
ബെംഗളൂരു: ആഭ്യന്തര ക്രിക്കറ്റിൽ പതിനഞ്ചാം വയസിൽ സീനിയർ ടീമിന്റെ നായകനായി ചരിത്രം കുറിച്ച് ഇന്ത്യൻ താരം വൈഭവ് സൂര്യവംശി. ഇന്നലെ സെൻട്രൽ സോണിനെതിരായ ദുലീപ് ട്രോഫി ക്രിക്കറ്റ് സെമിഫൈനലിൽ ഈസ്റ്റ് സോണിനെ നയിക്കാനുള്ള അവസരാണ് അപ്രതീക്ഷിതമായി വൈഭവിനെ തേടിയെത്തിയത്. മത്സരത്തിനിടെ ടീം ക്യാപ്ടനും വിക്കറ്റ് കീപ്പറുമായ ഇഷാൻ കിഷന് പരിക്കേറ്റ് പിൻവാങ്ങേണ്ടിവന്നതോടെയാണ് വൈസ് ക്യാപ്ടനായിരുന്ന വൈഭവിന് ക്യാപ്ടൻസി ഏറ്റെടുക്കേണ്ടിവന്നത്.
മത്സരത്തിൽ ടോസ് നേടിയ ഇഷാൻ ഫീൽഡിംഗ് തിരഞ്ഞെടുത്തു. 19-ാം ഓവറിലാണ് വിക്കറ്റ് കീപ്പ് ചെയ്യുന്നതിനിടെ ഇഷാന് പരിക്കേറ്റത്. തുടർന്ന് ഇഷാൻ ഡ്രെസിംഗ് റൂമിലേക്ക് മടങ്ങിയപ്പോൾ തന്നേക്കാൾ സീനിയർ താരങ്ങളെ നയിക്കാനുള്ള അവസരം വൈഭവിലേക്കെത്തി. വൈഭവിന്റെ രണ്ടാമത്തെ ദുലീപ് ട്രോഫി മത്സരം മാത്രമാണിത്. 2024ൽ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച വൈഭവിന്റെ പത്താമത്തെ ഫസ്റ്റ് ക്ലാസ് മത്സരമാണ് സെൻട്രൽ സോണിനെതിരായ സെമിഫൈനൽ.
മത്സരത്തിന്റെ ആദ്യ ദിനം സെൻട്രൽ സോൺ 266 റൺസിന് ആൾഔട്ടായി.മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ അഭിജിത്ത് സർക്കാരും മുകേഷ് കുമാറുമാണ് ഈസ്റ്റ് സോണിന്റെ ബൗളിംഗ് നിരയിൽ തിളങ്ങിയത്. മുഹമ്മദ് ഷമിയും കൗനൈൻ ഖുറൈഷിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |