൻ, ചുരുളൻ വള്ളങ്ങൾക്കൊപ്പം നാടൻ വള്ളംകളികളും ജില്ലയിൽ സജീവമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |