SignIn
Kerala Kaumudi Online
Thursday, 14 May 2026 12.52 PM IST

യുദ്ധമൊഴിയുന്ന ആവേശത്തിൽ വിപണികൾ

crude

ക്രൂഡോയിൽ വിലയിടിവ് നേട്ടമായി

കൊച്ചി: പശ്ചിമേഷ്യയിലെ സമാധാന നീക്കങ്ങൾ ക്രൂഡോയിൽ വില കുത്തനെ ഇടിഞ്ഞതോടെ ഇന്ത്യൻ സാമ്പത്തിക മേഖലയ്ക്ക് ആശ്വാസമാകുന്നു. യുദ്ധം അവസാനിപ്പിക്കുന്നതിന് അമേരിക്കയും ഇറാനുമായി ഒരു പേജ് ധാരണാപത്രം ഒപ്പുവെക്കുമെന്ന വാർത്തകൾ വന്നതോടെ ബ്രെന്റ് ക്രൂഡോയിലിന്റെ വില ബാരലിന് 9.52 ശതമാനം ഇടിഞ്ഞ് 99.41 ഡോളറിലെത്തി. ടെക്സസ് ക്രൂഡിന്റെ വില പത്ത് ശതമാനം കുറഞ്ഞ് 90 ഡോളറായി. പശ്ചിമേഷ്യയിൽ സംഘർഷം അവസാനിക്കുന്നതോടെ ഗൾഫ് മേഖലയിൽ എണ്ണ ഉത്പാദനം സാധാരണ നിലയിലാകുമെന്നും ഹോർമുസ് കടലിടുക്ക് ചരക്ക് ഗതാഗതത്തിനായി തുറന്ന് കൊടുക്കുമെന്നാണ് പ്രതീക്ഷ. ഇതോടെ രാജ്യത്തെ ഓഹരി വിപണിയിൽ നിക്ഷേപകർക്ക് ആവേശമേറി. ലോകത്തിലെ പ്രമുഖ നാണയങ്ങൾക്കെതിരെ ഡോളർ ദുർബലമായതിന് ചുവടുപിടിച്ച് രൂപയുടെ മൂല്യം കുതിച്ചുയർന്നു. സ്വർണ വിലയിലും വൻ മുന്നേറ്റമുണ്ടായി.

ഇന്ത്യയിലെ പ്രധാന ഓഹരി സൂചികയായ സെൻസെക്‌സ് 940.71 പോയിന്റ് നേട്ടവുമായി

77,958.52ൽ വ്യാപാരം പൂർത്തിയാക്കി. നിഫ്‌റ്റി 298.15 പോയിന്റ് ഉയർന്ന് 24,330.95ൽ എത്തി. ബാങ്ക് ഓഹരികളാണ് മുന്നേറ്റത്തിന് നേതൃത്വം നൽകിയത്. ചെറുകിട, ഇടത്തരം കമ്പനികളുടെ ഓഹരി വിലയും കുതിച്ചു. വാഹന, റിയൽ എസ്‌റ്റേറ്റ്. ഐ.ടി മേഖലകളിലെ മികച്ച വാങ്ങൽ താത്പര്യം ദൃശ്യമായി.

ദക്ഷിണ കൊറിയയിലെ കോസ്‌പി, ചൈനയിലെ ഷാംങ്ങ്‌ഹായി, ഹോങ്കോംഗിലെ ഹാംഗ്സെംഗ്, യൂറോപ്യൻ ഓഹരികൾ എന്നിവയും മുന്നേറ്റ പാതയിലായി.

കുതിച്ചുയർന്ന് സ്വർണ വില

പശ്ചിമേഷ്യയിൽ സംഘർഷം അവസാനിക്കാൻ സാദ്ധ്യത തെളിഞ്ഞതോടെ ആഗോള ഫണ്ടുകൾ യു.എസ് ബോണ്ടുകൾ, ക്രൂഡോയിൽ, ഡോളർ എന്നിവയിൽ നിന്ന് പിന്മാറി സ്വർണത്തിൽ സജീവമായി.

രാജ്യാന്തര വിപണിയിൽ സ്വർണ വില ഔൺസിന് 155 ഡോളർ ഉയർന്ന് 4,712 ഡോളറായി. കേരളത്തിൽ പവൻ വില രണ്ട് തവണയായി 2,080 രൂപ ഉയർന്ന് 1,11,560 രൂപയിലെത്തി. ഒരു ഗ്രാമിന്റെ രാവിലെ 195 രൂപയും ഉച്ചയ്ക്ക് 75 രൂപയുമാണ് വർദ്ധിച്ചത്.

കരുത്തോടെ രൂപ

വിദേശ നിക്ഷേപകർ ഓഹരി വിപണിയിൽ വീണ്ടും സജീവമായതും എണ്ണക്കമ്പനികളുടെ ഡോളർ ആവശ്യം കുറഞ്ഞതും ഇന്ത്യൻ രൂപയ്ക്ക് കരുത്തായി. ഡോളറിനെതിരെ ഇന്നലെ രൂപ 61 പൈസയുടെ നേട്ടവുമായി 94.57ൽ വ്യാപാരം പൂർത്തിയാക്കി. നേരിയ ഇടവേളയ്ക്ക് ശേഷം വിദേശ ധനകാര്യ സ്ഥാപനങ്ങൾ ഇന്ത്യൻ ഓഹരി വിപണിയിലേക്ക് പണമൊഴുക്കിയതും രൂപയ്ക്ക് നേട്ടമായി.

നിക്ഷേപകരുടെ ആവേശം

1. ഇറാനും അമേരിക്കയുമായി ധാരണയിലേക്ക് നീങ്ങുന്നു

2. എണ്ണ വിലയിടിവ് നാണയപ്പെരുപ്പ ഭീഷണി ഒഴിവാക്കും

3. വിദേശ നിക്ഷേപകരുടെ തിരിച്ചുവരവിന് വേഗമേറും

4. രൂപയുടെ മൂല്യവർദ്ധന കമ്പനികൾക്ക് ആശ്വാസമാകും

ബ്രെന്റ് ക്രൂഡ് വില പത്ത് ശതമാനം കുറഞ്ഞ്

99 ഡോളറിൽ

Add as a preferred source on Google
TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360