SignIn
Kerala Kaumudi Online
Thursday, 20 August 2026 3.15 AM IST

മുനിയറ മുതൽ മിനി ഡാം വരെ; കാഴ്ചയുടെ വിരുന്നൊരുക്കി ചെപ്പാറ

photo

വടക്കാഞ്ചേരി: ആകാശക്കാഴ്ചകളുടെ വിസ്മയമൊരുക്കി തെക്കുംകര പഞ്ചായത്തിലെ ചെപ്പാറ. ടൂറിസം വകുപ്പ് 45 ലക്ഷം രൂപ ചെലവഴിച്ച് നവീകരിച്ചതോടെ ചെപ്പാറയ്ക്ക് പുതിയ മുഖച്ഛായയായി. പഞ്ചായത്ത് 40 ലക്ഷം രൂപ ചെലവഴിച്ച് റോഡ് സഞ്ചാരയോഗ്യമാക്കി. 50 വിളക്കുകൾ സ്ഥാപിച്ചതിന് പുറമെ പാറമുകളിൽ ഇരിപ്പിടങ്ങളും ഒരുക്കി. സ്വാഭാവിക ജലാശയം മിനി ഡാം മാതൃകയിൽ കെട്ടി സംരക്ഷിച്ചതോടെ സഞ്ചാരികൾക്ക് മനോഹരമായ കാഴ്ചയാണ് ലഭിക്കുന്നത്. ശുചിമുറികളും ഉയരത്തിലേക്ക് കയറാൻ കൈവരികളും ഒരുക്കിയിട്ടുണ്ട്. സാഹസിക ടൂറിസത്തിന് പ്രാധാന്യം നൽകുന്ന രീതിയിലാണ് കേന്ദ്രത്തിന്റെ വികസനം.

ചരിത്രത്തിന്റെ ഭാഗമായ മുനിയറകളാണ് ചെപ്പാറയുടെ മറ്റൊരു പ്രത്യേകത. നൂറ്റാണ്ടുകൾക്കുമുമ്പ് മുനിമാർ ഇവിടെ താമസിച്ച് തപസ്സിരുന്നതായി ഐതിഹ്യമുണ്ട്. കാലപ്പഴക്കത്തിൽ മുനിയറകൾ നശിച്ചുവരികയാണ്. രണ്ടെണ്ണം ഇതിനകം ഇല്ലാതായി. കല്ലംപാറ സ്വദേശി ഷെയ്ഖ് ഉസ്മാന്റെ നേതൃത്വത്തിൽ ഇവിടെ ഉത്സവങ്ങളും നടന്നിരുന്നു. അദ്ദേഹത്തിന്റെ നിര്യാണത്തോടെ അതും നിലച്ചു. ചെപ്പാറയ്ക്ക് കുറുകെ ഇരുമ്പുവടം കെട്ടി ഊഞ്ഞാൽ സ്ഥാപിക്കാനുള്ള പദ്ധതി എങ്ങുമെത്തിയല്ല. അര കലോമീറ്ററോളം നീളമുള്ള പാറയുടെ മുകളിലെത്തിയാൽ തൃശൂർ, വടക്കാഞ്ചേരി പട്ടണങ്ങളുടെ മനോഹര ദൃശ്യം കാണാം. പൂമല, പത്താഴക്കുണ്ട് ഡാമുകളും സമീപത്തുണ്ട്. ഇക്കോടൂറിസം പദ്ധതിയുടെ ഭാഗമായാണ് കേന്ദ്രം വികസിപ്പിച്ചത്. പ്രവേശന ടിക്കറ്റില്ലെന്നതും പ്രത്യേകതയാണ്. വൈകീട്ടെത്തിയാൽ മനോഹരമായ സൂര്യാസ്തമയവും ആസ്വദിക്കാം.

ഓണം ഫെസ്റ്റ് 28ന്


വാഴാനി ടൂറിസം കേന്ദ്രത്തോട് അനുബന്ധിച്ച് 28ന് ചെപ്പാറയിൽ ഓണം ഫെസ്റ്റ് നടക്കും. വൈകീട്ട് ആറുമുതൽ തദ്ദേശീയരുടെ കലാപരിപാടികൾ അരങ്ങേറും. തുടർന്ന് സുനിൽ തൊഴിയൂരും സംഘവും അവതരിപ്പിക്കുന്ന നാടൻപാട്ടുകളും നടക്കും. 2021 ഫെബ്രുവരി 9ന് അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായാണ് ചെപ്പാറ ടൂറിസം കേന്ദ്രം ഉദ്ഘാടനം ചെയ്തത്. തൃശൂരിൽനിന്ന് 16 കലോമീറ്ററാണ് ഇങ്ങോട്ടുള്ള ദൂരം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL