
ന്യൂഡൽഹി: ഫോമിന്റെയും പ്രായത്തിന്റെയും പേരിൽ കടുത്ത വിമർശനങ്ങൾ നേരിടുന്ന മുൻ ഇന്ത്യൻ ക്യാപ്ടൻ രോഹിത് ശർമ്മയ്ക്ക് പിന്തുണയുമായി മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്. 2025 ഒക്ടോബർ മുതലുള്ള രോഹിത്തിന്റെ അവസാന പത്ത് മത്സരങ്ങൾ എടുത്തു നോക്കിയാൽ ഒരു സെഞ്ച്വറിയും മൂന്ന് അർദ്ധ സെഞ്ച്വറിയും ഉൾപ്പെടുന്നതാണ് സ്‌കോർ. ഭൂരിഭാഗം കളിക്കാർക്കും ഇത് മികച്ച പ്രകടനമായി കണക്കാക്കാമെങ്കിലും, രോഹിത്തിന്റെ കാര്യത്തിൽ വിമർശകർ ഇപ്പോഴും തൃപ്തരല്ലെന്ന് കൈഫ് എക്‌സിൽ കുറിച്ചു.
39-ാം വയസിലേക്ക് കടക്കുന്ന രോഹിത് 2027ലെ ഏകദിന ലോകകപ്പ് എത്തുമ്പോഴേക്കും 40 വയസ് പിന്നിടും. എന്നാൽ പ്രായമല്ല, ഫോമാണ് ടീമിലെ സ്ഥാനം നിർണയിക്കേണ്ടതെന്നാണ് മുഹമ്മദ് കൈഫ് വ്യക്തമാക്കുന്നത്. 'രോഹിത് ശർമ്മ പരാജയപ്പെടാൻ ഇത്രയധികം ആളുകൾ ആഗ്രഹിക്കുന്നത് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ല. വെല്ലുവിളികളെ അദ്ദേഹം നേരിട്ട രീതി പ്രശംസനീയമാണ്. ഇന്ത്യയെ ചാമ്പ്യൻസ് ട്രോഫി വിജയത്തിലേക്ക് നയിച്ച രോഹിത് ഓസ്‌ട്രേലിയ, ന്യൂസിലൻഡ് ടീമുകൾക്കെതിരെ മികച്ച പ്രകടനമായിരുന്നു പുറത്തെടുത്തിരുന്നത്. ഇപ്പോൾ അഫ്ഗാനിസ്ഥാനെതിരെ 79 റൺസും നേടി. ഒന്നോ രണ്ടോ മത്സരങ്ങളിൽ കുറഞ്ഞ സ്‌കോറിന് പുറത്തായെന്ന് കരുതി അദ്ദേഹത്തിന്റെ ക്ലാസ് നഷ്ടപ്പെടുന്നില്ല. ക്രിക്കറ്റ് ആരാധകൻ എന്ന നിലയിൽ അദ്ദേഹത്തിന്റെ നിലവിലെ ഫോം 2027 ലോകകപ്പ് വരെ തുടരണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. രോഹിത്തിന്റെയും വിരാട് കൊഹ്ലിയുടെയും പരിചയസമ്പത്ത് ഇന്ത്യയ്ക്ക് ആവശ്യമുണ്ട്,' മുഹമ്മദ് കൈഫ് കുറിച്ചു.
മൂന്നാം ഏകദിനത്തിൽ രോഹിത് ശർമ്മയും (79) തന്റെ രണ്ടാം ഏകദിന സെഞ്ച്വറി തികച്ച യശസ്വി ജയ്സ്വാളും (110) ചേർന്നുള്ള മികച്ച ബാറ്റിംഗ് പ്രകടനമാണ് ഇന്ത്യയ്ക്ക് തകർപ്പൻ വിജയം സമ്മാനിച്ചത്. ടീമിലെ സ്ഥാനം നിലനിർത്താൻ ഇരുവർക്കും ഈ മത്സരത്തിലെ പ്രകടനം നിർണായകമായിരുന്നു. വ്യക്തിഗത ലക്ഷ്യങ്ങൾക്കപ്പുറം ടീമിന്റെ വിജയത്തിനായി ഇരുവരും തകർപ്പൻ ബാറ്റിംഗ് കാഴ്ചവച്ചപ്പോൾ അഫ്ഗാനെതിരായ ഏകദിന പരമ്പര 3-0 ന് ഇന്ത്യ തൂത്തുവാരുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |