
ജി.ഡി.പി കണക്കുകളിൽ കണ്ണുനട്ട് നിക്ഷേപകർ
ആദ്യ പാദത്തിലെ വളർച്ച ഇന്നറിയാം
കൊച്ചി: നടപ്പു സാമ്പത്തിക വർഷത്തിലെ ആദ്യ പാദത്തിലെ ആഭ്യന്തര മൊത്തം ഉത്പാദനത്തിന്റെ(ജി.ഡി.പി) വളർച്ചാ കണക്കുകളിൽ കണ്ണുനട്ട് നിക്ഷേപകർ. ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിലെ ജി.ഡി.പി വളർച്ചയുടെ കണക്കുകൾ കേന്ദ്ര സർക്കാർ ഇന്ന് പുറത്തുവിടും. ഓഹരി വിപണിയുടെ തുടർ ചലനങ്ങൾക്ക് ജി.ഡി.പി കണക്കുകൾ നിർണായകമാകുമെന്നാണ് സാമ്പത്തിക വിദഗദ്ധരുടെ വിലയിരുത്തൽ. ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങൾ ശക്തമായിരുന്നെങ്കിലും ആഭ്യന്തര മാനുഫാക്ചറിംഗ്, സേവന മേഖലകളുടെ മികച്ച പ്രകടനത്തിന്റെ കരുത്തിൽ ആദ്യ പാദത്തിൽ ജി.ഡി.പി വളർച്ച എട്ടു ശതമാനത്തിലേക്ക് ഉയരുമെന്ന്എസ്.ബി.ഐ റിസർച്ച് വിലയിരുത്തുന്നു. വളർച്ച ഇക്കാലയളവിൽ ഏഴ് ശതമാനമാകുമെന്നാണ് റിസർവ് ബാങ്കിന്റെ പ്രതീക്ഷ.
ഉയർന്ന ആഭ്യന്തര ഉപഭോഗം, കേന്ദ്ര സർക്കാരിന്റെ മൂലധന ചെലവുകളിലെ വർദ്ധന, വ്യാവസായിക രംഗത്തെ ശക്തമായ വായ്പാ വളർച്ച എന്നിവ ജി.ഡി.പിക്ക് കരുത്താകുമെന്ന് കൊച്ചിയിലെ പ്രമുഖ ചാർട്ടേഡ് അക്കൗണ്ടന്റും സാമ്പത്തിക വിദഗ്ദ്ധനുമായ സുരേഷ് ഗോപിനാഥൻ പറയുന്നു. ജി.ഡി.പി വളർച്ച പ്രതീക്ഷിച്ചതിനേക്കാൾ ഉയർന്നാൽ വിപണിയിൽ നിക്ഷേപകർക്ക് ആത്മവിശ്വാസമേറും.
പ്രധാന പ്രവചനങ്ങൾ
എസ്.ബി.ഐ റിസർച്ച്: 8%
റിസർവ് ബാങ്ക്: 7%
എച്ച്.ഡി.എഫ്.സി: 7.5%
ഐ.സി.ആർ.എ: 7%
ക്രൂഡോയിൽ വില വെല്ലുവിളി
പശ്ചിമേഷഷ്യയിലെ സംഘർഷം തുടരുന്നതിനാൽ ക്രൂഡോയിൽ വില ഉയർന്ന തലത്തിൽ നിലനിൽക്കുന്നതാണ് ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥയ്ക്ക് പ്രധാന വെല്ലുവിളി. ഇന്ത്യയുടെ ഉയർന്ന ഇറക്കുമതി ആശ്രിതത്വം കണക്കിലെടുക്കുമ്പോൾ എണ്ണ വിലയിലെ വർദ്ധന വ്യാപാര കമ്മി ഉയർത്താനും രൂപയുടെ മൂല്യത്തകർച്ച ശക്തമാക്കാനും നാണയപ്പെരുപ്പം കൂട്ടാനും ഇടയാക്കും.
കാർഷിക മേഖലയിൽ ആശങ്ക
കാലാവസ്ഥാ വ്യതിയാനവും കാലവർഷത്തിലെ ഏറ്റക്കുറച്ചിലുകളും കാർഷിക മേഖലയുടെ വളർച്ചയെ പ്രതികൂലമായി ബാധിച്ചേക്കും. പച്ചക്കറികൾ, ധാന്യങ്ങൾ, പയർവർഗങ്ങൾ തുടങ്ങിയവയുടെ ഉത്പാദനം കുറഞ്ഞാൽ ഭക്ഷ്യ വിലക്കയറ്റം രൂക്ഷമാകും. കാർഷിക മേഖലയിലെ പ്രകടനം ആഭ്യന്തര ഉപഭോഗത്തെയും ഗ്രാമീണ സാമ്പത്തിക രംഗത്തെയും നേരിട്ട് ബാധിക്കുന്നതിനാൽ ജി.ഡി.പി കണക്കുകൾക്കൊപ്പം കാർഷിക മേഖലയിലെ വളർച്ചയും വിപണി ശ്രദ്ധയോടെ വീക്ഷിക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |