
തൃശൂർ: ജില്ലാ കളക്ടർ അദ്ധ്യക്ഷയായ ഒർഫനേജ് മോണിറ്ററിംഗ് കമ്മിറ്റിയുടെ തീരുമാനപ്രകാരം തൃശൂർ ജില്ലയിൽ ലൈസൻസില്ലാതെ പ്രവർത്തിച്ചിരുന്ന നാല് ക്ഷേമ സ്ഥാപനങ്ങൾ അടച്ചുപൂട്ടി. സാമൂഹ്യനീതി വകുപ്പ് നടത്തിയ പരിശോധനയിൽ തൃശൂർ ആർ.ഡി.ഒ പരിധിയിലെ മൂന്നും ഇരിങ്ങാലക്കുട ആർ.ഡി.ഒ പരിധിയിലെ ഒരെണ്ണവുമാണ് പൂട്ടിയത്. ലൈസൻസില്ലാത്ത സ്ഥാപനങ്ങൾക്കെതിരായ നടപടി കർശനമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. സാമൂഹ്യസേവനത്തിന്റെ മറവിൽ അനുമതിയില്ലാതെ നിരവധി സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുവെന്ന പരാതിയെ തുടർന്ന് നടത്തിയ പരിശോധനയിലാണ് നിയമലംഘനം കണ്ടെത്തിയത്. പൂട്ടിയ സ്ഥാപനങ്ങളിലെ അന്തേവാസികളെ അംഗീകൃത സ്ഥാപനങ്ങളിലേക്ക് മാറ്റി.
ഏഴ് സ്ഥാപനങ്ങൾക്ക് സംഭാവന സ്വീകരിക്കാം
ജില്ലയിൽ വയോധികരെ സംരക്ഷിക്കുന്ന 124 സ്‌നേഹാലയങ്ങളിൽ ഏഴെണ്ണത്തിനാണ് സാമ്പത്തിക സഹായം കൈപ്പറ്റാൻ അനുമതി. ഒർഫനേജ് ചാരിറ്റബിൾ ആക്ട് പാലിക്കാതെയും ലൈസൻസ് പോലുമില്ലാതെയും പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ ജില്ലയിലുണ്ടെന്നും വിവിധ സംഘടനകളുടെ പേരിൽ അനധികൃത സംഭാവന പിരിവ് വ്യാപകമാണെന്നും അധികൃതർ ചൂണ്ടിക്കാട്ടി. ഇത്തരം സ്ഥാപനങ്ങൾ കണ്ടെത്തുന്നതിനായി ആർ.ഡി.ഒമാരുടെ സ്‌ക്വാഡുകളുമുണ്ട്.
സർക്കാർ സ്ഥാപനങ്ങൾ മൂന്നെണ്ണം
ജില്ലയിൽ സർക്കാർ ഉടമസ്ഥതയിലുള്ള മൂന്ന് സ്ഥാപനങ്ങളുണ്ട്.
രാമവർമ്മപുരത്തെ വയോജന സംരക്ഷണ കേന്ദ്രമായ സ്‌നേഹാലയവും മാനസിക പരിചരണ കേന്ദ്രങ്ങളായ പ്രത്യാശ ഭവനും ആശാഭവനുമാണ് അവ.
അംഗീകാരമില്ലാത്ത സ്ഥാപനങ്ങൾക്കെതിരെ കർശന നടപടിയുണ്ടാകും. പിഴയ്ക്ക് പുറമേ ശിക്ഷാനടപടിയുമുണ്ടാകും. പരിശോധനക്ക് ആർ.ഡി.ഒമാരുടെ പ്രത്യേക സ്‌ക്വാഡുമുണ്ടാകും.ശിഖ സുരന്ദ്രൻ
ജില്ലാ കളക്ടർ
അംഗീകാരമുള്ള സ്ഥാപനങ്ങൾ
സ്‌നേഹാലയം 124
സ്‌പെഷ്യൽ സ്‌കൂൾ 29
ഭിന്നശേഷി സ്ഥാപനം 23
മാനസിക സാമൂഹിക പരിചരണ കേന്ദ്രം 23
മറ്റു പുനരധിവാസ സ്ഥാപനം 10
സർക്കാർ സ്ഥാപനങ്ങൾ 03
ആകെ 212
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |