SignIn
Kerala Kaumudi Online
Thursday, 14 May 2026 5.50 PM IST

48 മണിക്കൂർ, മൂന്ന് സുപ്രധാന തീരുമാനങ്ങൾ; കേന്ദ്രസർക്കാരിന്റെ അടുത്ത നീക്കം ഇന്ധന വില വർദ്ധനവ്?

fuel-price

ന്യൂഡൽഹി: സ്വർണത്തിനും വെള്ളിക്കും ഇറക്കുമതി തീരുവ വർദ്ധിപ്പിച്ചു, പാലിന് വില കൂട്ടി, സെപ്തംബർ വരെ പഞ്ചസാര കയറ്റുമതി റദ്ദാക്കി. രാജ്യത്ത് രണ്ട് ദിവസത്തിനിടെ മൂന്ന് സുപ്രധാന സാമ്പത്തിക തീരുമാനങ്ങളാണ് കൈക്കൊണ്ടത്. അടുത്തത് ഇന്ധനവില വർദ്ധനവാണോയെന്ന ആശങ്ക ഉയരുകയാണ്. പശ്ചിമേഷ്യൻ സംഘർഷത്തിൽ ഏറ്റവും കൂടുതൽ ആഘാതം നേരിട്ട രാജ്യങ്ങളിലൊന്ന് ഇന്ത്യയാണെന്ന പശ്ചാത്തലത്തിലാണിത്. എന്നാൽ പെട്രോൾ, ഡീസൽ വില വർദ്ധിപ്പിക്കുമെന്ന ഒരു സൂചനയും കേന്ദ്രം ഇതുവരെ നൽകിയിട്ടില്ല.

രാജ്യത്ത് ഇന്ധനശേഖരമുണ്ടെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നുമാണ് പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി വ്യക്തമാക്കിയത്. എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇന്ധനച്ചെലവ് കുറയ്ക്കാനുള്ള ആഹ്വാനം ഒരു പുതിയ തുടക്കമായി കാണാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.'75 ദിവസമായി യുദ്ധം തുടരുകയാണ്. എന്നാൽ നാലുവർഷത്തിനിടെ രാജ്യത്ത് ഇന്ധനവില വർദ്ധിപ്പിച്ചിട്ടില്ല. തിരഞ്ഞെടുപ്പ് കഴിഞ്ഞതിനാൽ വില കൂട്ടുമെന്നാണ് ആളുകൾ പറയുന്നത്. വില ഉയരില്ല എന്നല്ല പറയുന്നത്. പക്ഷേ വില വർദ്ധനവും തിരഞ്ഞെടുപ്പും തമ്മിൽ ബന്ധമില്ല'- ഹർദീപ് സിംഗ് പുരി പറഞ്ഞു.

മൂന്ന് സുപ്രധാന തീരുമാനങ്ങൾ

സ്വർണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ 15 ശതമാനമായി ഉയർത്തിയതാണ് കേന്ദ്രസർക്കാരിന്റെ ആദ്യ പ്രധാന നീക്കം. പശ്ചിമേഷ്യൻ പ്രതിസന്ധി കാരണം അസംസ്കൃത എണ്ണ വില കുതിച്ചുയർന്നതിനാൽ അത്യാവശ്യമല്ലാത്ത ഇറക്കുമതികൾ നിരുത്സാഹപ്പെടുത്തുക, വിദേശനാണ്യ കരുതൽ ശേഖരത്തിലുള്ള സമ്മർദ്ദം കുറയ്ക്കുക, വർദ്ധിച്ചുവരുന്ന വ്യാപാര കമ്മി നിയന്ത്രിക്കുക എന്നിവയാണ് ലക്ഷ്യമെന്നാണ് സർക്കാർ വൃത്തങ്ങൾ അറിയിച്ചത്.

അസംസ്കൃത എണ്ണ കൂടുതലും ഇന്ത്യ ഇറക്കുമതി ചെയ്യുന്നവയാണ്. എണ്ണവില വർദ്ധനവ് രാജ്യത്തിന്റെ ഇറക്കുമതി ബില്ലിനെയും രൂപയെയും നേരിട്ട് ബാധിക്കുന്നു. വിദേശ സാമ്പത്തിക സമ്മർദ്ദ സമയങ്ങളിൽ വിദേശനാണ്യത്തിൽ ലാഭം നേടുന്നതിനും ഊർജ്ജം പോലുള്ള അവശ്യ ഇറക്കുമതികൾക്ക് മുൻഗണന നൽകുന്നതിനും സ്വർണ്ണം പോലുള്ള ആഡംബര ഇറക്കുമതികൾക്ക് ഉയർന്ന തീരുവ ഏർപ്പെടുത്താറുണ്ടെന്ന് സാമ്പത്തിക വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.

പാൽവില വർദ്ധനവാണ് രണ്ടാമത്തേത്. മദർ ഡയറി, അമുൽ എന്നിവയുൾപ്പെടെയുള്ള പ്രമുഖ പാലുൽപ്പന്ന ബ്രാൻഡുകളാണ് വില കൂട്ടിയത്. പാക്കറ്റിന് ഒരു രൂപ മുതൽ അഞ്ച് രൂപ വരെയാണ് വർദ്ധിപ്പിച്ചത്. ഇന്ന് മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വന്നു. ആഗോളതലത്തിൽ ഇന്ധന വില ഉയരുന്നത് ദൈനംദിന അവശ്യവസ്തുക്കളെയും സ്വാധീനിക്കാൻ തുടങ്ങിയതായി വ്യവസായ വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു.

പഞ്ചസാര കയറ്റുമതി താത്‌കാലികമായി നിർത്തലാക്കാനുള്ള മൂന്നാമത്തെ സുപ്രധാന തീരുമാനം ആഭ്യന്തര വിതരണങ്ങൾ സംരക്ഷിക്കുന്നതിനും പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനും ഷിപ്പിംഗ് റൂട്ടുകളിലെ തടസങ്ങൾ ഒഴിവാക്കുന്നതിനും വർദ്ധിച്ചുവരുന്ന ചരക്ക് ചെലവുകൾ നിയന്ത്രിക്കുന്നതിനുമാണെന്ന് അധികൃതർ വ്യക്തമാക്കുന്നു. ഉപഭോക്താക്കൾക്കും ഭക്ഷ്യ നിർമ്മാതാക്കൾക്കും ഒരു സംരക്ഷണ നടപടിയായാണ് കയറ്റുമതി നിരോധനം ഏർപ്പെടുത്തുന്നത്.

വിഭവങ്ങൾ സംരക്ഷിക്കുന്നതിലും പണപ്പെരുപ്പം നിയന്ത്രിക്കുന്നതിലും ദീർഘകാല ആഗോള അനിശ്ചിതത്വത്തിന് തയ്യാറെടുക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചുള്ള സർക്കാർ തന്ത്രത്തെയാണ് ഈ മൂന്ന് സുപ്രധാന തീരുമാനങ്ങളും പ്രതിഫലിപ്പിക്കുന്നതെന്ന് വിശകലന വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.

അസംസ്‌കൃത എണ്ണ ലഭ്യതയിലാണ് ഏറ്റവും വലിയ ആശങ്ക ഉയരുന്നത്. അസംസ്കൃത എണ്ണ ആവശ്യകതയുടെ 85 ശതമാനത്തിലധികവും ഇന്ത്യ ഇറക്കുമതി ചെയ്യുന്നവയാണ്. ഹോ‌ർമുസ് കടലിടുക്കിലെ പ്രതിസന്ധി ഇറക്കുമതിയെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്.

ചില്ലറ ഇന്ധന വില ഇതുവരെ ഉയർത്തിയിട്ടില്ലെങ്കിലും അന്താരാഷ്ട്ര ക്രൂഡ് ഓയിൽ വിലയിലെ വർദ്ധനവും ഷിപ്പിംഗ് ചെലവിലെ വർദ്ധനവും കാരണം എണ്ണ വിപണന കമ്പനികൾ കനത്ത സമ്മർദ്ദം നേരിടുന്നതായി റിപ്പോർട്ടുണ്ട്. ക്രൂഡ് ഓയിൽ വില കുതിച്ചുയരുന്ന സാഹചര്യത്തിൽ എണ്ണ വിപണന കമ്പനികൾക്ക് മുന്നിൽ രണ്ട് വഴികൾ മാത്രമാണുള്ളത്. ഒന്നുങ്കിൽ ഉപഭോക്താക്കൾക്കുള്ള ഇന്ധന വില ഉയർത്തുക അല്ലെങ്കിൽ ഭാരം സ്വയം വഹിക്കുക. പെട്രോൾ, ഡീസൽ വില വർദ്ധനവ് ഒഴിവാക്കാനാകാത്ത സാഹചര്യത്തിലെത്തുന്നതായി സാമ്പത്തിക വിദഗ്ദ്ധരും വ്യവസായ വിദഗ്ദ്ധരും അഭിപ്രായപ്പെടുന്നു.

Add as a preferred source on Google
TAGS: FUEL PRICE, PRICEHIKE, FUEL PRICE HIKE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360