SignIn
Kerala Kaumudi Online
Monday, 22 June 2026 4.51 AM IST

വിലക്കയറ്റ കാലത്തിലേക്ക് വാഹന വിപണി

tata

കമ്പനികൾ വില കൂട്ടുന്നു

കൊച്ചി: രാജ്യത്തെ വാഹന വിപണി വീണ്ടും വിലക്കയറ്റ കാലത്തിലേക്ക് നീങ്ങുന്നു. ടാറ്റ മോട്ടോഴ്‌സ്, മാരുതി സുസുക്കി, ഹ്യുണ്ടായ്, കിയ തുടങ്ങിയ പ്രമുഖ വാഹന നിർമ്മാതാക്കളെല്ലാം വാഹന വില വർദ്ധിപ്പിക്കാൻ തീരുമാനിച്ചു . അസംസ്‌കൃത സാധനങ്ങളുടെ വിലക്കയറ്റം, ലോഹങ്ങളുടെ ഉയർന്ന വില, ആഗോള വിതരണ ശൃംഖലയിലെ തടസങ്ങൾ, ഇറക്കുമതി ചെലവിലെ കുതിപ്പ് തുടങ്ങിയവ കണക്കിലെടുത്താണ് കമ്പനികൾ കടുത്ത തീരുമാനം സ്വീകരിച്ചത്.

ടാറ്റ മോട്ടോഴ്‌സ്

ടാറ്റ മോട്ടോഴ്‌സ് ജൂലായ് ഒന്ന് മുതൽ പാസഞ്ചർ വാഹനങ്ങളുടെയും എസ്‌.യു.വികളുടെയും ഇലക്ട്രിക് വാഹനങ്ങളുടെയും വില 1.5 ശതമാനം വരെയാണ് വർദ്ധിപ്പിക്കുന്നത്. നാല് മാസത്തിനിടെ കമ്പനി രണ്ടാമത്തെ തവണയാണ് വില ഉയർത്തുന്നത്. ഉത്പാദനച്ചെലവിലെ വർദ്ധനയുടെ ഒരു ഭാഗം ഉപഭോക്താക്കൾക്ക് കൈമാറാൻ നിർബന്ധിതരായെന്ന് കമ്പനി പറയുന്നു.

ഹ്യുണ്ടായ് കാറുകൾക്കും വില കൂടും

ഹ്യുണ്ടായ് ജൂൺ ഒന്ന് മുതൽ വിവിധ മോഡലുകൾക്ക് 12,800 രൂപ വരെയാണ് കൂട്ടിയത്. സ്റ്റീൽ, അലുമിനിയം, മറ്റ് അസംസ്കൃത വസ്തുക്കൾ എന്നിവയുടെ വില വർദ്ധനയും പ്രവർത്തന ചെലവിലെ ഉയർച്ചയുമാണ് തീരുമാനത്തിന് പിന്നിൽ.

രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുക്കിയും ജൂൺ മുതൽ വിവിധ മോഡലുകൾക്ക് 30,000 രൂപ വരെ വില കൂട്ടി. കുതിച്ചുയരുന്ന ഇൻപുട്ട് ചെലവിന്റെ ഒരു ഭാഗം ഉപഭോക്താക്കൾക്ക് കൈമാറേണ്ട സാഹചര്യമാണെന്ന് മാരുതി സുസുക്കി വിശദീകരിച്ചു.

കിയ ഇന്ത്യയും ജൂലായിൽ ഒന്ന് മുതൽ എല്ലാ മോഡലുകൾക്കും രണ്ട് ശതമാനം വരെ വില വർദ്ധിപ്പിക്കും.

ഉത്പാദന ചെലവ് കൂടുന്നു

ആഗോളതലത്തിൽ സ്റ്റീൽ, അലുമിനിയം, ഇലക്ട്രോണിക് ഘടകങ്ങൾ, ബാറ്ററി മെറ്റീരിയലുകൾ എന്നിവയുടെ വില ഉയർന്നതും രൂപയുടെ മൂല്യത്തകർച്ച ഇറക്കുമതി ചെലവ് കൂട്ടിയതുമാണ് വാഹന നിർമാതാക്കളെ വില വർദ്ധനയിലേക്ക് നയിക്കുന്നത്.

ഇടത്തരക്കാർക്ക് തിരിച്ചടി

വിലക്കയറ്റത്തിന്റെ ഏറ്റവും വലിയ ആഘാതം മിഡിൽ ക്ലാസ് ഉപഭോക്താക്കൾക്കാണ്. വാഹന വായ്പകളുടെ പലിശയും ഇൻഷ്വറൻസ് ചെലവും ഉയർന്ന സാഹചര്യത്തിൽ പുതിയ കാർ വാങ്ങാനുള്ള ചെലവ് വീണ്ടും കൂടും. പ്രത്യേകിച്ച് 8 ലക്ഷം മുതൽ 20 ലക്ഷം രൂപ വരെയുള്ള ജനപ്രിയ എസ്‌.യു.വി, ഹാച്ച്ബാക്ക് വിഭാഗങ്ങൾക്കാണ് അധിക സമ്മർദ്ദം.

ബുക്കിംഗ് കൂടുന്നു

വിലവർദ്ധന പ്രഖ്യാപനത്തിന് പിന്നാലെ ഡീലർഷിപ്പുകളിൽ മുൻകൂർ ബുക്കിംഗുകൾ കൂടുകയാണ്. വിലവർദ്ധന പ്രാബല്യത്തിൽ വരുന്നതിന് മുമ്പ് വാഹനം സ്വന്തമാക്കാൻ ഉപഭോക്താക്കൾ ശ്രമിക്കുന്നതാണ് കാരണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360