
ന്യൂഡൽഹി: തായ്‌ലാൻഡിലെ ഫുക്കെറ്റിൽ നിന്ന് ന്യൂഡൽഹിയിലേക്ക് വരികയായിരുന്ന എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽപ്പെട്ട് പത്ത് യാത്രികരടക്കം 12 പേർക്ക് പരിക്ക്. ആരുടെയും നില ഗുരുതരമല്ല. ഇന്നലെ രാവിലെയായിരുന്നു സംഭവം. ഡൽഹിയിലേക്കുള്ള യാത്രാമദ്ധ്യേ എയർബസ് എ 320 വിമാനം പൊടുന്നനെ 300 അടി താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. വിദേശികൾ അടക്കം 134 യാത്രക്കാരുണ്ടായിരുന്നു.
പിന്നീട് പതിനൊന്നോടെ വിമാനം സുരക്ഷിതമായി ഡൽഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിൽ ഇറക്കാനായി. അറിയിപ്പ് ലഭിച്ചതിനെ തുടർന്ന് മെഡിക്കൽ സംഘം സജ്ജമായിരുന്നു. ലാൻഡിംഗിന് പിന്നാലെ യാത്രികർക്ക് വിമാനത്താവളത്തിൽ വൈദ്യസഹായം നൽകി. പിന്നീട് പരിക്കേറ്റവരെ ഗുരുഗ്രാമിലെ മെദാന്ത ആശുപത്രിയിലേക്ക് മാറ്റി.
ആശങ്ക വേണ്ടെന്നും യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്നും എയർ ഇന്ത്യ അറിയിച്ചു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും കമ്പനി വൃത്തങ്ങൾ കൂട്ടിച്ചേർത്തു. അതേസമയം തനിക്കും സഹോദരനും ഗുരുതരമായി പരിക്കേറ്റെന്ന് വിമാനത്തിലുണ്ടായിരുന്ന പ്രിൻസ് ഛദ്ദ എന്ന യാത്രികൻ പിന്നീട് എക്സിൽ കുറിച്ചു. പലരെയും സ്‌ട്രെക്ചറിലും വീൽച്ചെയറിലുമാണ് കൊണ്ടുപോയതെന്നും അദ്ദേഹം കുറിച്ചു.
തന്റെ സഹോദരി സീറ്റിൽ നിന്ന് തെറിച്ചു പോയെന്നും ഒപ്പമുണ്ടായിരുന്ന അമ്മയുടെ തലയിൽ ശക്തമായ പ്രഹരമേറ്റെന്നും ഇറ്റലിയിൽ നിന്ന് ഡൽഹിയിലേക്ക് വരികയായിരുന്ന വിവിയാന എന്ന യാത്രികയും എക്സിൽ കുറിച്ചു. നിരവധിപ്പേർക്ക് ഗുരുതര പരിക്കേറ്റെന്നാണ് സഹയാത്രികരും പറയുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |