
കാഠ്മണ്ഡു: കാടുകൾക്കും നദികൾക്കും പേരുകേട്ട നേപ്പാളിലെ ചിത്വൻ ജില്ല. ഇന്ന് ശ്മശാന തുല്യം. പ്രളയത്തിന്റെ കുത്തൊഴുക്കിൽപ്പെട്ട് നദീതീരങ്ങളിൽ അടിഞ്ഞ നൂറുകണക്കിന് അജ്ഞാത മൃതദേഹങ്ങൾ ഇവിടെ കൂട്ടമായി സംസ്കരിക്കാൻ തുടങ്ങി.
പ്രളയം നാശം വിതച്ച റസുവയിലെ താഴ്‌വരകളിൽ നിന്ന് 200 കിലോമീറ്റർ അകലെയായി ചിത്വാനിലെ ദേവ്ഘട്ട് വനത്തിൽ നൂറുകണക്കിന് കുഴികളാണ് ഇതിനായി സജ്ജമാക്കിയത്. പ്രളയത്തിന് മുമ്പ് വരെ പ്രഭാത നടത്തത്തിനായും മറ്റും ആളുകളെത്തിയിരുന്ന ജനപ്രിയ മേഖലയായിരുന്നു ഇവിടം.
ജീർണിച്ച ശരീരഭാഗങ്ങൾ ഇവിടെ താത്കാലികമായി സംസ്കരിക്കാതെ മറ്റുവഴികളില്ലെന്ന് അധികൃതർ പറയുന്നു. ശനിയാഴ്ചയും ഇന്നലെയുമായി 200ലേറെ മൃതദേഹങ്ങളാണ് സംസ്കരിച്ചത്. മൃതദേഹങ്ങളുടെ ഡി.എൻ.എ സാമ്പിളുകളും ചിത്രങ്ങളും അടക്കം ശേഖരിച്ച ശേഷമാണ് സംസ്കരിക്കുക. കുഴിമാടങ്ങൾ സംബന്ധിച്ച എല്ലാ ഡേറ്റകളും വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. മൃതദേഹങ്ങൾ തിരിച്ചറിഞ്ഞാൽ പുറത്തെടുത്ത് ബന്ധുക്കൾക്ക് നൽകും. ഡി.എൻ.എ പരിശോധനകൾക്ക് ഇന്ത്യയുടെ ഫോറൻസിക് ടീം നേപ്പാളിലുണ്ട്.
# വീണ്ടും പ്രളയ ഭീതി
റസുവയിൽ ഭോട്ടെ കോഷി നദിയിൽ ജലനിരപ്പുയർന്നു. പ്രളയ മുന്നറിയിപ്പ്
മൃതദേഹങ്ങൾ സൂക്ഷിക്കാൻ ആയിരത്തിലേറെ ഫ്രീസർ യൂണിറ്റുകൾ വേണമെന്ന് വിദേശ രാജ്യങ്ങളോട് അഭ്യർത്ഥിച്ച് നേപ്പാൾ സർക്കാർ
നേപ്പാളിന് 36 ലക്ഷം ഡോളറിന്റെ സഹായം പ്രഖ്യാപിച്ച് യു.എസ്
# പ്രതീക്ഷയുടെ
കിരണമായി മനീഷ
ജീവന്റെ ശേഷിപ്പ് തേടി രാപകലില്ലാതെ പ്രയത്നിക്കുന്ന രക്ഷാപ്രവർത്തകർക്ക് പ്രതീക്ഷയുടെ കിരണമായി അഞ്ചുവയസുകാരി മനീഷ. തിമൂരെ ഗ്രാമത്തിൽ പ്രളയാവശിഷ്ടങ്ങൾക്കിടെയിൽ മൂന്ന് ദിവസമായി കുടുങ്ങിക്കിടന്ന മനീഷയെ കഴിഞ്ഞ ദിവസമാണ് അദ്ഭുതകരമായി രക്ഷിച്ചത്. പൂച്ചയുടെ ഞെരുക്കം പോലെ തോന്നിയാണ് രക്ഷാപ്രവർത്തകർ മണ്ണ് നീക്കിയത്. രണ്ട് മണിക്കൂർ നീണ്ട കഠിന പരിശ്രമത്തിനൊടുവിലാണ് മനീഷയെ പുറത്തെടുത്തത്. കാലാവസ്ഥ മോശമായതിനാൽ കാഠ്മണ്ഡുവിലെ ആശുപത്രിയിലേക്ക് മനീഷയെ എയർലിഫ്റ്റ് ചെയ്യാൻ വൈകി. അപ്പോഴും രക്ഷാപ്രവർത്തകർ നെഞ്ചോടുചേർത്ത് പരിചരിച്ചു. ഇപ്പോൾ കാഠ്മണ്ഡുവിലെ ത്രിഭുവൻ ആശുപത്രിയിലുള്ള മനീഷയെ തേടി മാതാപിതാക്കളെത്തിയപ്പോൾ കൂടുതൽ ആശ്വാസം.
# 'ഗ്രാമം മുങ്ങി, ഓടിക്കോളൂ...'
ബെല്ലടിച്ച് അദ്ധ്യാപകൻ രക്ഷിച്ചത്
ആയിരത്തിലേറെ കുഞ്ഞുങ്ങളെ
'ഗ്രാമം മുങ്ങി. വേഗം ഓടി രക്ഷപ്പെടൂ..." സുഹൃത്തിന്റെ ഫോൺ സന്ദേശം ലഭിച്ചയുടൻ നുവാകോട്ടിലെ ത്രിഭുവൻ തൃശൂലി സെക്കൻഡറി സ്‌കൂളിലെ പ്രിൻസിപ്പലും ഇംഗ്ലീഷ് അദ്ധ്യാപകനുമായ രാജേന്ദ്ര ദവാഡി (47) ഒന്നും ആലോചിച്ചില്ല. സ്കൂൾ ബെൽ മുഴക്കി കുട്ടികളോട് അടുത്തുള്ള കുന്നിൻ മുകളിലേക്ക് ഓടാൻ ആവശ്യപ്പെട്ടു. അധികം വൈകാതെ തൃശൂലി നദി സ്‌കൂൾ കെട്ടിടങ്ങളെ വിഴുങ്ങി.
രാജേന്ദ്രയുടെ സമയോചിത ഇടപെടൽ മൂലം 1,643 കുട്ടികളും അദ്ധ്യാപകരുമാണ് രക്ഷപെട്ടത്. സ്കൂൾ ബസുകൾ ഉയർന്ന പ്രദേശങ്ങളിലേക്ക് തിരിച്ചുവിടാൻ ഡ്രൈവർമാരോട് രാജേന്ദ്ര നിർദ്ദേശിച്ചു. ഭയന്ന് അവശതകൾ നേരിട്ട ചില കുട്ടികളെ അദ്ധ്യാപകർ ബൈക്കുകളിലാണ് കുന്നിൻ മുകളിലെത്തിച്ചത്. നദിയിൽ നിന്ന് ഏകദേശം 60 മീറ്റർ ഉയരത്തിലായിരുന്നു സ്കൂൾ പരിസരം. ഒരു അദ്ധ്യാപകനെയും ജീവനക്കാരനെയും പ്രളയം കവർന്നു. രക്ഷാപ്രവർത്തനം പത്ത് മിനിട്ട് വൈകിയിരുന്നെങ്കിൽ ഞങ്ങൾ ആരും ജീവനോടെ ഉണ്ടാകുമായിരുന്നില്ലെന്ന് രാജേന്ദ്ര പറയുന്നു. ദുരന്തത്തിന്റെ ഭീകരത കൺമുന്നിൽ കണ്ട കുട്ടികൾക്കും അദ്ധ്യാപകർക്കും രാജേന്ദ്ര ഹീറോയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |