
ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് വേണ്ടി ഇത്തവണ കപ്പടിക്കുമെന്ന് നിശ്ചയിച്ചുറപ്പിച്ചാണ് പോർച്ചുഗൽ യുഎസിലേക്ക് വിമാനം കയറിയത്. എന്നാൽ പോർച്ചുഗലിന്റെ ആദ്യമത്സരത്തിലെ പ്രകടനം കണ്ട ആരാധകർ 'കിളി' പോയ അവസ്ഥയിലാണ്. കോംഗോയ്‌ക്കെതിരായ ആറാം മിനിട്ടിൽ യാവോ നെവസിലൂടെ ഗോളടിച്ചിട്ടും കളിയിൽ ആധിപത്യമുറപ്പിക്കാനാവാത്ത പോർച്ചുഗലിന്റെ പതിഞ്ഞമട്ടിലെ കളിയും പഴയ തന്റെ നിഴലുപോലുമല്ലാതായി മാറിയ ക്രിസ്റ്റ്യാനോയുമൊക്കെ ആരാധകരുടെയുള്ളിൽ രോഷം ജനിപ്പിച്ചിട്ടുണ്ട്.
മത്സരത്തിൽ കോംഗോ കാഴ്ചവച്ച വേഗവും ആക്രമണവീര്യവും പോർച്ചുഗീസ് താരങ്ങളിൽ നിന്ന് ഉണ്ടായതേയില്ല. ഏറ്റവും സങ്കടത്തോടെ നിന്നത് ക്രിസ്റ്റ്യാനോ റൊണാൾഡോയായിരുന്നു. ആറാം ലോകകപ്പിനിറങ്ങിയ താരത്തിന് 25 തവണമാത്രമാണ് പന്ത് തൊടാനായത്. ലക്ഷ്യത്തിലേക്ക് ഒരു ഷോട്ടുപോലും തൊടുക്കാനായില്ല. രണ്ടാം പകുതിയിൽ ലഭിച്ച രണ്ട് അവസരങ്ങളും പാഴാക്കി.
90 മിനിട്ടും കളിച്ചിട്ടും ക്രിസ്റ്റ്യാനോയ്ക്ക് മത്സരത്തിൽ ഒരു സ്വാധീനവും ചെലുത്താനായില്ല. തന്നെ മാർക്ക് ചെയ്ത് നിന്നവർക്കിടയിലൂടെ ഉലാത്തുകയായിരുന്നു മിക്കസമയവും. മത്സരശേഷം നിരാശയോടെ ഒറ്റയ്ക്ക് നടന്നുനീങ്ങുന്ന ക്രിസ്റ്റ്യാനോയുടെ വീഡിയോയും വൈറലായിരുന്നു ക്രിസ്റ്റ്യാനോ മടങ്ങുമ്പോൾ കോംഗോ ആരാധകർ മെസിയുടെ പേരുപറഞ്ഞ് കളിയാക്കുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോഴിതാ പോർച്ചുഗൽ നേരിടുന്ന വിമർശനങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ടീമിലെ ഡിഫൻസ് താരം ഡിയേഗോ ദലോട്ട്.
തങ്ങളുടെ ടീം ഇപ്പോൾ നേരിടുന്ന സാഹചര്യങ്ങളെക്കുറിച്ച് യുഎസിലേക്ക് വിമാനം കയറുന്നതിന് മുമ്പ് ആഴത്തിൽ സംസാരിച്ചിരുന്നുവെന്ന് ദലോട്ട് പറയുന്നു. പോർച്ചുഗൽ ക്യാപ്റ്റനെന്ന നിലയിൽ വർഷങ്ങളോളം ശ്രദ്ധ ചെലുത്തിയ ക്രിസ്റ്റ്യാനോ റൊണാൾഡോയ്‌ക്കെതിരായി ഉയരുന്ന വിമർശനം ടീമിനെ പിടികൂടിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ക്രിസ്റ്റ്യാനോയെ പിന്തുണച്ച ദലോട്ട്, ടീമിൽ ക്രിസ്റ്റ്യാനോയുടെ ഫോമിനെക്കുറിച്ചുള്ള ചർച്ചകൾക്ക് പോർച്ചുഗൽ ഡ്രസ്സിംഗ് റൂം തയ്യാറെടുത്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'ഇത് വളരെ ലളിതമാണ്. ലോകകപ്പ് മത്സരത്തിന് എത്തുന്നതിനു മുമ്പ് ഞങ്ങളുടെ സ്റ്റേഡിയത്തിലെ റൂമിൽ ഇതിനെക്കുറിച്ച് വിശദമായ സംസാരിക്കാൻ ഞങ്ങൾക്ക് അവസരം ലഭിച്ചു. ഞങ്ങൾ പ്രതീക്ഷിച്ചത് പോലെയായിരുന്നു സംഭവിച്ചത്. ഇതുപോലുള്ള ഒരു ടീം ഉള്ളപ്പോൾ പ്രത്യേകിച്ച് ക്രിസ്റ്റ്യാനോയെപ്പോലുള്ള ഒരു കളിക്കാരനോടൊപ്പം, നമ്മൾ പതിവിലും അൽപ്പം കൂടുതൽ തയ്യാറായിരിക്കണം. ലോകകപ്പിന് മുമ്പ് തങ്ങൾ നടത്തിയ സംഭാഷണം യഥാർത്ഥത്തിൽ സംഭവിച്ചു. അതുകൊണ്ട് ഞങ്ങളുടെ ടീം ഇളകാത്തതാണ് എന്ന സന്ദേശം ഞങ്ങൾക്ക് നൽകാൻ കഴിഞ്ഞു. ഇത് സംഭവിക്കുമെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു. ബുദ്ധിമുട്ടുകളും വിമർശനങ്ങളും നേരിടേണ്ടിവരുമെന്ന് ഞങ്ങൾക്കറിയാമായിരുന്നു'- ഡിയേഗോ ദലോട്ട് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |