
തൃശൂർ: ചിമ്മിനി ഡാമിന്റെ വൃഷ്ടിപ്രദേശത്ത് മഴ തുടരുന്ന സാഹചര്യത്തിൽ ഡാമിലെ ജലവിതാനം ക്രമീകരിക്കുന്നതിനായി ഇന്ന് രാവിലെ എട്ട് മുതൽ ഡാമിൽ നിന്ന് വെള്ളം തുറന്നുവിടും. ദുരന്തനിവാരണ അതോറിട്ടി ചെയർപേഴ്‌സണായ കളക്ടറുടെ ഉത്തരവിനെത്തുടർന്നാണിത്. കെ.എസ്.ഇ.ബി ഫുൾ ലോഡ് ജനറേഷൻ വഴി വെള്ളം തുറന്നുവിട്ട് ജലനിരപ്പ് ക്രമീകരിക്കാൻ ഇറിഗേഷൻ ഡിവിഷൻ എക്‌സിക്യൂട്ടിവ് എൻജിനിയർക്ക് അനുമതി നൽകിയിട്ടുണ്ട്. ഡാമിൽ നിന്നും ഇന്ന് മുതൽ വൈദ്യുതോല്‍പ്പാദനം ആരംഭിക്കും. ഇതുവഴി കുറുമാലി, കരുവന്നൂർ പുഴകളിലെ ജലനിരപ്പ് 10 സെന്റിമീറ്റർ മുതൽ 12 സെന്റിമീറ്റർ വരെ ഉയരാൻ സാദ്ധ്യതയുണ്ട്. അതിനാൽ പൊതുജനങ്ങളും കുട്ടികളും പുഴയിൽ ഇറങ്ങുന്നതിനും കുളിക്കുന്നതിനും മത്സ്യബന്ധനത്തിനും കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |