SignIn
Kerala Kaumudi Online
Thursday, 20 August 2026 3.16 AM IST

ആവശം നിറച്ച് തൃശൂരിൽ ഡി.വൈ.എഫ് .ഐ സംസ്ഥാന സമ്മേളനത്തിന് തുടക്കം

തൃശൂർ: സാംസ്‌കാരിക നഗരിയിൽ ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനത്തിന് ഉജ്ജ്വല തുടക്കം. ഇന്നലെ വൈകിട്ട് പതാക, കൊടിമര, ദീപശിഖ ജാഥകൾ സംഗമിച്ച് റാലിയായി ഇൻഡോർ സ്‌റ്റേഡിയത്തിന് മുന്നിലെ ഗ്രൗണ്ടിൽ സമാപിച്ചു. കൂത്തുപറമ്പ് രക്തസാക്ഷി മണ്ഡപത്തിൽനിന്ന് എസ്.ആർ. അരുൺ ബാബു ലീഡറും എം. വിജിൻ എം.എൽ.എ മാനേജറുമായി കഴിഞ്ഞ 16ന് ആരംഭിച്ച ജാഥയും തിരുവനന്തപുരം മുഹമ്മദ് മിഥിലാജ് രക്തസാക്ഷി മണ്ഡപത്തിൽനിന്ന് ചിന്താ ജെറോം ലീഡറും എം. ഷാജൻ മാനേജറുമായി 17ന് ആരംഭിച്ച ജാഥയും തൃശൂരിൽ ഇന്നലെ സമാപിച്ചു.

തൃശൂരിൽനിന്ന് ഡി.വൈ.എഫ്.ഐ കേന്ദ്ര കമ്മിറ്റി അംഗം ഗ്രീഷ്മ അജയഘോഷ് നയിച്ച ദീപശിഖ ജാഥയും സംഗമിച്ചതോടെ ജാഥകൾ ഘോഷയാത്രയായി സമ്മേളന നഗരിയിലെത്തി. തുടർന്ന് സമ്മേളന നഗരിയിൽ സി.പി.എം ജില്ലാ സെക്രട്ടറി കെ.വി. അബ്ദുൾ ഖാദർ പതാക ഉയർത്തി.

പ്രതിനിധി സമ്മേളനം ഇന്ന് തുടങ്ങും

പ്രതിനിധി സമ്മേളനം ഇന്ന് ആരംഭിക്കും. ഉദ്ഘാടനത്തിനശേഷം പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും. പത്ത് വർഷം ഇടതുപക്ഷം ഭരിച്ച കാലയളവിലെ ഡി.വൈ.എഫ്.ഐയുടെ പ്രവർത്തനങ്ങളാകും പ്രധാനമായും ചർച്ച ചെയ്യുക. കേന്ദ്ര സർക്കാരിനെതിരെ ശക്തമായ സമരങ്ങൾ സംഘടിപ്പിക്കാൻ ഡി.വൈ.എഫ്.ഐക്ക് കഴിഞ്ഞില്ലെന്ന അഭിപ്രായം നേതാക്കൾക്കിടയിലുണ്ട്.

ഇന്ന് രാവിലെ ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് വി. വസീഫ് പതാക ഉയർത്തും. നടൻ പ്രകാശ് രാജ് സമ്മേളനം ഉദ്ഘാടനം ചെയ്യും. ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് എ.എ.റഹീം, സെക്രട്ടറി ഹിമഗ്‌നരാജ് ഭട്ടാചാര്യ, ട്രഷറർ സജീവ്കുമാർ, കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം ജെയ്ക്.സി.തോമസ്, തമിഴ്‌നാട് സംസ്ഥാന സെക്രട്ടറി എസ്.കാർത്തിക്, പ്രസിഡന്റ് ജി.സെൽവരാജ്, കർണ്ണാടക സംസ്ഥാന സെക്രട്ടറി ബസവരാജ് പുജാർ എന്നിവരും സമ്മേളനത്തിൽ പങ്കെടുക്കും. 21 ലെ കുടുംബ സംഗമത്തിൽ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും 22 ന് നടക്കുന്ന പൊതുസമ്മേളനത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനുമാണ് പങ്കെടുക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL