ഹൈദരാബാദ്: നഗരത്തിലെ പ്രമുഖ ഹോട്ടലുകളിൽ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ കാലാവധി കഴിഞ്ഞ ഭക്ഷണസാധനങ്ങളും കീടബാധയും കണ്ടെത്തി. കോർ അർബൻ റീജിയനിൽ തെലങ്കാന സ്റ്റാൻഡേർഡ്ഡസ് അതോറിറ്റി ഫോർ ഫുഡ് ആൻഡ് എസൻഷ്യൽ ഡ്രഗ്‌സ് ആറു സംഘങ്ങളായി തിരിഞ്ഞായിരുന്നു ഏഴ് ഹോട്ടലുകളിൽ പരിശോധന നടത്തിയത്. ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരും പൊലീസും സംഘത്തിലുണ്ടായിരുന്നു.
ബഞ്ചാര ഹിൽസിലെ ചട്‌നീസ്, സ്‌പൈസ് 6, ഓഹ്രീസ്, ജൂബിലി ഹിൽസിലെ ദി സ്‌പൈസി വെന്യു, ടോളിച്ചൗക്കിയിലെ 4 സീസൺസ് മൾട്ടി ക്യൂസീൻ റെസ്റ്റോറന്റ്, ഷാ ഗൗസ്, ഗച്ചിബൗളിയിലെ പിസ്റ്റാ ഹൗസ് എന്നിവിടങ്ങളിലായിരുന്നു പരിശോധന. കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കൾ, വൃത്തിഹീനമായ സാഹചര്യങ്ങൾ, ഭക്ഷണസാധനങ്ങളുടെ തെറ്റായ സംഭരണം, ലേബലിംഗുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ തുടങ്ങിയവയാണ് കണ്ടെത്തിയത്. സംഭവത്തിൽ സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകിയതിനു പുറമെ ഭക്ഷ്യസാമ്പിളുകളും പരിശോധനയ്ക്കായി ശേഖരിച്ചു.
ഏഴ് റെസ്റ്റോറന്റുകളിൽ നിന്നായി സംശയാസ്പദമായ 11 ഭക്ഷ്യസാമ്പിളുകളാണ് ഉദ്യോഗസ്ഥർ ശേഖരിച്ചത്. ഇവ ലബോറട്ടറിയിൽ പരിശോധിക്കും. പരിശോധന ഫലം ലഭിച്ച ശേഷവും സ്ഥാപനങ്ങളുടെ വിശദീകരണം പരിശോധിച്ച ശേഷവും തുടർനടപടി സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. റെസ്റ്റോറന്റുകൾ ശുചിത്വം ഉറപ്പാക്കുകയും ഭക്ഷ്യവസ്തുക്കൾ സുരക്ഷിതമായി സംഭരിക്കുകയും ശരിയായ ലേബലിംഗ് പാലിക്കുകയും പരിസരം കീടബാധയിൽ നിന്ന് മുക്തമായി സൂക്ഷിക്കുകയും വേണമെന്നും ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി.
നാല് സ്ഥാപനങ്ങൾക്ക് ഇംപ്രൂവ്‌മെന്റ് നോട്ടീസും മൂന്ന് സ്ഥാപനങ്ങൾക്ക് കാരണം കാണിക്കൽ നോട്ടീസും നൽകി. ലബോറട്ടറി പരിശോധനയിൽ നിയമലംഘനം സ്ഥിരീകരിക്കുകയോ നോട്ടീസിലെ നിർദേശങ്ങൾ പാലിക്കുന്നതിൽ സ്ഥാപനങ്ങൾ വീഴ്ച വരുത്തുകയോ ചെയ്താൽ കൂടുതൽ കർശന നടപടിയുണ്ടാകുമെന്നും അധികൃതർ അറിയിച്ചു. ഹൈദരാബാദിൽ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായി നടത്തുന്ന പരിശോധനകളുടെ ഭാഗമായാണ് നടപടികൾ.
Food safety officials in Hyderabad inspected seven prominent hotels, uncovering expired food, unhygienic conditions, and pest infestations. Notices were issued and eleven food samples collected for laboratory analysis. Authorities stated further action would depend on test results and explanations, emphasizing the need for establishments to ensure strict hygiene and proper food handling for public safety.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |