
തൃശൂർ: ഗതാഗതം നിരോധിച്ചതായി മുന്നറിയിപ്പ് നൽകിയിട്ടും പുള്ള്-മനക്കൊടി റോഡിലൂടെ യാത്ര തുടരുന്നത് അപകടഭീഷണി ഉയർത്തുന്നു. റോഡിലെ മൂന്ന് ഭാഗങ്ങളിലാണ് വെള്ളം കവിഞ്ഞൊഴുകുന്നത്. ചിലയിടങ്ങളിൽ ഒന്നരയടിയോളം ഉയരത്തിൽ വെള്ളം ഒഴുകുന്നത്.
റോഡിന്റെ ഉയരക്കുറവ് കാരണം എല്ലാ വർഷവും മഴക്കാലത്ത് വെള്ളം കവിഞ്ഞൊഴുകുന്നത് പതിവാണ്. ഇതേ തുടർന്ന് അധികൃതർ ഗതാഗത നിയന്ത്രണം ഏർപ്പെടുത്താറുണ്ടെങ്കിലും മുന്നറിയിപ്പ് ബോർഡുകൾ അവഗണിച്ചാണ് നിരവധി വാഹനങ്ങൾ ഇതുവഴി കടന്നുപോകുന്നത്. മുമ്പും വാഹനങ്ങൾ വെള്ളത്തിൽ കുടുങ്ങിയ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.
അഞ്ചുമുറി കോൾപ്പടവിൽ വെള്ളം നിറഞ്ഞതിനെ തുടർന്ന് നാട്ടുകാർ ചീപ്പ് പൊളിച്ച് വെള്ളം വാരിയം കോളിലേക്ക് ഒഴുക്കിവിട്ടു. ഇവിടെനിന്നുള്ള വെള്ളം മറ്റ് പടവുകൾ വഴി പെരുമ്പുഴ പാടശേഖരത്തിൽ എത്തും. അവിടെനിന്ന് മണലൂർ പടവിലേക്ക് വെള്ളം ഒഴുകുന്നതിനായി ആറാംകല്ല്-പെരുമ്പുഴ ചെറിയ പാലത്തിന് സമീപത്തെ കഴയും തുറന്നു.
തോട്ടുപുര പടവിലെ കഴയും കൂടി തുറക്കാനുണ്ട്. നിലവിൽ പടവുകളിലെ വെള്ളത്തിന്റെ ഒഴുക്ക് മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും കരുവന്നൂർ പുഴയിൽ ജലനിരപ്പ് ഉയർന്നാൽ പുള്ള്-മനക്കൊടി റോഡിലൂടെയുള്ള യാത്ര കൂടുതൽ അപകടകരമാകുമെന്നാണ് നാട്ടുകാർ മുന്നറിയിപ്പ് നൽകുന്നത്.
തൃശൂരിൽനിന്ന് തൃപ്രയാറിലേക്ക് പോകുവാൻ ഒമ്പതുകിലോമീറ്റർ ദൂരം ലാഭമുള്ള റോഡായതിനാൽ നിരവധി വാഹനങ്ങളാണ് ഇതുവഴി കടന്നു പോകുന്നത്. മനക്കൊടി-പുള്ള് റോഡിന്റെ ഇടയിൽനിന്നും തിരിഞ്ഞ് ശാസ്താംകടവ് വഴി കോടന്നൂരിലേക്കും റോഡ് പോകുന്നുണ്ട്. ഇവിടെയും വെള്ളം ഉയർന്നു തുടങ്ങിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |