SignIn
Kerala Kaumudi Online
Wednesday, 05 August 2026 3.51 AM IST

ഉദയനിധിയുടെ അറസ്റ്റ്; തമിഴ്നാട്ടിൽ നാടകീയ രംഗങ്ങളുടെ രാപകൽ

d

ചെന്നൈ: പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിന്റെ അറസ്റ്റോടെ തമിഴ്നാട് രാഷ്ട്രീയം വീണ്ടും ചൂടുപിടിച്ചു. എതിർ ശബ്ദങ്ങളെ മുഖ്യമന്ത്രി വിജയ് അടിച്ചൊതുക്കാൻ ശ്രമിക്കുന്നുവെന്ന ആരോപണത്തിനിടെ, സ്ത്രീകളെ ഡി.എം.കെ നേതാക്കൾ ബഹുമാനിക്കുന്നില്ലെന്ന ആക്ഷേപവും ഉയർന്നു.

ഇന്നലെ പകലും രാവും നാടകീയ സംഭവങ്ങൾക്കാണ് തമിഴ്നാട് സാക്ഷ്യം വഹിച്ചത്.രാവിലെ പത്തേ മുക്കാലോടെയാണ് ചെന്നൈ നീലങ്കരൈയിലെ വീട്ടിൽ പൊലീസെത്തിയത്. മകൻ ഇൻപനിധിയെ കെട്ടിപ്പിടിച്ച് ഉമ്മ നൽകിയിട്ടാണ് ഉദയനിധി പൊലീസിനൊപ്പം പോയത്. അപ്പോഴേക്കും പ്രതിഷേധമുയർത്തി ഡി.എം.കെ പ്രവർത്തകരും നിറഞ്ഞിരുന്നു. ഉദയനിധിയുമായി പൊലീസ് വാൻ നീങ്ങിത്തുടങ്ങിയപ്പോൾ, തമിഴ്നാട്ടിലങ്ങോളമിങ്ങോളം ഡി.എം.കെ പ്രതിഷേധ പരിപാടികൾ ആരംഭിച്ചു.

മുൻ മുഖ്യമന്ത്രി ഒ.പനീർശെൽവം ഉൾപ്പെടെ പ്രതിഷേധവുമായെത്തി. തേനിയിൽ പ്രതിഷേധ പ്രകടനം നയിച്ച ഒ.പി.എസിനെ ഉൾപ്പെടെ പൊലീസ് അറസ്റ്റുചെയ്തു നീക്കി. ഉദയനിധിയുമായി തഞ്ചാവൂരിലേക്കു പോയ പൊലീസ് വാൻ പല സ്ഥലത്തും തടയാൻ ശ്രമിച്ചു. ഇടയ്ക്ക് പ്രകടനവുമായി ടി.വി.കെ പ്രവർത്തകരും എത്തിയതോടെ പൊലീസ് ഇടപെട്ടു. ഇതോടെ സംഘർഷം ഒഴിവായി. ഇതിനിടെ പാർട്ടി പ്രസിഡന്റ് എം.കെ.സ്റ്റാലിന്റെ അദ്ധ്യക്ഷതയിൽ ചെന്നൈ അറിവാലയത്തിൽ ഡി.എം.കെ നേതാക്കൾ യോഗം ചേർന്നു.

ഉച്ചയ്ക്ക് രണ്ടരയോടെ ഉദയനിധിയെ വിട്ടയയ്ക്കണമെന്ന ഹൈക്കോടതി വിധി വന്നതോടെയാണ് സ്ഥിതി ശാന്തം. എന്നിട്ടും കേസ് രജിസ്റ്റർ ചെയ്ത തഞ്ചാവൂർ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലേക്ക് ഉദയനിധിയുമായി പൊലീസിന് എത്താനായില്ല. എല്ലാ വഴികളിലും ഡി.എം.കെ പ്രവർത്തകർ നിറഞ്ഞിരുന്നു.സെങ്കിപെട്ടി സ്റ്രേഷനിലേക്ക് പോകാൻ ശ്രമിച്ചപ്പോൾ ഉദയനിധി എതിർത്തു. കേസ് രജിസ്റ്റർ ചെയ്ത സ്റ്റേഷനിലേക്കുതന്നെ പോകണമെന്ന് ആവശ്യപ്പെട്ടു. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ അനുനയവുമായി എത്തിയതോടെയാണ് ഉദയനിധി അയഞ്ഞത്. രാത്രി ഏഴോടെയാണ് ഉദയനിധിയെ പൊലീസ് ചോദ്യം ചെയ്യാൻ ആരംഭിച്ചത്.

'കാവേരി'യിൽ തുടങ്ങി തൃഷയിലെത്തി

തിങ്കളാഴ്ച തഞ്ചാവൂരിൽ നടന്ന ഡി.എം.കെ പ്രതിഷേധ യോഗത്തിൽ മുഖ്യമന്ത്രി വിജയ്‌യേയും തൃഷയേയും ബന്ധപ്പെടുത്തി ഉദയനിധി നടത്തിയ പരാമർശമാണ് അറസ്റ്റിലേക്കെത്തിയത്. ടി.വി.കെ മാത്രമല്ല, ബി.ജെ.പിയും ഉദയനിധിയെ വിമർശിച്ച് രംഗത്തെത്തി. കാവേരി നദീജല തർക്കം സർക്കാർ കൈകാര്യം ചെയ്ത രീതിയെ വിമർശിക്കവെയാണ് വിവാദപരാമർശമുണ്ടായത്: 'നമ്മുക്ക് 42 ടി.എം.സി ജലമാണ് കിട്ടേണ്ടത്. ഇതുവരെ ഒരു തുള്ളി

പോലും കിട്ടിയിട്ടില്ല. നമ്മുടെ മുഖ്യമന്ത്രിക്ക് ഇതിനെപ്പറ്റി വല്ല വേവലാതിയുമുണ്ടോ? അയാൾക്ക് ശ്രദ്ധ മുഴുവൻ ഒരു കാര്യത്തിലാണ്, ഡി.എം.കെയ്ക്കെതിരെ എന്തൊക്കെ കള്ളക്കേസുകൾ എടുക്കാം". ഇതിനിടെ പ്രവർത്തകർ 'തൃഷ, തൃഷ" എന്നു വിളിച്ചുപറഞ്ഞു. തുടർന്ന് വെള്ളവുമായി ബന്ധപ്പെട്ട് ഉദയനിധി പറഞ്ഞ പരാമർശമാണ് വിവാദമായത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NATIONAL, UDAYANIDHI STALIN, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360