
ചെന്നൈ: നടി തൃഷയ്‌ക്കെതിരായ ദ്വയാർത്ഥ പരാമർശ കേസിൽ ഡി.എം.കെ നേതാവും പ്രതിപക്ഷ നേതാവുമായ ഉദയനിധി സ്റ്റാലിനെ വിജയ് സർക്കാരിന്റെ പൊലീസ് വീട്ടിൽ കയറി അറസ്റ്റു ചെയ്തു. ചെന്നൈയിൽ നിന്ന് 341 കിലോമീറ്റർ അകലെയുള്ള തഞ്ചാവൂർ സെങ്കിപെട്ടി സ്റ്റേഷനിൽ റോഡ് മാർഗം എത്തിച്ചശേഷം ജാമ്യത്തിൽ വിട്ടു.
ഇന്നലെ രാവിലെ 10.45 ഓടെയായിരുന്നു അറസ്റ്റ്.
രാത്രി ഏഴോടെ സെങ്കിപെട്ടി പൊലീസ് സ്റ്റേഷനിലെത്തിച്ചു. ഒരു മണിക്കൂർ ചോദ്യം ചെയ്ത ശേഷമാണ് വിട്ടയച്ചത്. അപ്പോഴേക്കും സ്റ്റേഷനിലേക്കുള്ള റോഡുകളിലെല്ലാം ഡി.എം.കെ പ്രവർത്തകർ ഇരച്ചെത്തിയിരുന്നു. തുറന്ന വാഹനത്തിൽ ഉദയനിധി അവരെ അഭിവാദ്യം ചെയ്തു. കാവേരി നദീജല വിഷയത്തിൽ സംസ്ഥാന സർക്കാരിനെതിരെ ഡി.എം.കെ തഞ്ചാവൂരിൽ തിങ്കളാഴ്ച സംഘടിപ്പിച്ച പ്രതിഷേധ യോഗത്തിൽ സംസാരിക്കുമ്പോൾ നടത്തിയ പരാമർശമാണ് ഉദയനിധിക്ക് കുരുക്കായത്. തൃഷയെ മുഖ്യമന്ത്രി വിജയ്‌യുമായി ചേർത്ത് അപകീർത്തികരമായി പ്രസംഗിച്ചെന്ന പരാതിയിൽ തഞ്ചാവൂർ ഈസ്റ്റ് പൊലീസാണ് കേസെടുത്തത്.
തഞ്ചാവൂരിൽ നിന്ന് തിങ്കളാഴ്ച രാത്രിയാണ് ഉദയനിധി നീലങ്കരൈയിലെ വീട്ടിലെത്തിയത്.
രാവിലെ അറസ്റ്രുണ്ടാകുമെന്ന സൂചനയെ തുടർന്ന് മുൻകൂർ ജാമ്യത്തിന് ശ്രമിച്ചു. അപ്പോഴേക്കും പൊലീസ് വീട്ടിലെത്തി. ഇതോടെ സ്ഥലത്തുണ്ടായിരുന്ന ഡി.എം.കെ പ്രവർത്തകർ പൊലീസ് വാഹനത്തിന് വലയം തീർത്തു. പണിപ്പെട്ടാണ് ഉദയനിധിയെ പൊലീസ് വാനിൽ കയറ്റിയത്. വഴിയിലുടനീളം ഡി.എം.കെ പ്രവർത്തകർ വാഹനം തടയാൻ ശ്രമിച്ചു. നൂറിലേറെ പേർ അറസ്റ്രു വരിച്ചു.
ഉദയനിധിയെ സ്റ്റേഷൻ ജാമ്യത്തിൽ വിടാൻ മദ്രാസ് ഹൈക്കോടതി ജസ്റ്റിസ് ജി.കെ. ഇളന്തിരയ്യൻ ഉച്ചയോടെ ഉത്തരവിട്ടു. അറസ്റ്റ് രേഖപ്പെടുത്തിയശേഷം ജാമ്യത്തിൽ വിടുമെന്ന് തമിഴ്‌നാട് സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഉദയനിധിയെ റിമാൻഡ് ചെയ്യേണ്ട കാര്യമില്ലെന്നും അഡ്വക്കേറ്റ് ജനറൽ വിജയ് നാരായൺ കോടതിയെ ബോധിപ്പിച്ചു.
നടപടി കോമഡി: ഉദയനിധി
പൊലീസ് നടപടി ഒരു 'കോമഡി"യാണെന്ന് ഉദയനിധി സ്റ്റാലിൻ മാദ്ധ്യമങ്ങളോടു പറഞ്ഞു. കാവേരി നദിയെ കുറിച്ചു മാത്രമാണ് താൻ പറഞ്ഞത്. ഒരിക്കലും പറഞ്ഞിട്ടില്ലാത്ത കാര്യങ്ങൾ ഉന്നയിച്ചാണ് അറസ്റ്റ് ചെയ്യുന്നത്. ഭരണകക്ഷിയായ ടി.വി.കെ സർക്കാർ റീലുകളിൽ ജീവിക്കുകയാണ്. അറസ്റ്റിനെതിരെ നിയമ നടപടി സ്വീകരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |