
ന്യൂഡൽഹി: അടുത്ത വർഷമാണ് പഞ്ചാബിൽ നിയമസഭാ തിരഞ്ഞെടുപ്പ്. അധികാരത്തിൽ തിരിച്ചുവരാൻ ശ്രമിക്കുന്നതിനിടെ കോൺഗ്രസ് നേതൃത്വത്തിന് തലവേദനയാകുകയാണ് സംസ്ഥാനത്ത് പാർട്ടിയിലുള്ള ആഭ്യന്തര തർക്കങ്ങൾ. പി.സി.സി അദ്ധ്യക്ഷൻ അമരീന്ദർ സിംഗ് രാജാ വാറിംഗ്-മുൻ മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നി വിഭാഗങ്ങൾ ചേരി തിരിഞ്ഞ് നടത്തുന്ന വിഭാഗീയ പ്രവർത്തനങ്ങളാണ് നിലവിലെ പ്രശ്‌നം. ഹൈക്കമാൻഡ് കടുത്ത നടപടിയിലേക്ക് നീങ്ങുമെന്നാണ് സൂചന.
പി.സി.സി അദ്ധ്യക്ഷനായി അമരീന്ദർ സിംഗ് രാജാ വാറിംഗിനെ നിലനിറുത്താൻ ഹൈക്കമാൻഡ് തീരുമാനിച്ചതോടെയാണ് ചന്നി, പ്രതിപക്ഷ നേതാവ് പ്രതാപ് സിംഗ് ബാജ്‌വ, സുഖ്ജീന്ദർ സിംഗ് രൺധാവ തുടങ്ങിയവരുടെ നേതൃത്വത്തിൽ എതിർപ്പ് രൂക്ഷമായത്. തിരഞ്ഞെടുപ്പിന് മുമ്പ് മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കണമെന്നും വിമത പക്ഷം ആവശ്യപ്പെടുന്നു.
ജനസംഖ്യയുടെ 35-38 ശതമാനം വരുന്ന പട്ടികജാതി വിഭാഗങ്ങൾക്ക് പാർട്ടി നേതൃത്വത്തിൽ അർഹമായ പ്രാതിനിദ്ധ്യമില്ലെന്നാണ് ചന്നിയുടെ വാദം. പി.സി.സി അദ്ധ്യക്ഷൻ, പ്രതിപക്ഷ നേതാവ്, മഹിളാ കോൺഗ്രസ് അദ്ധ്യക്ഷ ഉൾപ്പെടെ ഉയർന്ന പദവികളിളെല്ലാം മുന്നാക്ക വിഭാഗങ്ങളാണെന്ന് അദ്ദേഹം ആരോപിക്കുന്നു. രാജാ വാറിംഗിന്റെ നേതൃത്വത്തെ ചോദ്യം ചെയ്ത് ഫിറോസ്പൂർ എം.പി ഷേർ സിംഗ് ഗുബായാ ഉൾപ്പെടെയുള്ളവർ രംഗത്തുവന്നത് തർക്കം രൂക്ഷമാക്കി. മുതിർന്ന നേതാക്കളെ ഒന്നിച്ചുകൊണ്ടുപോകാൻ അദ്ധ്യക്ഷന് സാധിക്കുന്നില്ലെന്നും എതിർ വിഭാഗം ആരോപിക്കുന്നു.
കടുത്ത നടപടി വന്നേക്കും
പഞ്ചാബ് നേതാക്കളുമായി ഡൽഹിയിൽ രാഹുൽ ഗാന്ധി, മല്ലികാർജ്ജുൻ ഖാർഗെ, എ.ഐ.സി.സി സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എന്നിവർ ചർച്ച നടത്തി പരസ്യമായ തർക്കങ്ങൾ പാടില്ലെന്ന് വ്യക്തമാക്കിയതാണ്. തുടർന്ന് പഞ്ചാബ് ചുമതലയുള്ള ഭൂപേഷ് ബഗേലിന്റെ നേതൃത്വത്തിൽ സമവായമുണ്ടാക്കാൻ നടത്തിയ ചർച്ചകൾ ഫലം കണ്ടിട്ടില്ല. 10ന് രാഹുൽ പഞ്ചാബ് സന്ദർശിക്കുമ്പോൾ കൂടുതൽ ചർച്ചകളുണ്ടായേക്കും. ചന്നി വഴങ്ങിയില്ലെങ്കിൽ കടുത്ത നടപടിക്ക് നേതൃത്വം മുതിർന്നേക്കും. പാർട്ടിക്ക് മുകളിലാണെന്ന് ആരും കരുതേണ്ടെന്ന് അടുത്തിടെ പഞ്ചാബിൽ നടന്ന റാലിയിൽ രാഹുൽ മുന്നറിയിപ്പ് നൽകിയിരുന്നു. ദളിത് നേതാവായ ചന്നി സമാനമായ സാഹചര്യത്തിൽ മുൻപ് പുറത്താക്കിയ മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗിനെപ്പോലെ ജനകീയനല്ലാത്തതിനാൽ തിരിച്ചടിയാകില്ലെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. അതേസമയം ഭരണവിരുദ്ധ വികാരമുണ്ടെങ്കിലും സംസ്ഥാനത്ത് ആംആദ്‌മി പാർട്ടി ഇപ്പോഴും ശക്തമാണ്. കൂടാതെ ബി.ജെ.പിയുടെയും ശക്തമായ സാന്നിദ്ധ്യമുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |