SignIn
Kerala Kaumudi Online
Wednesday, 05 August 2026 3.52 AM IST

ലൈംഗികാതിക്രമത്തിൽ പരമോന്നത മാർഗരേഖ: കുറ്റപ്പെടുത്തേണ്ട, അവർ അതിഥി

READ ENGLISH VERSION
supreme-court-

ന്യൂഡൽഹി: ലൈംഗികാതിക്രമക്കേസിലെ ഇരയെ കോടതിയുടെ അതിഥിയായി കാണണമെന്നും,​മോശം പരാമർശം വേണ്ടെന്നും ജഡ്‌ജിമാർക്ക് സുപ്രിം കോടതി മാർഗരേഖ. നാഷണൽ ജുഡിഷ്യൽ അക്കാഡമി രൂപീകരിച്ച, സുപ്രീം കോടതി റിട്ട. ജഡ്ജി അനിരുദ്ധ ബോസ് അദ്ധ്യക്ഷനായ വിദഗ്ദ്ധ സമിതിയാണ് മാർഗ രേഖ തയാറാക്കിയത്.

ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അദ്ധ്യക്ഷനായ ബെഞ്ച് അതംഗീകരിച്ചു. പ്രതിഭാഗം അഭിഭാഷകരുടെ അധിക്ഷേപിക്കലിന് ഇരയെ വിട്ടു കൊടുക്കരുത്. മൊഴിയെടുക്കാൻ മണിക്കൂറുകൾ കാത്തിരിക്കുന്ന സാഹചര്യമുണ്ടാക്കരുത്. രഹസ്യ വിചാരണ ഉറപ്പാക്കണം. സംഭവ സമയത്ത് ഇര എന്തിന് അവിടെ പോയി, എന്തുകൊണ്ട് പ്രത്യേക വസ്ത്രം ധരിച്ചു, പരാതിപ്പെടാൻ വൈകിയത് എന്തു കൊണ്ട്, ബന്ധുവായ പുരുഷൻ കൂടെയുണ്ടായിരുന്നില്ലേ തുടങ്ങിയ ചോദ്യങ്ങളുന്നയിച്ച് കുറ്റപ്പെടുത്തരുത്. അനുമതിയുണ്ടായിരുന്നോ എന്നത് മാത്രമാണ് പ്രധാനം. ഇരയുടെ വസ്ത്രധാരണമല്ല,​ തെളിവുകളാണ് വിധിക്ക് അടിസ്ഥാനമാകേണ്ടത്. ഇര എങ്ങനെ പെരുമാറേണ്ടിയിരുന്നുവെന്ന മുൻവിധികളും പാടില്ല. ഇരയുടെ സദാചാര ബോധം, മാന്യത, സ്വഭാവം എന്നിവയെ കുറിച്ച് പരാമർശം നടത്തരുത്.

 "അതിജീവിത" ഓ‌ർമ്മ വേണം

ഇരകളെ അബലയായ സ്ത്രീ, നിസഹായയായ പെൺകുട്ടി, കന്യകാത്വം നഷ്‌ടപ്പെട്ടവൾ, മറ്റൊരാളുടെ കാമവികാരത്തിന് ഇരയായവൾ എന്നിങ്ങനെ വിളിക്കരുത്. സ്ത്രീത്വത്തെ അപമാനിച്ചു, അവളുടെ ജീവിതം തകർത്തു, അവളുടെ ബാല്യം നശിപ്പിച്ചു തുടങ്ങിയ പ്രയോഗങ്ങളും നടപടികളിൽ വേണ്ട. സ്ത്രീയുടെ 'മാനം', 'ലജ്ജ', 'പവിത്രത',​ 'നാണം' എന്നിങ്ങനെ സൂചിപ്പിച്ചുള്ള പരാമർശം പാടില്ല. വേശ്യ,​ വീണുപോയ സ്ത്രീ,​ വെപ്പാട്ടി,​ കോൾ ഗേൾ പരാമർശങ്ങളും വിലക്കി. ലൈംഗിക തൊഴിലാളിയെന്ന് പറയാം. സ്ത്രീയുടെ അന്തസും ഭരണഘടനാപരമായ അവകാശങ്ങളും അംഗീകരിക്കുന്ന വാക്കുകൾ ഉപയോഗിക്കണം.

കാരണമായ വിധി

മാറിടത്തിൽ സ്‌പർശിക്കുന്നതും പൈജാമയുടെ ചരടു പൊട്ടിക്കുന്നതും മാനഭംഗമോ മാനഭംഗശ്രമമോ അല്ലെന്ന് ഉത്തർപ്രദേശിലെ പീഡനക്കേസിൽ അലഹബാദ് ഹൈക്കോടതി വിധിച്ചത്.

സുപ്രീംകോടതി സ്വമേധയാ ഇടപെട്ട് വിധി റദ്ദാക്കി.

ഈ വിധിയുടെ പശ്ചാത്തലത്തിൽ,​ ലൈംഗികപീഡന കേസുകളിൽ കോടതികൾ പുലർത്തേണ്ട ജാഗ്രത സംബന്ധിച്ച് മാ‌ർഗരേഖ തയ്യാറാക്കാൻ അക്കാഡമിയെ നിയോഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SUPREMECOURT, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360