
ന്യൂഡൽഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ളാസ് പരീക്ഷാഫലം കഴിഞ്ഞദിവസമാണ് പുറത്തുവന്നത്. കഴിഞ്ഞ തവണത്തേക്കാൾ ഇത്തവണ വിജയശതമാനം കുറവായിരുന്നു. നന്നായി പരീക്ഷ എഴുതിയെങ്കിലും പ്രതീക്ഷിച്ച മാർക്കുകിട്ടിയില്ലെന്ന് പല വിദ്യാർത്ഥികളും രക്ഷിതാക്കളും പരാതി പറയുന്നുണ്ട്. ഇത്തവണ തിടുക്കപ്പെട്ട് നടപ്പാക്കിയ ഓൺസ്ക്രീൻ മാർക്കിംഗ് സിസ്റ്റത്തെയാണ് ഇവരെല്ലാം പ്രതിക്കൂട്ടിൽ നിറുത്തുന്നത്.
മൂല്യനിർണയത്തിലെ പിശകുകൾ പൂർണമായും ഒഴിവാക്കുന്ന രീതിയാണെന്നാണ് ഇതെന്നാണ് അധികൃതർ അവകാശപ്പെടുന്നത്. എന്നാൽ ഇത്തവണ തിടുക്കപ്പെട്ട് ഡിജിറ്റൽ മൂല്യനിർണയം നടപ്പാക്കിയതാണ് പ്രശ്നങ്ങൾക്ക് കാരണമെന്നാണ് അദ്ധ്യാപകരും വിദ്യാർത്ഥികളും ആരോപിക്കുന്നത്. മൂല്യനിർണയത്തിലെ പ്രശ്നങ്ങൾക്കിടയാക്കിയ ചില ഘടകങ്ങളെക്കുറിച്ച് വ്യക്തമാക്കുകയാണ് കഴിഞ്ഞ 17 വർഷമായി സിബിഎസ്ഇ ഉത്തരക്കടലാസുകൾ മൂല്യനിർണയം നടത്തുന്ന അദ്ധ്യാപകനായ സഞ്ജീവ് ഝാ. മാർക്ക് കുറഞ്ഞുപോയെന്ന വ്യാപകമായ പരാതികൾ സിബിഎസ്ഇ വിദ്യാർത്ഥികൾക്കിടയിൽ ഉയരുന്നത് ഇതാദ്യമാണെന്നും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്.
മുന്നൊരുക്കങ്ങൾ ഒന്നുമില്ലാതെ ഓൺസ്ക്രീൻ മാർക്കിംഗ് സിസ്റ്റം (ഉത്തരക്കടലാസുകൾ നേരിട്ട് നോക്കുന്നതിനുപകരം അവയുടെ സ്‌കാൻ ചെയ്ത പകർപ്പുകൾ കമ്പ്യൂട്ടർ സ്ക്രീനിൽ നോക്കി മാർക്കിടുന്ന രീതി) നടപ്പാക്കിയതാണ് പ്രശ്നങ്ങൾക്ക് പ്രധാന കാരണമെന്നാണ് അദ്ദേഹം പറയുന്നത്. മൂല്യനിർണ്ണയം ആരംഭിക്കുന്നതിന് ഒരു മാസം മുമ്പ് മാത്രമാണ് അദ്ധ്യാപകരെ ഓൺസ്ക്രീൻ മാർക്കിംഗ് സിസ്റ്റത്തെക്കുറിച്ച് അറിയിച്ചതെന്നും ഇത്രയും വലിയൊരു സംവിധാനം തിടുക്കത്തിൽ നടപ്പിലാക്കാൻ പാടില്ലായിരുന്നു എന്നും അദ്ദേഹം പറയുന്നു.
ഉത്തരക്കടലാസുകൾ സ്‌കാൻചെയ്യുന്നതിനിടെയുള്ള സാങ്കേതിക പ്രശ്നങ്ങളും മൂല്യനിർണ്ണയത്തെ ബാധിച്ചിരിക്കാമെന്നും ഝാ പറഞ്ഞു. 'ചില സന്ദർഭങ്ങളിൽ സ്‌കാൻ ചെയ്ത പേജുകൾ അവ്യക്തമോ വായിക്കാൻ ബുദ്ധിമുട്ടുള്ളതോ ആയിരുന്നു. ഇതുമൂലം കോമ, ഫുൾ സ്റ്റോപ്പുകൾ തുടങ്ങിയ ചിഹ്നങ്ങൾ ശരിയായി തിരിച്ചറിയാൻ കഴിയാതെ വന്നിരുന്നു. ചില ഉത്തരക്കടലാസുകളിലെ വരികൾ പലതും വ്യക്തമാകാതിരുന്നു. എഴുതാൻ ഉപയോഗിച്ച മഷിയുടെ പ്രത്യേകത കൊണ്ടാവാം ഇങ്ങനെ വന്നത്. ഉത്തരങ്ങൾ വ്യക്തമായി വായിച്ചെടുക്കാൻ മൂല്യനിർണയം നടത്തിയവർക്ക് ഇതുമൂലം കഴിഞ്ഞിട്ടുണ്ടാവില്ല'- അദ്ദേഹം പറഞ്ഞു. പുതിയ മൂല്യനിർണയത്തെക്കുറിച്ചോ, എങ്ങനെയാണ് പരീക്ഷ എഴുതേണ്ടതെന്നോ വിദ്യാർത്ഥികൾക്ക് ഒരുതരത്തിലുള്ള പരിശീലനവും നൽകിയിരുന്നില്ല. ഇത് ഒരിക്കലും അംഗീകരിക്കാൻ കഴിയുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.
വേണ്ടത്ര കമ്പ്യൂട്ടർ പരിജ്ഞാനം ഇല്ലാത്ത അദ്ധ്യാപകർ ഓൺസ്ക്രീൻ മാർക്കിംഗ് നടത്തിയതും മാർക്ക് കുറയുന്നതിന് കാരണമായിട്ടുണ്ടാകാമെന്നും ചില രക്ഷിതാക്കൾ ചൂണ്ടിക്കാട്ടി. സ്കാൻ ചെയ്യുമ്പോൾ വ്യക്തമാകുന്ന തരത്തിൽ എങ്ങനെ ഉത്തരമെഴുതാം എന്ന് വിദ്യാർത്ഥികൾക്ക് ഒരുതരത്തിലുള്ള പരിശീലനവും നൽകിയിരുന്നില്ല എന്നും അവർ വ്യക്തമാക്കുന്നു. ഈ വർഷം പരീക്ഷയെഴുതുന്ന വിദ്യാർത്ഥികൾക്കും ഇത്തരമൊരു പരീശീലനം നൽകാൻ സിബിഎസ്ഇ തയ്യാറാകുന്നത് നന്നായിരിക്കുമെന്നും അവർ പറയുന്നുണ്ട്.
നീറ്റ് പരീക്ഷയിലെ ചോദ്യപേപ്പർ ചോർച്ച തടയാനുള്ള നടപടികളാണ് സർക്കാർ അദ്യം നടപ്പാക്കേണ്ടതെന്നും ആവശ്യമായ പരിശീലനം നൽകാതെ ഓൺസ്ക്രീൻ മാർക്കിംഗ് പോലുളള രീതികൾ നടപ്പാക്കി വിദ്യാർത്ഥികളുടെ ഭാവി പന്താടരുതെന്നും അവർ ആവശ്യപ്പെടുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |