
വരുമാനം 73,890 കോടി രൂപയായി
കൊച്ചി: ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങൾ മറികടന്ന് കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 19,72,018 മെട്രിക് ടൺ സമുദ്രോത്പന്നങ്ങളുടെ കയറ്റുമതിയുമായി ഇന്ത്യ റെക്കാഡ് മുന്നേറ്റം കാഴ്ചവെച്ചു. . ഇതിലൂടെ 73,890.46 കോടി രൂപ (846 കോടി ഡോളർ) വരുമാനം നേടിയെന്ന് സമുദ്രോത്പന്ന കയറ്റുമതി വികസന അതോറിറ്റി (എം.പി.ഇ.ഡി.എ) ചെയർമാൻ പി. ജവഹർ പറഞ്ഞു. അളവിലും മൂല്യത്തിലും മുൻവർഷങ്ങളെക്കാൾ മികച്ച വളർച്ചയുണ്ടായി.
ശീതീകരിച്ച ചെമ്മീനാണ് ഏറ്റവും കൂടുതൽ കയറ്റിഅയച്ചത്. ഇതിലൂടെ 49,037.93 കോടി രൂപയുടെ വരുമാനം ലഭിച്ചു. മൊത്തം കയറ്റുമതി അളവിൽ 40.19 ശതമാനവും വരുമാനത്തിൽ 66.52 ശതമാനവും ചെമ്മീൻ കയറ്റുമതിയിലാണ്. മുൻവർഷത്തെ അപേക്ഷിച്ച് കയറ്റുമതി മൂല്യം രൂപയിൽ 13.16 ശതമാനം വർദ്ധിച്ചു. എൽ. വനാമി, ബ്ലാക്ക് ടൈഗർ ഇനങ്ങളാണ് പ്രധാനമായും കടൽ കടന്നത്. വിശാഖപട്ടണം, ജെ.എൻ.പി.ടി, കൊച്ചി എന്നീ തുറമുഖങ്ങളാണ് കയറ്റുമതി അധികവും കൈകാര്യം ചെയ്തത്.
പ്രധാന കയറ്റുമതി ഇനങ്ങൾ
ഉത്പന്നം വരുമാനം
ശീതികരിച്ച ചെമ്മീൻ 49,037.93 കോടി രൂപ
ശീതികരിച്ച മത്സ്യങ്ങൾ 5,658.37 കോടി രൂപ
ഉണക്കിയ മത്സ്യങ്ങൾ 5,079.09 കോടി രൂപ
ശീതികരിച്ച കൂന്തൽ 4,493.80 കോടി രൂപ
കണവ 3,144.50 കോടി രൂപ
ഐസിട്ട മത്സ്യങ്ങൾ 622.31 കോടി രൂപ
അമേരിക്ക ഒന്നാമത്
ഇന്ത്യൻ സമുദ്രോത്പന്നങ്ങളുടെ ഏറ്റവും വലിയ കയറ്റുമതി വിപണി അമേരിക്കയാണ്. കഴിഞ്ഞ സാമ്പത്തിക വർഷം 20,263.27 കോടി രൂപയുടെ ഉത്പന്നങ്ങളാണ് അമേരിക്ക വാങ്ങിയത്. എന്നാൽ കയറ്റുമതി അളവിൽ ചൈനയാണ് ഒന്നാമത്. 4,90,369 മെട്രിക് ടൺ ഉത്പന്നങ്ങളാണ് ചൈന വാങ്ങിയത്. യൂറോപ്യൻ യൂണിയൻ മൂന്നാം സ്ഥാനത്തും തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങൾ നാലാം സ്ഥാനത്തുമാണ്. ജപ്പാൻ, മിഡിൽ ഈസ്റ്റ് രാജ്യങ്ങളാണ് തൊട്ടുപിന്നിൽ.
വിപണികൾ മൂല്യം
അമേരിക്ക 20,263.27 കോടി രൂപ
ചൈന 15,307.35 കോടി രൂപ
യൂറോപ്യൻ യൂണിയൻ 15,124.67 കോടി രൂപ
തെക്കുകിഴക്കൻ ഏഷ്യൻ 12,815.50 കോടി രൂപ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |