
മുംബയ്: മോഷണ ശ്രമം ചെറുക്കുന്നതിനിടെ കുത്തേറ്റ് ചികിത്സയിലായിരുന്ന നടൻ സെയ്ഫ് അലി ഖാൻ ആശുപത്രി വിട്ടു. മുംബയ് ലീലാവതി ആശുപത്രിയിൽ നിന്ന് ഇന്നലെ വൈകിട്ടോടെ ബാന്ദ്രയിലെ 'സത്ഗുരു ശരൺ' എന്ന വീട്ടിലേക്ക് പോയി. വീടിനടുത്തേക്ക് സെയിഫ് വരുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സെയിഫിന്റെ മൊഴി പൊലീസ് പിന്നീട് രേഖപ്പെടുത്തും.
സെയ്ഫിന്റെ ഭാര്യയും നടിയുമായ കരീന കപൂർ, മകൾ സാറാ അലി ഖാൻ എന്നിവർ ഇന്നലെ രാവിലെ ആശുപത്രിയിലെത്തി. ഉച്ചയോടെ ഡിസ്ചാർജ് ചെയ്‌തെങ്കിലും നടപടിക്രമങ്ങൾ പൂർത്തിയാക്കിയപ്പോൾ വൈകിട്ടായി.
ആറ് ദിവസത്തിനുശേഷമാണ് സെയ്ഫ് ആശുപത്രി വിട്ടത്. ഡിസ്ചാർജ്ജ് ചെയ്തതനുസരിച്ച് ആശുപത്രി പരിസരത്ത് ആരാധകർ തടിച്ചുകൂടി. പൊലീസ് കനത്ത സുരക്ഷ ഒരുക്കിയിരുന്നു. സെയ്ഫ് അക്രമം നടന്ന വീട്ടിലേത്ത് ഉടൻ പോകില്ലെന്നാണ് റിപ്പോർട്ട്. നിലവിൽ പോയിരിക്കുന്ന ബാന്ദ്രയിലെ വീടിന് കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിട്ടുള്ളത്.സെയിഫിന് ഒരാഴ്ചത്തേക്ക് പൂർണ ബെഡ് റെസ്റ്ര് നിർദ്ദേശിച്ചിട്ടുണ്ട്. അണുബാധയുണ്ടാകാതെയിരിക്കാൻ സന്ദർശകരെ വിലക്കണമെന്നും ഡോക്ടർമാർ നിർദ്ദേശിച്ചു. സെയിഫിനെ കുത്തിയ ബംഗ്ലാദേശ് സ്വദേശി മഹമ്മദ് ഷെരീഫുൾ ഇസ്ലാം ഷെഹ്സാദിനെ പൊലീസ് കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. വിജയ് ദാസ് എന്ന വ്യാജപേരിലാണ് ഇയാൾ മുംബയിൽ കഴിഞ്ഞിരുന്നത്.
കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെയാണ് സെയ്ഫിനെ മോഷ്ടാവ് ആക്രമിച്ചത്. കഴുത്തിലും കൈയിലുമായി ആഴത്തിലുള്ള ആറ് മുറിവുകളാണ് സെയിഫിനുണ്ടായിരുന്നത്. ഗുരുതരാവസ്ഥയിലായിരുന്ന അദ്ദേഹത്തിന് അടിയന്തര ശസ്ത്രക്രിയ ഉൾപ്പെടെ നടത്തി.
അഭിവാദ്യം ചെയ്ത് സെയ്ഫ്
കറുപ്പ് പോർഷെ കാറിലാണ് താരം വീട്ടിലെത്തിയത്. വീടിന് പുറത്ത് കൂടി നിന്നവരെ അഭിവാദ്യം ചെയ്തു. നീല ജീൻസും വെള്ള ഷർട്ടും കറുപ്പ് സൺഗ്ലാസും ധരിച്ച അദ്ദേഹം നടന്നുപോകുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. കൈയിൽ ഒരു ബാൻഡേജും കഴുത്തിൽ മുറിവേറ്റതിന്റെ പാടും കാണാം. താരത്തിന്റെ വീടിന് സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |