ന്യൂഡൽഹി: ഗുണനിലവാരത്തിൽ വീഴ്ച ഉണ്ടായെന്ന കണ്ടെത്തലിനെത്തുടർന്ന് എവറസ്റ്റ്, എൽജി (ലാൽജീ ഗോധു) എന്നീ ബ്രാൻഡുകൾ ഉല്പാദിപ്പിക്കുന്ന കായത്തിന് വിലക്ക് ഏർപ്പെടുത്തി. ലബോറട്ടറി പരിശോധനയിൽ ഉൽപ്പന്നങ്ങൾ നിശ്ചിത ഗുണനിലവാരം പുലർത്തുന്നില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) നടപടി സ്വീകരിച്ചത്. വിലക്ക് ഉടൻ പ്രാബല്യത്തിൽ വരും.
സാമ്പിളുകൾ നിലവാരമില്ലാത്തതും തെറ്റായ ലേബലിംഗ് നടത്തിയെന്നുമാണ് പരിശോധനയിൽ കണ്ടെത്തിയിരിക്കുന്നത്. നിലവിൽ വിപണിയിലുള്ള ഗുണനിലവാരമില്ലാത്ത ഉല്പന്നങ്ങളെ മടക്കി അയക്കണമെന്ന നിർദേശം നൽകാനും സാദ്ധ്യതയുണ്ട്. എവറസ്റ്റിന്റെ എഗ് കറി മസാല, ചിക്കൻ മസാല, ഗരം മസാല എന്നിവയിലും ക്രമക്കേടുകൾ കണ്ടെത്തിയിട്ടുണ്ടെങ്കിലും ഇവ നിലവിൽ നിരോധിച്ചിട്ടില്ല.
ഒരു ഉപഭോക്താവിന്റെ പരാതിയെ തുടർന്ന് മുംബയിലെയും ഗുജറാത്തിലെ ഉംബർഗാവിലെയും നിർമാണ യൂണിറ്റുകളിൽ നിന്ന് ശേഖരിച്ച സാമ്പിളുകളാണ് പരിശോധിച്ചത്. എഫ്എസ്എസ്എഐയുടെ മാനദണ്ഡം അനുസരിച്ചുള്ള നിയമങ്ങൾ പാലിക്കാത്തതിനെത്തുടർന്നാണ് ബ്രാൻഡുകൾക്കെതിരെ കർശന നടപടി സ്വീകരിച്ചത്.
എൽ.ജി കായപ്പൊടിയിൽ അനുവദനീമായതിനേക്കാൾ സ്റ്റാർച്ച് അടങ്ങിയിട്ടുള്ളതായി പരിശോധനയിൽ കണ്ടെത്തുകയായിരുന്നു. നിയമമനുസരിച്ച് കായത്തിൽ ഭാരത്തിന്റെ ഒരുശതമാനത്തിൽ കൂടുതൽ സ്റ്റാർച്ച് ഉൾപ്പെടുത്താൻ പാടില്ല. എന്നാൽ 15 ശതമാനം മുതൽ 32ശതമാനം വരെ സ്റ്റാർച്ച് വരെയാണ് എൽ.ജി കായപ്പൊടിയിൽ കണ്ടെത്തിയത്.
കൂടാതെ, കായം പൊടിയിൽ കുറഞ്ഞത് അഞ്ച് ശതമാനം എങ്കിലും 'ആൽക്കഹോൾ സോള്യൂബിൾ എക്സ്ട്രാക്റ്റ്' ഉണ്ടായിരിക്കണമെന്നാണ്. എന്നാൽ എവറസ്റ്റിന്റെ പരിശോധിച്ച സാമ്പിളുകളിൽ ഇത് പൂജ്യം മുതൽ മൂന്ന് ശതമാനം വരെ മാത്രമാണ് കണ്ടെത്തിയത്. മാനദണ്ഡങ്ങൾ പാലിക്കുന്നത് സംബന്ധിച്ച് വ്യക്തമായ ആക്ഷൻ പ്ലാൻ സമർപ്പിക്കാനും നിയമലംഘനം വിശദീകരിക്കാനും ഇരുകമ്പനികൾക്കും എഫ്എസ്എസ്എഐ നിർദേശം നൽകി. ഭക്ഷ്യസുരക്ഷാ നിയമപ്രകാരമുള്ള മാനദണ്ഡങ്ങൾ പാലിക്കുന്ന ഉല്പന്നങ്ങൾ മാത്രമേ ഇനി നിർമിക്കുകയും വിൽക്കുകയും ചെയ്യുന്നുള്ളൂവെന്ന് ഉറപ്പാക്കണമെന്നും അതോറിറ്റി നിർദേശിച്ചു.
The Food Safety and Standards Authority of India (FSSAI) has banned asafoetida products from Everest and LG brands. Laboratory tests revealed these products failed to meet quality standards, citing issues like mislabeling, excessive starch in LG, and insufficient alcohol-soluble extract in Everest. The ban is effective immediately, with FSSAI also requesting action plans from the companies.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |